ADVERTISEMENT

5 സെന്റ് പ്ലോട്ടിൽ പണിയുന്ന വീട്ടിൽ എത്ര സൗകര്യങ്ങൾ പ്രതീക്ഷിക്കാം? വളരെ കുറച്ചുമാത്രമേ സാധാരണ എല്ലാവരും പ്രതീക്ഷിക്കുകയുള്ളൂ. എന്നാൽ തിരുവനന്തപുരം ബാലരാമപുരത്തുള്ള ജയചന്ദ്രന്റെയും കുടുംബത്തിന്റെയും വീട് വ്യത്യസ്തമാകുന്നത് ഇവിടെയാണ്.

ഒരിഞ്ചു പോലും നഷ്ടമാക്കാതെ, ഒരു 10 സെന്റിൽ പണിയുന്ന വീടിന്റെ അതേ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നു. നിയമപ്രകാരം വീടിനു ചുറ്റും ഒഴിച്ചിടേണ്ട സ്ഥലം വിട്ടുകഴിഞ്ഞപ്പോൾ 4 സെന്റിൽ താഴെയാണ് വീടിനായി ബാക്കിയായത്. പരമാവധി സ്ഥലം ഉപയുക്തമാക്കാൻ ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് എലിവേഷൻ ഒരുക്കിയത്. മുകളിലെ പുറംചുവരിൽ വുഡൻ ഫിനിഷ്ഡ് ക്ലാഡിങ് പതിച്ച് ഹൈലൈറ്റ് ചെയ്തു.

5-cent-home-tvm-night

പോർച്ച്, സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, സ്റ്റഡി ഏരിയ, ഗസീബോ, ബാൽക്കണി എന്നിവയാണ് 2250 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. കുറഞ്ഞ സ്ഥലത്ത് പരമാവധി വിശാലത തോന്നിക്കാൻ സെമി-ഓപ്പൺ നയത്തിലാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. വൈറ്റ്- വുഡൻ എർത്തി നിറങ്ങളാണ് അകത്തളങ്ങളിൽ ഉപയോഗിച്ചത്.

5-cent-home-tvm-living

പ്രധാനവാതിൽ തുറന്നു പ്രവേശിക്കുന്നത് ഒരു ഹാളിലേക്കാണ്. ലിവിങ്- ഡൈനിങ് സ്‌പേസുകൾ വേർതിരിക്കുന്നത് ടിവി വോളാണ്. മുകളിലേക്ക് കയറുക എന്ന ഫങ്ഷനു മാത്രം പ്രാധാന്യം കൊടുത്ത് ഡെഡ് സ്‌പേസ് ഒഴിവാക്കിയാണ് സ്‌റ്റെയർകേസ് വിന്യസിച്ചത്.

5-cent-home-tvm-hall

വീട്ടുകാർക്ക് ചുറ്റിലും ധാരാളം പച്ചപ്പ് വേണം എന്നുണ്ടായിരുന്നു എങ്കിലും സ്ഥലപരിമിതി തടസമായിരുന്നു. അങ്ങനെയാണ് കാർ പോർച്ചിനു മുകളിൽ ഒരു ഗസീബോ ഒരുക്കാം എന്ന ആശയം ഡിസൈനർ പങ്കുവച്ചത്. ഇപ്പോൾ വീട്ടുകാരുടെ ഫേവറിറ്റ് സ്‌പേസും ഈ പച്ചത്തുരുത്താണ്. ജിഐ+ ടഫൻഡ് ഗ്ലാസ് മേൽക്കൂര കൊടുത്തശേഷം ധാരാളം ചെടികളും സിറ്റിങ് സ്‌പേസും ഇവിടെ സജ്ജീകരിച്ചു.

5-cent-home-gaseebo-tvm

വീട്ടുകാർക്ക് എങ്ങനെയെങ്കിലും ഒരു കോർട്യാർഡ് സ്‌പേസ് വീട്ടിൽ വേണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് കുറഞ്ഞ സ്ഥലത്തും ഒരു സൈഡ് കോർട്യാർഡ് ചിട്ടപ്പെടുത്തിയത്. ഇവിടെ ബുദ്ധ പ്രതിമ നൽകി അലങ്കരിച്ചു. വശത്തെ വലിയ ഗ്ലാസ് ഭിത്തിയിലൂടെ പ്രകാശം ഉള്ളിലേക്ക് എത്തുന്നു.

5-cent-home-court-tvm

വൈറ്റ് ഗ്ലോസി വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ലൈറ്റുകൾ ഇതിൽ പ്രതിഫലിക്കുമ്പോൾ അകത്തളത്തിനു കൂടുതൽ വലുപ്പം തോന്നിക്കും എന്ന ഗുണവുമുണ്ട്. ഗൃഹനാഥന്റെ പഴയ തറവാട് പൊളിച്ചപ്പോൾ കിട്ടിയ തടി ഇവിടെ പുനരുപയോഗിച്ചിട്ടുണ്ട്. കിടപ്പുമുറിയുടെ ഹെഡ്ബോർഡിൽ ഇതാണുള്ളത്. കൂടാതെ മുകൾനിലയിൽ ഒരു ആട്ടുകട്ടിലും പഴയ തടി കൊണ്ട് പണിതതാണ്.

5-cent-home-tvm-dine

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ ഉൾക്കൊള്ളിച്ചു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ കൊടുത്തു.

പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് പാൻട്രി കിച്ചൻ. വറുക്കുമ്പോഴും പൊരിക്കുമ്പോഴും മണം മറ്റിടങ്ങളിലേക്ക് പരക്കാതിരിക്കാൻ സ്ലൈഡിങ് ഗ്ലാസ് ഡോറും ഇവിടെ കൊടുത്തിട്ടുണ്ട്. സമീപം വർക്കേരിയയും സജ്ജീകരിച്ചു.

Model

വീടിന്റെ പുറംചുവരിലും ചുറ്റുമതിലിലുമെല്ലാം പ്രൊഫൈൽ ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. സന്ധ്യ മയങ്ങുമ്പോൾ ഇവ കൺതുറക്കും. അപ്പോൾ വീട് കാണാൻ ഒരു പ്രത്യേക ലുക്ക് തന്നെയാണ്. ചുരുക്കത്തിൽ ഈ വീട്ടിലെ കാഴ്ചകൾ കണ്ടിറങ്ങിയാൽ, ഇത് വെറും 5 സെന്റിൽ നിർമിച്ച വീടാണെന്ന് വിശ്വസിക്കാൻ പാടുപെടും. സ്‌ട്രക്‌ചറും ഫർണിഷിങ്ങും സഹിതം 53 ലക്ഷം രൂപയാണ് വീടിനു ചെലവായത്. പരിമിതികൾക്കുള്ളിൽ ആഗ്രഹിച്ച പോലെയൊരു വീട് ലഭിച്ചതിൽ വീട്ടുകാരും ഹാപ്പി.

Model

 

Project facts

Location- Balaramapuram, Trivandrum

Plot- 5 cent

Area- 2250 SFT

Owner- Jayachandran

Design- Arun TG

Graphite Divine Homes, Trivandrum

Mob- 9895955955

Y.C- Jan 2021

Budget- 55 Lakhs

English Summary- Best House Plans in 5 cent Kerala; Veedu Magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com