ADVERTISEMENT

സാധാരണക്കാരുടെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ച് കുതിക്കുകയാണ് ഗൃഹനിർമാണച്ചെലവുകൾ. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ അഭിലാഷിന്റെ ദീർഘനാളത്തെ സ്വപ്‌നമായിരുന്നു ചെലവ് കുറഞ്ഞ ഒരു വീട്. പൊലീസിൽ ജോലി ലഭിക്കും മുൻപ് ദീർഘ വർഷങ്ങൾ ഫൊട്ടോഗ്രഫറായിരുന്നു അഭിലാഷ്. ആ കാലയളവിൽ ധാരാളം വീടുകൾ കണ്ടു ഗൃഹപാഠം ചെയ്തിരുന്നു. അത്തരം വിദ്യകൾ പ്രവർത്തികമാക്കിയാണ് 13 ലക്ഷത്തിനു അഭിലാഷ് തന്റെ സ്വപ്നഭവനം നിർമിച്ചത്. വീടിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇട്ടപ്പോൾ പലരും ബജറ്റിൽ അവിശ്വാസം പ്രകടപ്പിച്ചു. അതിനു മറുപടിയായി വീടിന്റെ കണക്കുകൾ അക്കമിട്ടു നിരത്തി അഭിലാഷ് എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്.. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം...

13 ലക്ഷം രൂപയ്ക്കാണ് ഈ വീട് ഈ കാണുന്ന രൂപത്തിൽ ആക്കിയത്. ഈ പോസ്റ്റ് കണ്ടപ്പോൾ പലരും കളിയാക്കി, ചിലർ പുച്ഛിച്ചു, ചിലർ അത്ഭുതപെട്ടു, ചിലർ അഭിനന്ദിച്ചു... എന്തൊക്കെ ആയാലും ഞാൻ എങ്ങനെയാണ് ഈ വീട് പണിതത് എന്നുള്ള വിശദമായ വിവരം വീടുപണിയാൻ ആഗ്രഹിക്കുന്നവർക്കായി ഷെയർ ചെയ്യാം...

ഈ വീട് 3.7 സെൻ്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് .തൊട്ടു മുന്നിൽ ടാർ ഇട്ട പഞ്ചായത്ത് റോഡ് ആയതു കൊണ്ട് മെറ്റീരിയൽസ്‌ എല്ലാം മുറ്റത്ത് എത്തും. ആകെ 1100 സ്ക്വയർഫീറ്റിൽ 3 ബെഡ് റൂം അറ്റാച്ച്ഡ്, ഹാൾ, സിറ്റൗട്ട്, ബാൽക്കണി, അടുക്കള എന്നിവയാണ് ഉള്ളത്. രണ്ട് റൂമിന്റെ വലുപ്പം 14 X 9 അടിയും മറ്റൊരു റൂമിൻ്റെ വലുപ്പം 10 x8 അടിയുമാണ് അടുക്കള 10 x8 ആണ്. ബാത്റൂമുകൾ എല്ലാം 6x 4 അടി ആണ്.വീടിന്റെ സ്ട്രക്ചർ സ്വന്തമായി ചെയ്തതാണ്.

വെള്ളം കയറുന്ന സ്ഥലം ആയതിനാൽ അടിത്തറ അൽപം ഉയർത്തി കെട്ടി (കരിങ്കല്ല് ഉപയോഗിച്ച് മൊത്തം 2 അടി ഉയരത്തിൽ) അതിനു മുകളിൽ 50 cm ഉയരത്തിൽ 25 cm വീതിയിൽ കോൺക്രീറ്റ് തറയാണ് ചെയ്തിരിക്കുന്നത് .അതിൽ ക്ലേ അടിച്ച് ഫിൽ ചെയ്തു. തറയ്ക്ക് വേണ്ടി 5 ലോഡ് കരിങ്കൽ, 2 ലോഡ് MSand, ലോഡ് മെറ്റൽ, 33 ചാക്ക് സിമൻ്റ്,  200kg കമ്പി, പണി കൂലി 39000 എന്നിവക്ക് പുറമെ പറമ്പ് ക്ലീനിങ്, വാരം കോരൽ, സ്ഥാനനിർണയം, പ്ലാൻ, എസ്റ്റിമേറ്റ്, KSEB കണക്‌ഷൻ, മോട്ടർ, 13 ലോഡ്‌ ക്ലേ എന്നിവയെല്ലാം കൂടി തറ പണിയാൻ 160000 രൂപ ചിലവായി.

വീടിന്റെ ഭിത്തി നിർമിച്ചത് 6,8,12 ൻ്റെ സിമൻ്റ് ഇഷ്ടിക ഉപയോഗിച്ചാണ്. മൊത്തം താഴത്തെ നില 650 സ്ക്വയർഫീറ്റും മുകളിൽ 450 സ്ക്വയർ ഫീറ്റും കൂടി 2950 സിമൻ്റ് ഇഷ്ടിക വേണ്ടി വന്നു .അതിന് 93000 രൂപ ചെലവായി. കല്ല് പണിക്ക് മൊത്തം 58150 രൂപ കൂലി കൊടുത്തു.

ജനൽ കട്ടിളയും വാതിൽ കട്ടിളയും ചെയ്തിരിക്കുന്നത് പഴയ ഉരുപ്പടി വാങ്ങി പ്ലെയിൻ ചെയ്യിച്ചെടുത്താണ്. മുൻവശത്തെ കട്ടിള മാത്രം പുതിയത് വാങ്ങി 5000 രൂപ ജനൽ വാതിൽ എല്ലാം കൂടി കൂലി ഉൾപെടെ 45000 രൂപ ചെലവായി .ജനൽ ഫ്രെയിം മുൻവശം കാണുന്നത് മാത്രം മരവും ബാക്കിയെല്ലാം അലൂമിനിയവും ആണ് ഉപയോഗിച്ചത്. ജനൽ ഫ്രെയിം മരം പോളിഷിങ് ഉൾപെടെ 27000 രൂപയും അലൂമിനിയം ഫ്രെയിം 13000 രൂപയും ആയി.

13-lakh-home-bed

ഫ്രണ്ട് ഡോറും മറ്റ് പുറത്തേക്ക് ഉള്ള ഡോറുകളും പഴയ മരം വാങ്ങി പണിയിച്ചു. അതിന് മൊത്തം 29000 രൂപ ചെലവായി. റൂമുകളിലേയും ബാത്ത് റൂമുകളിലേയും ഡോറുകൾ സിൻ്റെക്സ് ആണ്. അതിന് 16000 രൂപ. വീടിന്റെ വർക്ക് ലേബർ കോൺട്രാക്ട് ആണ് കൊടുത്തത്. അതിന് 124000 രൂപയും 4 ലോഡ് എംസാൻഡും 60000 രൂപയുടെ കമ്പിയും 6 ലോഡ് മെറ്റലും വേണ്ടിവന്നു. തേപ്പ് കൂലി 138000 രൂപയും 5 ലോഡ്‌ എംസാൻഡും ആയി . ഈ വീടുപണിക്ക് മൊത്തം വേണ്ടിവന്നത് 192 ചാക്ക് സിമൻറ് (ചെട്ടിനാട് ) ആണ്. വയറിങ്ങ് തേപ്പിന് മുൻപ് ഉള്ള സാധനങ്ങൾ വാങ്ങാൻ 7500 രൂപയും അതിനു ശേഷം Finolux cable (12 coil), Switch ഉൾപെടെ 33900 രൂപയും പണികൂലി 24500 രൂപയും ആയി.

പ്ലബിങ്ങ് മെറ്റീരിയൽ Star പൈപ്പും Cera closet എല്ലാം ഉൾപെടെ 55560 രൂപയും കൂലി 18750 രൂപയും ആയി. ടൈൽ വാങ്ങാൻ ആകെ ചെലവായത് 67500 രൂപയാണ്. സിറ്റൗട്ട് ഒഴികെ ബാക്കി എല്ലായിടത്തും ഒരേ കളർ ആണ് ഉപയോഗിച്ചത് (3d tile സ്ക്വയർഫീറ്റ് 38 രൂപ ). ബാത്ത് റൂമിൽ മൂന്നിലും ഒരേ പറ്റേണിൽ ഉള്ള ടൈൽ ആണ്. ടൈൽ ഇടാൻ 42000 രൂപ പണികൂലിയും 1.5 ലോഡ് എംസാൻഡും വേണ്ടി വന്നു.

സെപ്റ്റിക് ടാങ്കും മറ്റ് വേസ്റ്റ് ടാങ്കുകളും റെഡിമെയ്ഡ് ആണ് വച്ചത്. അതിനെല്ലാം കൂടി 22000 രൂപ ചെലവായി . സ്റ്റെയറിൻ്റെയും ബാൽക്കണിയുടേയും ഹാൻഡ് റെയിൽ വയ്ക്കാൻ 27000 രൂപ ആയി. വീടിൻ്റെ ടെറസിലേക്കുള്ള ഇരുമ്പ് ഗോവണി പിടിപ്പിക്കാൻ 15000 രൂപ ആയി. ബെഡ് റൂമിലേയും കിച്ചണിലേയും കബോർഡ് വർക്ക് MDF ഉപയോഗിച്ചാണ് ചെയ്തിട്ടുള്ളത്.  അതിൻ്റെ മെറ്റീരിയൽസ് വാങ്ങാൻ 35000 രൂപയും കൂലി 15800 രൂപയും.

പ്രളയബാധിത പ്രദേശമായതിനാൽ പുട്ടി ഇടാതെയാണ് പെയിൻ്റ് ചെയ്തിട്ടുള്ളത് (അതിനായി തേപ്പ് നേരത്തെ ഫിനിഷ് ചെയ്ത് തേച്ചിരുന്നു). പെയിൻ്റ് വാങ്ങാൻ 30000 രൂപയും കൂലി 18000 രൂപയും ആയി. എല്ലാ പണികൾക്കും കൂടി മെഷിനുകളും കുതിരകളും നിലയിടാനുള്ള പൈപ്പുകളും എല്ലാം കൂടി വാടക 12500 രൂപ ആയി.

ഈ പറഞ്ഞ കണക്കുകൾ എല്ലാം ഞാൻ എഴുതി വച്ചിട്ടുള്ളതാണ്. ഇതെല്ലാം കൂടി കൂട്ടിയാലും 13 ലക്ഷത്തിൽ താഴെയാണ് എനിക്ക് ചെലവ് വന്നിട്ടുള്ളത് പിന്നെ ഞാൻ എഴുതാതെ വിട്ടു പോയതും പണിക്കാർക്ക് ഫുഡും മറ്റും കൊടുത്തും വണ്ടിക്കൂലി മറ്റ് അധിക ചെലവുകൾ എല്ലാം കൂട്ടി 13.5 ലക്ഷത്തിൽ ഞാൻ ഈ വീട്ടിൽ കയറി താമസിക്കുന്നു ഇപ്പോൾ ...  

നല്ലൊരു വീടു വേണമെന്നുള്ള അതിയായ ആഗ്രഹവും കഷ്ടപെടാനുള്ള മനസ്സും പണിക്കാരോടുള്ള നമ്മുടെ നല്ല പെരുമാറ്റവും, അവരുടെ ആത്മാർത്ഥതയും എല്ലാം കൂടി ചേരുമ്പോൾ ചെലവു കുറഞ്ഞ നല്ലൊരു വീടുണ്ടാവും..ഈ പോസ്റ്റ് വായിച്ചിട്ട് ഇത് ആർക്കെങ്കിലും ഇനിയൊരു വീട് വയ്ക്കാൻ  ഉപകാരപെടുന്നുണ്ടെങ്കിൽ അതു തന്നെയാണ് ഈ പോസ്റ്റിന്റെ ലക്ഷ്യവും.

നന്ദി...

Project facts

Location- North Paravoor, Ernakulam

Plot- 3.7 cent

Area- 1100 SFT

Owner & Designer: Abhilash P.S

English Summary- House Owner Shares Tricks Behind His 13 Lakh Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com