ADVERTISEMENT

ആലപ്പുഴ ജില്ലയിലെ ചന്ദിരൂരാണ് നിഹാസ് ഉമറിന്റെയും കുടുംബത്തിന്റെയും വീട്.  റോഡ് ലെവലിൽനിന്നും രണ്ടടിയോളം താഴ്ചയിൽ കിടക്കുന്ന 7 സെന്റ് പ്ലോട്ടാണുണ്ടായിരുന്നത്. മഴക്കാലത്ത് വെള്ളക്കെട്ടിന്റെ പ്രശ്നം മുൻകൂട്ടിക്കണ്ട് പ്ലോട്ട് മണ്ണിട്ട് റോഡ് നിരപ്പാക്കിയശേഷം മൂന്നടി ഉയരമുള്ള പില്ലറുകൾ നാട്ടിയാണ് വീടുപണിതത്.  ഇപ്രകാരം ചെയ്ത് മുൻമുറ്റം വേർതിരിച്ച ശേഷം കേവലം 5 സെന്റിലാണ് വീടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ഈ വീടുകാണുന്നവരുടെ കണ്ണ് ആദ്യമുടക്കുക മേൽക്കൂരയിലായിരിക്കും. അതിനൊരു കാരണമുണ്ട്. ഗൃഹനാഥന് റൂഫിങ് ഷിംഗിൾസിന്റെ ബിസിനസാണ്. അതുകൊണ്ട് സ്വന്തം വീട്ടിലും ഷിംഗിൾസിന്റെ വ്യത്യസ്ത ഷേഡുകൾ പരീക്ഷിച്ചിട്ടുണ്ട്. നിരപ്പായി വാർത്തശേഷം സാധാരണയിലും ഉയരത്തിൽ ജിഐ ട്രസ് വർക്ക് ചെയ്ത് ഓടുവിരിക്കുകയായിരുന്നു. അതിനാൽ മേൽക്കൂരയ്ക്ക് താഴെ  നല്ലൊരു സ്‌റ്റോറേജ്- മൾട്ടി യൂട്ടിലിറ്റി സ്‌പേസ് ലഭിച്ചിട്ടുണ്ട്. ഇതുമൂലം താഴത്തെ നിലയിൽ ചൂടും കുറവാണ്. കൊളോണിയൽ വീടുകളിൽ കാണുന്ന ഡോർമർ ജനാലകളും എലിവേഷനിൽ കാണാം.

alappey-home-night

കാർ പോർച്ച്, സിറ്റൗട്ട്, ലിവിങ്,ഡൈനിങ് , കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്, നാലു കിടപ്പുമുറികൾ, സ്റ്റഡി ഏരിയ എന്നിവയാണ് 2630 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. അകത്തേക്ക് കയറുമ്പോൾ പൊതുവിടങ്ങൾ ഓപ്പൺ നയത്തിലാണ്. ഇതിനാൽ ചെറിയ പ്ലോട്ടിലെ വീട്ടിലും നല്ല വിശാലത അനുഭവപ്പെടുന്നു.

alappey-home-living

ഫോൾസ് സീലിങ്ങിന്റെയും എൽഇഡി ലൈറ്റുകളുടെയും ചാരുതയാണ് സ്വീകരണമുറി അടയാളപ്പെടുത്തുന്നത്. L ഷേപ്ഡ് ഫർണിച്ചർ ഇവിടെ വിന്യസിച്ചു. ലിവിങ്- ഡൈനിങ്ങിനിടയിൽ ഒരു സെമി പാർടീഷനുമുണ്ട്. മാറ്റ് ഫിനിഷ്ഡ് വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. 

alappey-home-dine

ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള ഊണുമേശ. ഗ്ലാസ് ടോപ് മേശയുടെ താഴെ പെബിൾസ് കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഡൈനിങ്ങിന് സമീപം സ്വകാര്യതയുടെ ഒരു സ്റ്റഡി സ്‌പേസ് വേർതിരിച്ചിട്ടുണ്ട്. ഇതിന് വശത്താണ് വാഷ് ഏരിയ.

alappey-home-top

സ്‌റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. പടവുകളിൽ ബ്ലാക് ഗ്രാനൈറ്റ് വിരിച്ചു. സ്‌റ്റെയറിന്റെ ഭാഗത്തെ ഡബിൾ ഹൈറ്റ് ഭിത്തി ഗോൾഡൻ നിറമുള്ള വോൾപേപ്പർ ഒട്ടിച്ച് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഗോവണി കയറിച്ചെല്ലുന്നത് ചെറിയ ലിവിങ് ഹാളിലേക്കാണ്. ഇവിടെയും വുഡൻ ഫിനിഷ് വോൾപേപ്പർ ഒട്ടിച്ച് ഇടം ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

alappey-home-upper

താഴെയും മുകളിലും രണ്ടു വീതം കിടപ്പുമുറികൾ വിന്യസിച്ചു. വ്യത്യസ്ത ഡിസൈനിലുള്ള ഫോൾസ് സീലിങ്ങാണ് മുറികളുടെ ചന്തം. കസ്റ്റംമെയ്ഡ് വാഡ്രോബുകളും ഭംഗി നിറയ്ക്കുന്നു. എല്ലാ കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യമൊരുക്കി.

alappey-home-bed

പ്ലൈവുഡ്-അക്രിലിക് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ബ്ലാക്ക് ഗ്രാനൈറ്റ് വിരിച്ചു. ഇവിടെ സ്പ്ലാഷ്ബാക്കിൽ ഗ്ലോസി ഫിനിഷ് വോൾ ടൈൽ പതിച്ച് മനോഹരമാക്കി.

alappey-home-kitchen

ഇരുനിലകൾക്കും പുറമെ മേൽക്കൂരയ്ക്ക് താഴെ വിശാലമായ അറ്റിക് സ്‌പേസ്, വീടിന്റെ സ്‌റ്റോറേജ് ഉപയുക്തത വളരെ വർധിപ്പിക്കുന്നു. ചുരുക്കത്തിൽ വീട്ടിലേക്ക് കയറിയാൽ ഇത് വെറും 5 സെന്റിൽ പണിത വീടാണെന്ന കാര്യമേ നമ്മൾ മറന്നുപോകും.

 

Project facts

Location- Chandiroor, Alappuzha

Plot- 7 cent

Area- 2630 Sq.ft

Owner- Nihas Umar

Architects- Jerlin Mathews, Jiss Paul

Jerlin Jiss Architects, Adoor

Mob- 8086805698

Y.C- 2019

English Summary- Luxury House in Small Plot; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com