ഒരു ചെറുകുടുംബത്തിന് പറ്റിയ വീട്! ഇത് മലയാളികൾ കണ്ടുപഠിക്കണം

HIGHLIGHTS
  • ഇന്ന് നാം പണിയുന്ന വീടുകൾക്ക് നാളെ എന്ത് പ്രസക്തിയുണ്ട് എന്നുകൂടി ചിന്തിക്കണം.
SHARE

മറ്റുള്ളവരുടെ ഭവനസങ്കൽപങ്ങൾ സഫലമാക്കുന്ന ആർക്കിടെക്ട്-ഡിസൈനർ ദമ്പതികൾ സ്വന്തം വീട് പണിതാൽ എങ്ങനെയിരിക്കും? അതിനുള്ള ഉത്തരമാണ് കായംകുളത്തിനടുത്ത് കറ്റാനത്തുള്ള രശ്മിയുടെയും നെബുവിന്റെയും പുതിയ വീട്. നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് എത്ര വലുപ്പമുള്ള വീട് വേണം എന്ന ചോദ്യത്തിനും കൂടി ഈ വീട് ഉത്തരം നൽകുന്നുണ്ട്. വെറും 1150 ചതുരശ്രയടിയാണ് ഈ മിനിമൽ വീടിന്റെ വിസ്തീർണം. മലയാളികൾക്ക് പാഠപുസ്തകമാക്കാവുന്ന സ്വന്തം വീടിന്റെ കഥ ആർക്കിടെക്ട് രശ്മി പറയുന്നു.

നമ്മൾ മലയാളികൾ മിനിമം രണ്ടു തലമുറ കണക്കുകൂട്ടിയാണ് വീട് വയ്ക്കുന്നത്. 'ദീർഘവീക്ഷണം' എന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും ഇത് അബദ്ധമാണ്. നിലവിലെ സാഹചര്യത്തിൽ കുട്ടികൾ പഠനം കഴിഞ്ഞു അവരുടെ ജീവിതം ജീവിക്കാനായി വീട് വിട്ടുപോകും. വീട്ടിൽ പ്രായമായ മാതാപിതാക്കൾ തനിച്ചാകും. അപ്പോഴാണ് വലിയ വീട് ഒരു ബാധ്യതയായി മാറുക. മാത്രമല്ല, കയ്യിലുള്ള സമ്പാദ്യം മുഴുവൻ വീടിനായി ചെലവാക്കി, അവസാനം ജീവിതച്ചെലവിന് ബുദ്ധിമുട്ടുന്ന ധാരാളം പേരുണ്ട് (വിശേഷിച്ച് ഈ കോവിഡ് കാലത്ത്) കേരളത്തിൽ. ഇത്തരം ധാരാളം അനുഭവങ്ങൾ നേരിട്ടറിയാവുന്നതുകൊണ്ടുകൂടിയാണ് ഞങ്ങൾ ചെറിയ വീട് വയ്ക്കാൻ തീരുമാനിച്ചത്.

compact-architect-house-kattanam-living

ഞങ്ങൾ കുടുംബമായി വർഷങ്ങളായി ഒമാനിലായിരുന്നു താമസം. നാട്ടിൽ തിരിച്ചെത്തി സെറ്റിൽ ചെയ്യാൻ തീരുമാനിച്ചപ്പോൾതന്നെ 'കയ്യിലൊതുങ്ങുന്ന വീട്' മതി എന്നുറപ്പിച്ചിരുന്നു. 13 സെന്റിൽ ഒരുനില വീടുയർന്നത് അങ്ങനെയാണ്. 'കോംപാക്റ്റ് ഹോം' കൺസെപ്റ്റിലാണ് വീടിന്റെ അടിമുടി ഡിസൈൻ ഞങ്ങൾ ചെയ്തത്. ബോക്സ് ആകൃതിയിലാണ് എലവേഷൻ. ഭാവിയിൽ മക്കൾക്ക് ആവശ്യം തോന്നുകയാണെങ്കിൽ മുകളിലേക്ക് മുറികൾ കൂട്ടിച്ചേർക്കുകയുമാകാം.

പുറത്തിരുന്ന് പ്രകൃതിഭംഗി ആസ്വദിക്കുന്ന സ്വഭാവം ഇല്ലാത്തതിനാൽ സിറ്റൗട്ട് ഒഴിവാക്കി. ലിവിങ്- ഡൈനിങ്- കിച്ചൻ എന്നിവ ഒറ്റ ഹാളിന്റെ ഭാഗമാണ്. പിന്നെ മൂന്നു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം, ഒരു കോമൺ ബാത്റൂം..ഇത്രമാത്രമാണ് വീട്ടിലുള്ളത്.

compact-architect-house-kattanam-dine

ഏരിയ കുറച്ചു ഓപ്പൺ നയത്തിലാക്കിയതിന്റെ ഏറ്റവും വലിയ ഗുണം വീട് വൃത്തിയാക്കുന്നതിലാണ്. ഞങ്ങൾ രണ്ടുപേരും ജോലിക്ക് പോകുന്നവരാണ്. എത്ര വൈകി വന്നാലും, വേണമെങ്കിൽ 10 മിനിറ്റ് കൊണ്ട് വീട് വൃത്തിയാക്കിയെടുക്കാം.

ചെറിയ വീട് എന്നുപറഞ്ഞാൽ സൗകര്യങ്ങൾ ഇല്ലാത്ത വീട് എന്നർഥമില്ല. ഞങ്ങൾ അകത്തളത്തിൽഅധികം വിട്ടുവീഴ്ചകൾ ചെയ്തിട്ടില്ല. ഭർത്താവും ഡിസൈനറുമായ നെബുവാണ് അകത്തളം രൂപകൽപന ചെയ്തത്. ഏറ്റവും ഗുണനിലവാരമുള്ള സാമഗ്രികൾ തന്നെയാണ് ഉപയോഗിച്ചത്. അതുകൊണ്ടാണ് ഫർണിഷിങ്ങിന് 13 ലക്ഷത്തോളം രൂപയായത്. സ്ട്രക്ചറിന് 15 ലക്ഷവുമായി. മൊത്തം 28 ലക്ഷം രൂപയിൽ എല്ലാപ്പണികളും തീർത്ത് വീട് റെഡിയായി. വേണമെങ്കിൽ ഒരു സാധാരണ കുടുംബത്തിന്, ഇന്റീരിയർ ബജറ്റ് കുറച്ചാൽ, 20 ലക്ഷത്തിന് ഇതുപോലെ ഒരു വീട് സഫലമാക്കാനാകും.

compact-architect-house-kattanam-hall

ഡൈനിങ്ങിലേക്ക് തുറന്ന കിച്ചൻ കണ്ടപ്പോൾ പലരും, അടുക്കളയിൽ വറക്കുന്നതിന്റെയും പൊരിക്കുന്നതിന്റെയും മണം പ്രശ്നമാകില്ലേ എന്ന് സംശയം ചോദിച്ചിരുന്നു. 'ഇല്ല' എന്നതാണ് ഉത്തരം. ഞങ്ങൾ ഇവിടെ സ്റ്റൗവിനു ഹുഡ് പോലും ഉപയോഗിച്ചിട്ടില്ല. നല്ല ക്രോസ് വെന്റിലേഷൻ ഉള്ളതിനാൽ ജനൽ തുറന്നിട്ടാൽ അല്ലെങ്കിൽ എക്സ്ഹോസ്റ്റ് ഓൺ ആക്കിയാൽ മണമെല്ലാം ഗെറ്റൗട്ടടിക്കും. ഒരു വീട്ടമ്മയെ സംബന്ധിച്ചിടത്തോളം അടുക്കളയിൽ വേണ്ടത് സ്‌റ്റോറേജ് സ്‌പേസാണ്. ഞങ്ങൾ അത്യാവശ്യം ക്യാബിനറ്റുകൾ ഇതിനായി സജ്ജമാക്കി.

compact-architect-house-kattanam-kitchen

മൂന്നു കിടപ്പുമുറികളാണ് വീട്ടിലുള്ളത്. രണ്ടെണ്ണം കുട്ടികളുടെ മുറികളാണ്. സ്റ്റഡി സ്‌പേസും പരമാവധി സ്റ്റോറേജും മുറികളിൽ സജ്ജീകരിച്ചിട്ടുണ്ട്. മാസ്റ്റർ ബെഡ്‌റൂമിൽ വളരെ ചെറിയ ഒരു ലൈബറി കം സീറ്റിങ് സ്‌പേസുമുണ്ട്.

compact-architect-house-kattanam-bed

ചുരുക്കത്തിൽ മിനിമലിസ്റ്റിക് ആയ ഒരു ജീവിതം നയിക്കുക എന്നതാണ് ഈ വീട് വഴി ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഞങ്ങൾ ഇവിടെ ഇപ്പോൾ ശരിക്കും ഹാപ്പിയാണ്. ഒരു വീട് നിങ്ങൾ പണിയാൻ ആഗ്രഹിക്കുമ്പോൾ ആ വീട് 'നിങ്ങളെ ആഗ്രഹിക്കുന്നുണ്ടോ' എന്നുകൂടി ചിന്തിക്കണം. ഇന്ന് നാം പണിയുന്ന വീടുകൾക്ക് നാളെ എന്ത് പ്രസക്തിയുണ്ട് എന്നുകൂടി ചിന്തിക്കണം. ഇത് ചെയ്യാതെ ഷോഓഫിനായി പണവും ഊർജ്ജവും പ്രകൃതിവിഭവങ്ങളും ധൂർത്തടിക്കുന്നത് ശരിയല്ല എന്നാണ് ഒരു ആർക്കിടെക്ട് എന്ന നിലയിൽ എന്റെ അഭിപ്രായം. 'ചെറുതല്ലോ ചേതോഹരം' എന്ന പഴമൊഴി വീടിന്റെ കാര്യത്തിലും പ്രസക്തമാണ്...രശ്മി പറഞ്ഞുനിർത്തുന്നു.

Watch on YouTube- https://youtu.be/HFCXgLEidDI

Subscribe- www.youtube.com/ManoramaVeedu4u

Project facts

Location- Kattanam, Alappuzha

Plot- 13 cent

Area- 1150 Sq.ft

Owner/Architect/Designer- Reshmi Nebu & Nebu John

Stupica Architects & Interior Designers, Kayamulam

Mob- 9846032157, 9544667106

Y.C- 2021

English Summary- Small House Models Kerala; Low Cost House Plans, Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA