ADVERTISEMENT

കോഴിക്കോട് ഫറൂഖ് കോളജിനടുത്താണ് പ്രവാസിയായ അസ്‌കർ റഹ്മാന്റെയും കുടുംബത്തിന്റെയും പുതിയ വീട്. തന്റെ സ്വപ്നഭവനത്തിലേക്കെത്തിയ കഥ ഗൃഹനാഥൻ പങ്കുവയ്ക്കുന്നു.

മിക്ക പ്രവാസികളെയും പോലെ പ്രവാസജീവിതം ആരംഭിച്ചപ്പോൾ മുതൽ മനസ്സിൽകൊണ്ടുനടന്ന സ്വപ്നമായിരുന്നു നാട്ടിലൊരു വീട്. പരിസരപ്രദേശങ്ങളിലുള്ള വീടുകളിൽനിന്നും വ്യത്യസ്തമായി കെട്ടിലും മട്ടിലും ഒരു പുതുമ വേണം എന്ന ആഗ്രഹമായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്. ഞാൻ കുടുംബമായി ഖത്തറിലാണ്. അതിനാൽ മിക്കപ്പോഴും നാട്ടിലെ വീട് അടഞ്ഞുകിടക്കും. തിരികെ നാട്ടിലെത്തുമ്പോൾ പരിപാലനം ബുദ്ധിമുട്ടാകരുത് എന്നും ചിന്തയുണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് വീട് രൂപകൽപന ചെയ്തത്.

unique-nri-house

പല തട്ടുകളായുള്ള പ്ലെയിൻ- ഫ്ലാറ്റ് രൂപമാണ് വീടിന്റെ ചന്തം. കാർ പോർച്ച് മുന്നിലേക്ക് പ്രൊജക്ട് ചെയ്തുനൽകിയത് വേറിട്ട ലുക്ക് കിട്ടാൻകൂടിയാണ്. ഈ കാർ പോർച്ചിന് സമാന്തരമായി ഗെയ്റ്റിൽ ഒരു പടിപ്പുരയും നിർമിച്ചു. കാഴ്ചയിൽ ഒരു സിമട്രിക്കൽ ഭംഗി ഇതുവഴി ലഭിക്കുന്നു.

unique-nri-house-gate

ഇറാനിൽ നിന്നും ഇറക്കുമതി ചെയ്ത ബ്രിക്ക് കൊണ്ട് നിർമിച്ച ക്ലാഡിങ് ഭിത്തിയാണ് പുറംകാഴ്ചയിലെ  ഒരു കൗതുകം. പുറംഭംഗിക്കപ്പുറം ഇതിന്റെ ഗുണമറിയാൻ അകത്തേക്ക് കയറണം.

unique-nri-house-jally-wall

പോർച്ച്, സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 4000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

unique-nri-house-living

ഡൈനിങ്ങിൽ നിന്നും ഫോൾഡിങ് ഗ്ലാസ് ഡോർ വഴി പ്രവേശിക്കുന്നത്, നേരത്തെ പറഞ്ഞ,പുറമെ ബ്രിക്ക് ക്ലാഡിങ് ജാളികളുള്ള ഗ്രീൻ കോർട്യാർഡിലേക്കാണ്.  വീട്ടിലെ ക്രോസ് വെന്റിലേഷൻ സുഗമമാക്കുന്നതിൽ ഇത് പ്രധാനപങ്ക് വഹിക്കുന്നു. വീട്ടിലെ ക്രോസ് വെന്റിലേഷൻ സുഗമമാക്കുന്നതിൽ ഇത് പ്രധാനപങ്ക് വഹിക്കുന്നു.

unique-nri-house-dine

ഫോൾഡിങ് ഡോർ തുറന്നിട്ടാൽ അതുവഴി ഡൈനിങ് ഹാൾ നിറയെ ശുദ്ധവായു പ്രവേശിക്കുന്നു. അകത്തെ ചൂടുവായു ഇതേ ജാളി ഭിത്തികൾ വഴി പുറംതള്ളപ്പെടുകയും ചെയ്യുന്നു. വീടിനുള്ളിൽ ധാരാളം ഡബിൾഹൈറ്റ് ഇടങ്ങൾ കൊടുത്തത്, വിശാലത തോന്നാനും ഉപകരിക്കുന്നു.

unique-nri-house-hall

ഇറ്റാലിയൻ മാർബിൾ, കോട്ട സ്‌റ്റോൺ എന്നിവയാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. ആഷ്‌വുഡാണ് ഇതിനുപയോഗിച്ചത്.

unique-nri-house-stair

സ്‌റ്റെയർകേസിന്റെ ഡിസൈൻ കൗതുകകരമാണ്. ആദ്യത്തെ രണ്ടു പടികൾ കഴിഞ്ഞാൽ അടുത്ത ലാൻഡിങ്, ഒരു ഇൻബിൽറ്റ് സീറ്റിങ് ഇടമാക്കി മാറ്റി. ഇവിടം തൊട്ടാണ് ഗ്ലാസ് കൈവരികൾ തുടങ്ങുന്നത്. ഇതുവഴി കയറിയെത്തുന്ന അടുത്ത ലാൻഡിങ്, സ്റ്റഡി സ്‌പേസാക്കി മാറ്റി. ഇങ്ങനെ പരമാവധി സ്ഥലം ഉപയുക്തമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.

unique-nri-house-study-space

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ വിന്യസിച്ചു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിൽ സജ്ജമാണ്. മുകളിലെ കിടപ്പുമുറികൾക്ക് അനുബന്ധമായി ബാൽക്കണിയുമുണ്ട്.

unique-nri-house-bed

ഇടയ്ക്ക് ഒരു വർഷം ലോക്ഡൗൺ മൂലം പണി നിർത്തിവയ്‌ക്കേണ്ടി വന്നു. അതുംകൂടി നാലു വർഷമെടുത്താണ് വീടുപണി പൂർത്തിയായത്. കൂടുതലും വാട്സ്ആപ്, വിഡിയോ കോൾ തുടങ്ങിയവയിലൂടെയായിരുന്നു മേൽനോട്ടം. ഇടയ്ക്ക് ഒന്നുരണ്ടു തവണ നാട്ടിൽ നേരിട്ടെത്തുകയും ചെയ്തിരുന്നു. 

unique-nri-house-yard

എന്തായാലും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കുമെല്ലാം വീടിനെക്കുറിച്ച് നല്ല അഭിപ്രായമാണ്. അത് കേൾക്കുമ്പോൾ ഞങ്ങൾ കാത്തിരുന്നത് വെറുതേയായില്ല എന്ന് ഞങ്ങൾ സന്തോഷത്തോടെ തിരിച്ചറിയുന്നു.

unique-nri-house-evening

 

Project facts

Location- Farook College, Calicut

Plot- 20 cent

Area- 4000 Sq.ft

Owner- Askar Rahman

Whatsapp- +97455509834

Design- Attics Architects

Y.C- Aug 2021

ചിത്രങ്ങൾ- അഖിൻ കോമാച്ചി 

English Summary- Pravasi Malayali House; Kerala HomeTour Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com