സൂപ്പർഹിറ്റ്; മലപ്പുറത്തുള്ള വീട് വയനാട്ടിലെത്തിയ കഥ! ഇത് കേരളത്തിൽ അപൂർവം

HIGHLIGHTS
  • നാട്ടിൽ വീടുവയ്ക്കാൻ പദ്ധതിയിട്ടിരുന്ന ഡിക്കൻസ് ഉറപ്പിച്ചു, 'ഇതുതന്നെ എന്റെയും സ്വപ്നവീട്'.
copy-home-wayanad-view
SHARE

'ഇങ്ങനെയൊരു വീട് ഞങ്ങൾ നേരത്തെ വായിച്ചതാണല്ലോ', എന്ന്  മനോരമ ഓൺലൈൻ വീടിന്റെ സ്ഥിരം വായനക്കാർ  ഈ വീടുകണ്ടപ്പോൾ ചിന്തിച്ചിട്ടുണ്ടാകും. അത് പകുതി ശരിയാണ്. കുറച്ചു വർഷങ്ങൾക്ക് മുൻപ് ഡിസൈനറായ മലപ്പുറം സ്വദേശി ഹിദായത്ത് നിർമിച്ച സ്വന്തം വീടിനെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനവും വിഡിയോയും ധാരാളം ആളുകൾ ഏറ്റെടുത്തിരുന്നു. 18 ലക്ഷത്തിലേറെ പേർ ആ വിഡിയോ കണ്ടു. അതാണ് ഈ വീടിന്റെ പിറവിക്ക് നിമിത്തമായത്. ആ കഥയിങ്ങനെ..

വയനാട് മാനന്തവാടി സ്വദേശി ഡിക്കൻസ് ഇസ്രായേലിൽ നഴ്സാണ്. അവിടെവച്ചാണ് മനോരമഓൺലൈനിൽ ഹിദായത്തിന്റെ വീടിന്റെ ലേഖനവും വിഡിയോയും കാണുന്നത്. ഒറ്റനോക്കിൽ തന്നെ ആൾക്ക് വീട് ഇഷ്ടമായി. നാട്ടിൽ വീടുവയ്ക്കാൻ പദ്ധതിയിട്ടിരുന്ന ഡിക്കൻസ് ഉറപ്പിച്ചു, 'ഇതുതന്നെ എന്റെയും സ്വപ്നവീട്'.

ഹിദായത്തിന്റെ വീട്

ഉടനെ ഹിദായത്തിനെ ഫോണിൽ ബന്ധപ്പെട്ടു. 'താങ്കളുടെ വീടിന്റെ ഫോട്ടോകോപ്പി എനിക്ക് എന്റെ നാട്ടിൽ പണിതുതരാമോ' എന്നായിരുന്നു ചോദ്യം. മലപ്പുറത്ത് നിന്നും മൂന്നരമണിക്കൂറോളം യാത്രയുണ്ട് മാനന്തവാടിക്ക്. ആദ്യം ഹിദായത്ത് ഒന്ന് മടിച്ചെങ്കിലും, ഡിക്കൻസിന്റെ നിർബന്ധത്തിൽ ഒടുവിൽ സമ്മതംമൂളി

copy-home-wayanad-porch

അങ്ങനെ മാനന്തവാടിയിലുള്ള 10 സെന്റിൽ പണിതുടങ്ങി. പൂർണമായും ഡിസൈനറിനെ വിശ്വസിച്ച് ഏൽപിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. ഇടയ്‌ക്കെത്തിയ ലോക്ഡൗൺ അതിജീവിച്ച് പണി തുടങ്ങി പത്താം മാസം വീട് പൂർത്തിയായി. വിദേശത്തിരുന്ന് വിഡിയോകോളിലൂടെയാണ് ഡിക്കൻസ് പണി വിലയിരുത്തിയത്. എന്തിനേറെ വീടുപണി തുടങ്ങിയശേഷം പാലുകാച്ചലിനാണ് ഗൃഹനാഥൻ ആദ്യമായി നാട്ടിലെത്തുന്നതുതന്നെ..

copy-home-wayanad-court

ഇരട്ടവീട്..

copy-home-wayanad-night

പുതിയ വീടിന്റെ അകംപുറം ലുക്ക് മാത്രമല്ല, സൗകര്യങ്ങളും ഏറെക്കുറെ മാതൃകയാക്കിയ വീട്ടിലെപോലെതന്നെ. സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്,കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് 1500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

copy-home-wayanad-living

വെള്ള നിറത്തിന്റെ തെളിമയായിരുന്നു ഹിദായത്തിന്റെ വീടിന്റെ ഹൈലൈറ്റ്. അത് അതേപടി ഇവിടെയും തുടരുന്നു. വെള്ള മാർബോനൈറ്റ് ടൈലാണ് നിലത്തുവിരിച്ചത്. ഇടയ്ക്ക് വുഡൻ ഫിനിഷ്ഡ് ടൈലുമുണ്ട്.

copy-home-wayanad-dining

അന്ന് ഹിദായത്തിന്റെ വീടുകണ്ടവർ ശ്രദ്ധിച്ച മറ്റൊരുകാര്യമാണ് ടെറാക്കോട്ട നിറത്തിൽ ഹൈലൈറ്റർ പെയിന്റടിച്ച ഭിത്തികൾ. അതും അതേപടി ഇവിടെ പുനരാവിഷ്കരിച്ചിട്ടുണ്ട്. ഫർണിച്ചറുകൾ ഹിദായത്ത് തന്നെ അളവെടുത്ത് അയച്ച് പണിയിപ്പിച്ചതാണ്. രണ്ടു വശവും ബെഞ്ച് കൺസെപ്റ്റിലുള്ള ഊൺമേശ വരെ അതേപടി ഇവിടെയുമുണ്ട് .

copy-home-wayanad-dine

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 26 ലക്ഷം രൂപയ്ക്ക് ഡിക്കൻസിന്റെ സ്വപ്നത്തിലുള്ള തന്റെ വീടിന്റെ പകർപ്പ് ഹിദായത്ത് പണിതുകൊടുത്തു.  ഒക്ടോബർ അവസാനമായിരുന്നു പാലുകാച്ചൽ. അന്ന് ആദ്യകാഴ്ചയിൽത്തന്നെ സ്വന്തമാക്കാൻ ഇഷ്ടം തോന്നിയ വീടിന്റെ പകർപ്പ് ഇപ്പോൾ തന്റെ സ്വന്തമായ സന്തോഷത്തിലാണ് ഡിക്കൻസും കുടുംബവും. മറ്റൊരു വീടിന്റെ പുറംകാഴ്ച അതേപടി പകർത്തുന്ന സംഭവങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അകവും പുറവും ഫർണിച്ചറുകളും വരെ അതേപടി പുനർസൃഷ്ടിക്കുന്ന സംഭവങ്ങൾ കേരളത്തിൽ വിരളമാണ്. അതാണ് ഇവിടെയുള്ള കൗതുകവും . 

copy-home-wayanad-inside

ചെലവ് കുറച്ച വഴികൾ

copy-home-wayanad-bed
  • തടിയുടെ ഉപയോഗം കുറച്ചു. മുൻ-പിൻ വാതിലുകൾ മാത്രം തടിയിൽ പണിതു. ബാക്കി റെഡിമെയ്ഡ് ഡോറുകളാണ്.
  • ജനൽ- വാതിൽ കട്ടളകൾ തടിക്ക് പകരം അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.
  • വീടുകണ്ടാൽ പെയിന്റ് അടിച്ചതല്ല എന്നാരെങ്കിലും പറയുമോ? പക്ഷേ പ്രൈമർ കോട്ട് മാത്രമാണ് അകംപുറം അടിച്ചത്. 
copy-home-wayanad-kitchen

Project facts

Location- Mananthavady, Wayanad

Plot- 10 cent

Area- 1500 Sq.ft

Owner- Dickens, Josmi Jose

Designer- Hidayath Bin Ali

Design Arch Architecture Studio, Calicut, Malappuram

Mob- 98460 45109

Y.C- 2021 Nov

ചിത്രങ്ങൾ- അഖിൻ കൊമാച്ചി 

English Summary- Exact Copy of Designer Home; Best Lowcost Home Plan; Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA