ADVERTISEMENT

തൃശൂർ ജില്ലയിൽ ചാലക്കുടിക്കടുത്ത് മേലൂരാണ് ദിനേശ് കുമാറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. തറവാടിനോട് ചേർന്ന വിശാലമായ പ്ലോട്ടിലാണ് വീടുപണിതത്. കേരളത്തിന്റെ പൈതൃകവും സംസ്കാരവും നിലനിർത്തുന്നതാകണം, പ്രകൃതിസൗഹൃദമാകണം തുടങ്ങിയ ആവശ്യങ്ങളാണ് വീട്ടുകാർക്കുണ്ടായിരുന്നത്. ഇപ്രകാരം കേരളീയ വാസ്തുശിൽപ മാതൃകയിലാണ് വീട് നിർമിച്ചത്. പരിസ്ഥിതി സൗഹൃദ ഗൃഹങ്ങൾ നിർമിക്കുന്ന കോസ്റ്റ് ഫോർഡിലെ ഡിസൈനർ ശാന്തിലാലാണ് വീട് രൂപകൽപന ചെയ്തത്.

വെട്ടുകല്ലാണ് ഭിത്തി കെട്ടാനുപയോഗിച്ചത്. പഴയ ഓടുകളാണ് മേൽക്കൂര മേയാൻ ഉപയോഗിച്ചത്. ഫില്ലർ സ്ലാബ് ശൈലിയിൽ ഓട് വച്ച് മേൽക്കൂര വാർത്തു. പ്രധാന ഗെയ്റ്റ് കൂടാതെ പടിപ്പുര മാതൃകയിൽ വിക്കറ്റ് ഗെയ്റ്റും ഇവിടെയുണ്ട്. ചുറ്റുമതിലും കിണറും വെട്ടുകല്ല് കൊണ്ടുതന്നെയാണ് നിർമിച്ചത്.

traditional-home-meloor

മണ്ണും കുമ്മായവും ശർക്കരയും കൂട്ടിക്കലർത്തി മിശ്രിതം ഉപയോഗിച്ചാണ് ഭിത്തികൾ ജോയിന്റ് ചെയ്തത്. പുറംചുവരുകളും മഡ് പ്ലാസ്റ്ററിങ് ചെയ്തു. മണ്ണിന്റെ പല നിറഭേദങ്ങൾ ഓരോ സ്‌പേസിലേയും ഭിത്തികളിൽ കാണാം. മണ്ണിനോടൊപ്പം ശർക്കര, ഉലുവ, കടുക്ക, കുമ്മായം തുടങ്ങിയവ പല അളവിൽ കൂട്ടിയെടുത്താണ് ഈ ടെക്സ്ചറുകൾ നിർമിച്ചത്.  അതുപോലെ വെട്ടുകല്ല് തേയ്ക്കാതെ നിർത്താൻ കഴിയുന്നിടത്ത് അപ്രകാരം ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് അകത്തേക്ക് കയറുമ്പോൾ സ്വീകരണമുറിയുടെ ചുവരുകൾ എക്സ്പോസ്ഡ് ശൈലിയിലാണ്. ചിലയിടങ്ങളിൽ ചുവരുകൾക്ക് തിളക്കം ലഭിക്കാൻ വാട്ടർ ബേസ്ഡ് പെയിന്റും അടിച്ചിട്ടുണ്ട്.ഈർപ്പത്തിന്റെ സാധ്യത ഒഴിവാക്കാനായി കിച്ചൻ, ബാത്റൂം എന്നിവിടങ്ങളിൽ മാത്രമാണ് കോൺക്രീറ്റ് ഉപയോഗിച്ചത്.

traditional-home-meloor-living

സിറ്റൗട്ട്, ലിവിങ്, പൂജാമുറി, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാൽക്കണി, മൾട്ടി യൂട്ടിലിറ്റി സ്‌പേസ് എന്നിവയാണ് 2700 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.  സ്വാഭാവിക പ്രകാശം നന്നായി ഉള്ളിൽ ലഭിക്കാനായി സീലിങ് ഗ്ലാസിട്ട ഒരു ലൈറ്റ് വെല്ലും വീടിനുള്ളിലുണ്ട്.

traditional-home-meloor-light

സിറ്റൗട്ടിന്റെ മുകളിലുള്ള ബാൽക്കണി, കൂത്തമ്പലം മാതൃകയിൽ വില്ലഴികൾ ഘടിപ്പിച്ചാണ് ഒരുക്കിയത്. ഒറ്റനോട്ടത്തിൽ തടിയിൽ കൊത്തിയെടുത്തത് എന്നുതോന്നുമെങ്കിലും ഇത് സ്റ്റീലിൽ വുഡൻ പെയിന്റടിച്ച് ഒരുക്കിയതാണ്. ഇവിടം നിലവിൽ കുട്ടികളുടെ സ്റ്റഡി ഏരിയയും അധ്യാപികയായ വീട്ടമ്മയ്ക്കുള്ള യൂട്ടിലിറ്റി ഇടമായും ഉപയോഗിക്കുന്നു.

traditional-home-meloor-balcony

നാലു കിടപ്പുമുറികളും വിശാലമായി ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ മുറികളിൽ ചിട്ടപ്പെടുത്തി.

traditional-home-meloor-bed

വീട്ടുകാരിയുടെ ആഗ്രഹപ്രകാരം മോഡേൺ കിച്ചൻ ഒരുക്കി. മൾട്ടിവുഡ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്.

traditional-home-meloor-kitchen

ഫർണിഷിങ് ഒഴികെ 35 ലക്ഷം രൂപയാണ് വീടിനു ചെലവായത്. വീടിന്റെ ഏറ്റവും വലിയ സവിശേഷത നട്ടുച്ചയ്ക്കും ഉള്ളിൽ നിറയുന്ന തണുപ്പാണ്. മൺഭിത്തികളും ഫില്ലർ സ്ളാബ് മേൽക്കൂരയും ചൂടിനെ തടയുന്നു. അതിനാൽ വീട്ടിൽ ഫാൻ അത്യാവശ്യത്തിനു മാത്രം ഇട്ടാൽ മതിയാകും. ഇത്രയും ചതുരശ്രയടിയുള്ള കോൺക്രീറ്റ് വീട് പണിയണമെങ്കിൽ കുറഞ്ഞത് 55 ലക്ഷമെങ്കിലുമാകും എന്നോർക്കണം. അവിടെയാണ് പ്രകൃതിസൗഹൃദ നിർമാണത്തിലൂടെ ചെലവ് കുറച്ചത്.

 

Project facts

Location- Meloor, Thrissur

Area- 2700 Sq.ft

Owner- Dinesh Kumar, Sreekala

Designer- Shanthilal

Costford, Thriprayar

Mob-9747538500

Y.C- Nov 2021

Budget- 35 Lakhs

English Summary- Eco Friendly House; Budget Home Model Kerala; Veedu Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com