'ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല! ഇത് വീടിനുമുകളിൽ പണിത ഞങ്ങളുടെ പുതിയവീട്!'
Mail This Article
20 വർഷം പഴക്കമുള്ള ഒരുനില വീടിന്റെ ജാതകം മാറ്റിയെഴുതിയ കഥ വീട്ടുകാർ വിവരിക്കുന്നു. ചെറിയ സ്ഥലത്ത് വീടുള്ള, എന്നാൽ വീട് വിപുലപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
തിരുവനന്തപുരം പട്ടത്താണ് ഈ വീടുള്ളത്. മക്കൾ വളർന്നപ്പോൾ വീട്ടിൽ അസൗകര്യങ്ങൾ വർധിക്കുന്നു എന്ന തോന്നലുണ്ടായി. മാത്രമല്ല ധാരാളം കെട്ടിടങ്ങൾ തിങ്ങിനിൽക്കുന്ന പ്രദേശമാണിത്. ഒരുനില വീടായതുകൊണ്ട് ചൂടിന്റെ ബുദ്ധിമുട്ടുകളുമുണ്ട്. അങ്ങനെയാണ് മുകളിലേക്ക് വീട് വിപുലപ്പെടുത്താൻ തീരുമാനിക്കുന്നത്.
ഞങ്ങൾക്ക് രണ്ടാണ്മക്കളാണ്. ഭാവിയിൽ അവരിലാർക്കെങ്കിലും കുടുംബമായി, മറ്റൊരു വീട്ടിൽ താമസിക്കുന്ന അനുഭവം ലഭിക്കുംവിധം ഒരു ഇൻഡിപെൻഡന്റ് അപാർട്മെന്റ് പോലെയാണ് മുകൾനില ഒരുക്കിയത്. വേണമെങ്കിൽ വാടകയ്ക്ക് കൊടുക്കുകയുമാകാം.
രണ്ടു കിടപ്പുമുറികൾ, ലിവിങ്, ഡൈനിങ്, കിച്ചൻ...ഇത്രമാത്രമുള്ള 900 ചതുരശ്രയടി വീടാണ് ഞങ്ങൾക്കുണ്ടായിരുന്നത്. മുകളിലും ഇത്രയും വിപുലപ്പെടുത്താനുള്ള സ്ഥലമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ഫലപ്രദമായ ഡിസൈനിങ്ങിലൂടെ മൂന്നു കിടപ്പുമുറികൾ, കിച്ചൻ, ലിവിങ്, ഡൈനിങ്, സൗകര്യങ്ങൾ ഒരുക്കാനായി.
ചെറുതെങ്കിലും ചേതോഹരമായിട്ടാണ് മുകളിലെ ഓരോ ഇടങ്ങളും ഒരുക്കിയത്. പുതിയ വീട്ടിലെ ഒരു ഹൈലൈറ്റ്, ഇവിടെ പരമാവധി സാധനങ്ങൾ പുനരുപയോഗിച്ചിട്ടുണ്ട് എന്നതാണ്. സ്വീകരണമുറിയിലെ സോഫ നിർമിച്ചത് പഴയ കാറിന്റെ ടയറുകളിൽ കുഷ്യൻ വർക്ക് ചെയ്താണ്! ഇവിടെ ഭിത്തി വോൾപേപ്പർ ഒട്ടിച്ച് ഭംഗിയാക്കിയിട്ടുമുണ്ട്.
കെട്ടിടങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശമായതുകൊണ്ട് ക്രോസ് വെന്റിലേഷൻ ലഭിക്കാൻ വേണ്ടത് ചെയ്തിട്ടുണ്ട്. അതിലൊന്നാണ് വാഷ് ഏരിയയുടെ ഭിത്തി. കോൺക്രീറ്റിന് പകരം സ്റ്റീൽ മെഷുകൾക്കിടയിൽ ഉരുളൻ കല്ലുകൾ നിറച്ചാണ് ഇവിടം ഒരുക്കിയത്. ഇതുവഴി കാറ്റും വെളിച്ചവും ഉള്ളിലെത്തുന്നു.
ഇവിടെയുള്ള കിടപ്പുമുറികൾ ഒരുക്കിയതാണ് അതിലേറെ രസകരം. ഫില്ലർ സ്ലാബ് ശൈലിയിൽ ചട്ടികൾ കമഴ്ത്തി മേൽക്കൂരയിൽ ഓരോ രൂപങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. പാട്ടുകാരനായ മകന്റെ മുറിയിലെ കബോർഡുകൾ ഗിറ്റാറിന്റെ ആകൃതിയിലാണ്. സീലിങ്ങിൽ മൈക്കിന്റെ ഡിസൈനുമുണ്ട്. മറ്റു രണ്ടുകിടപ്പുമുറികളിൽ ആലിലയും ബുദ്ധരൂപവുമാണ് ഹാജർ വയ്ക്കുന്നത്.
ബഹുവിധ വർണ്ണങ്ങൾ കിച്ചനിൽ ഹാജർ വയ്ക്കുന്നുണ്ട്. ഇത് പെയിന്റല്ല, പകരം നിലത്തെ ഓക്സൈഡ് ചുവരുകളിലും അടിച്ച് വാക്സ് കോട്ടിങ് ചെയ്തതാണ്. ഇവിടെയുള്ള ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ പഴയ തടി പുനരുപയോഗിച്ചതാണ്.
തടിയുടെ ഉപയോഗം ഇവിടെ നല്ലതുപോലെ കുറച്ചിട്ടുണ്ട്. ജനൽ-വാതിൽ കട്ടിളകൾ മെറ്റൽ കൊണ്ടാണ്. റെഡിമെയ്ഡ് ഡോറുകളാണ് ഉപയോഗിച്ചത് ആക്രിക്കടയിൽ നിന്നും വാങ്ങിയതാണ് മിക്ക മെറ്റൽ ഉരുപ്പടികളും.
അങ്ങനെ ചുരുങ്ങിയ ചെലവിൽ ഒന്നാംനിലയിൽ മറ്റൊരു വീട് പണിത സന്തോഷത്തിലാണ് ഉണ്ണികൃഷ്ണനും കുടുംബവും.
വീടിനെ സ്നേഹിക്കുന്നവർക്കായി!..- Subscribe Now- https://www.youtube.com/ManoramaVeedu4u?sub_confirmation=1
Project facts
Location-Pattom, Trivandrum
Area- 1800 Sq.ft
Owner- Unnikrishnan Nair
Design- Neeraj Vishwam
Blue Hammer Developers, Trivandrum
Mob- +91 6282 496 629
Y.C- 2021
English Summary- New House atop Old Small House; Best Home Tour Videos in Malayalam