ADVERTISEMENT

ഭവനനിർമാണ ചെലവുകൾ റോക്കറ്റുപോലെ കുതിക്കുകയാണ് കേരളത്തിൽ. താരതമ്യേന കുറഞ്ഞ ചെലവിൽ സൂപ്പർവീട് ഒരുക്കിയ വിശേഷങ്ങൾ ഉടമ ഷബീർ പങ്കുവയ്ക്കുന്നു.

മലപ്പുറം ജില്ലയിലെ കുണ്ടൂരാണ് ഈ വീടുള്ളത്. ഞാൻ ചെന്നൈയിൽ ഹോട്ടൽ ബിസിനസ്സാണ്. 'പരമാവധി ചെലവ് കുറച്ച്, നട്ടുച്ചയ്ക്കും ഫാൻ ഇല്ലാതെ ഇരിക്കാൻ പറ്റുന്ന ഒരു വീട്'- ഇതായിരുന്നു എന്റെ ഭവനസങ്കൽപം.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 30 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയായി. 30 ലക്ഷം അത്ര കുറഞ്ഞ തുകയാണോ എന്ന് ചോദിക്കുന്നവരുണ്ട്. നിലവിലെ നിർമാണചെലവുകളെ  കുറിച്ച് ധാരണയില്ലാത്തതുകൊണ്ടാണ് അവർ അങ്ങനെ ചോദിക്കുന്നത്. അവരുടെ അറിവിലേക്കായി ലളിതമായി ഒരു കാര്യം പറയാം. നിലവിൽ കേരളത്തിൽ 2300 സ്ക്വയർഫീറ്റുള്ള ഒരു കോൺക്രീറ്റ് വീട് പണിയണമെങ്കിൽ കുറഞ്ഞത് 46 ലക്ഷം രൂപയെങ്കിലുമാകും എന്നോർക്കണം. ഇവിടെ അതേസൗകര്യങ്ങളുള്ള വീട് 16 ലക്ഷം രൂപ കുറച്ച് എനിക്ക് സ്വന്തമാക്കാനായി.

30-lakh-cool-home-front

ബദൽ സാമഗ്രികളുടെ ഉപയോഗത്തിലൂടെയാണ് ചെലവ് പിടിച്ചുനിർത്തിയത്. കോൺക്രീറ്റ്, തടി, പ്ലാസ്റ്ററിങ്, പെയിന്റിങ് ചെലവുകൾ പരമാവധി ലാഭിക്കാനായി. ലോക്ഡൗൺ കാലത്തിനുമുൻപ് ജിഐ പോലെയുള്ള സാമഗ്രികൾ മേടിച്ചുവച്ചത് ഭാഗ്യമായി. അതിനുശേഷം ഇരട്ടിയോളം ഇവയുടെ വില വർധിച്ചു! 

പല ജ്യാമിതീയ രൂപങ്ങളുടെ സങ്കലനമായ മേൽക്കൂരയാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. ഇത് ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചതാണ്. വെട്ടുകല്ല് കൊണ്ടാണ് ചുവരുകൾ നിർമിച്ചത്. ഭിത്തികൾ അകത്തും പുറത്തും പലയിടത്തും പ്ലാസ്റ്റർ ചെയ്തിട്ടില്ല. ട്രഡീഷണൽ ശൈലിയിലുള്ള പൂമുഖത്ത് ആട്ടുകട്ടിലും ഇൻബിൽറ്റ് ചാരുപടികളും ഒരുക്കിയിട്ടുണ്ട്. പ്രധാനവാതിൽ തുറന്ന് കയറുന്നത് ഓപ്പൺ ശൈലിയിൽ ഒരുക്കിയ ലിവിങ്- ഡൈനിങ് ഹാളിലേക്കാണ്. അതുകഴിഞ്ഞ് സ്‌റ്റെയർ ഏരിയ. അവിടെനിന്ന് ഒരു ഇടനാഴിയിലൂടെ വാട്ടർ കോർട്യാർഡ് സ്‌പേസിലേക്കെത്താം. ഇവിടെ കൃത്രിമമായി ജലധാര സൃഷ്ടിച്ചിട്ടുണ്ട്.

30-lakh-cool-home-interior

വീടിന്റെ പിൻവശത്ത് വയലാണ്. ഇവിടെനിന്നുള്ള കാറ്റ് വീടിനുള്ളിൽ കയറിയിറങ്ങുംവിധം ധാരാളം ജാലകങ്ങൾ കൊടുത്തിട്ടുണ്ട്. വീട്ടിലെ ഞങ്ങളുടെ പ്രിയയിടം മുകൾനിലയിൽ പിൻവശത്തെ ബാൽക്കണിയാണ്. വയലിലെ കാറ്റും കാഴ്ചകളും ഇവിടെയിരുന്നാസ്വദിക്കാം.

ജിഐ ഫ്രയിമിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ. ഇതിന്റെ താഴെയുള്ള ഭാഗത്ത് ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ച് സീറ്റിങ് കൊടുത്തു.

30-lakh-cool-home-attic

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികളുണ്ട്. നാലു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യവുമുണ്ട്.

30-lakh-cool-home-bedroom

അടുക്കളയിൽ ചില ചെപ്പടിവിദ്യകൾ ഉടമ നടത്തിയിട്ടുണ്ട്. പോർട്ടബിൾ സ്റ്റൗ യൂണിറ്റാണ് അതിലൊന്ന്. വീടിന്റെ പിന്നിലെ വയൽക്കാഴ്ചകൾ കണ്ട് ചെറിയ സൽക്കാരങ്ങളും ഒത്തുചേരലുകളും നടത്താൻവേണ്ടിയാണിത്. ഇതുവഴി കിച്ചൻ, വർക്കേരിയ ഒരേസമയം ഉപയുക്തമാക്കാൻ സാധിക്കുന്നു.

ചുരുക്കത്തിൽ ഏകദേശം 30 ലക്ഷം രൂപ ബജറ്റിൽ, എല്ലാ സൗകര്യങ്ങളുമുള്ള ഒരിടത്തരം വീട് ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാൻ പറ്റിയ വീടാണിത്.

വീടിനെ സ്നേഹിക്കുന്നവർക്കായി!..- Subscribe Now- https://www.youtube.com/ManoramaVeedu4u?sub_confirmation=1

Project facts

Location- Kundoor, Malappuram

Area- 2300 Sq.ft

Owner- Shabeer

Design- Shahsad OT

Mob- 99612 49154

Y.C- 2022

പ്രിയ വായനക്കാരേ, നിങ്ങളുടെ വീടുപണി അനുഭവങ്ങൾ, രസകരമായ ഓർമകൾ, പറ്റിയ അബദ്ധങ്ങൾ, പഠിച്ച പാഠങ്ങൾ എന്നിവ പങ്കുവയ്ക്കാം. അത് മറ്റുള്ളവർക്ക് ഉപകരിക്കട്ടെ. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും സഹിതം അയയ്ക്കുക. യോഗ്യമായവ പ്രസിദ്ധീകരിക്കും.

English Summary- Cost Effective House with No Heat; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com