ADVERTISEMENT

മക്കൾ സ്‌കൂളിൽനിന്ന് കൊണ്ടുവരുന്ന വൃക്ഷത്തൈകൾ എവിടെ കുഴിച്ചിടണം എന്ന് ചോദിച്ച് തുടങ്ങിയപ്പോഴാണ് 'അവരും അവർ നട്ട മരങ്ങളും ഒരുമിച്ച് വളരുന്ന ഒരു വീടും പുരയിടവും' എന്ന ആലോചനയിലേക്കെത്തിയത്. ഇങ്ങനെ പറഞ്ഞാണ് മുകേഷ് സംസാരിച്ചു തുടങ്ങിയത്. അദ്ദേഹം ഒരു പൊതുപ്രവർത്തകനാണ്. അധ്യാപികയായ ഭാര്യ സ്മിതയും രണ്ടു പെൺമക്കളും അടങ്ങിയ കുടുംബം. അവരുടെ കൊച്ചുകുടുംബത്തിന് 'ഒരു നല്ല വീട്' എന്ന ഒറ്റവരിയിൽ തീർന്ന വീടിനെ കുറിച്ചുള്ള വിവരണം. പിന്നീട്, പൊതുവിൽ മനുഷ്യനെയും പ്രകൃതിയെയും മാറിയ പാർപ്പിട സംസ്കാരത്തെയും കുറിച്ചെല്ലാം പറഞ്ഞിരുന്ന് ഒടുവിൽ ഇറങ്ങുമ്പോൾ, താൻ കാണുന്ന ജനങ്ങൾക്ക് മുന്നിൽ മാതൃകയാവുന്ന ഒരു വീടാണെങ്കിൽ സന്തോഷം എന്നുകൂടി പറഞ്ഞാണ് അന്നത്തെ കൂടികാഴ്ച പിരിഞ്ഞത്. ഇതുപോലെ സദുദ്ദേശത്തോടെ ഈ മേഖലയിൽ എത്തുന്ന, ജീവിക്കാൻ സുഖപ്രദമായ ഒരു വീട് മാത്രമാഗ്രഹിക്കുന്ന ഒരു കുടുംബത്തിന് നമ്മൾ ഏതുതരം വീടാണ് ഡിസൈൻ ചെയ്യേണ്ടത് എന്ന അവരിറങ്ങിയിട്ടും ബാക്കിയായ ആ ചോദ്യത്തിന് മുൻപിലാണ് ഞങ്ങളുടെ ഈ പ്രോജക്ടിന്റെ തുടക്കം.

manasi-mud-house-aerial

മരങ്ങളൊക്കെ മുറിച്ച്, നിരപ്പിലല്ലാതെ കിടക്കുന്ന, പാടത്തിനടുത്തുള്ള ഇരുപത് സെന്റ് സ്ഥലമായിരുന്നു അവർക്കുള്ളത്. ഭാവിയിൽ ഉപയോഗിക്കാൻ തക്കവിധം പകുതി സ്ഥലം നീക്കിയിട്ട് ബാക്കി പകുതിയാണ് വീട് ചെയ്യാനെടുത്തത്. ഓരോ പ്രൊജക്റ്റും പുതിയതായി കണ്ട് അതിലെ വെല്ലുവിളികൾക്കനുസരിച്ച് അവിടെ സാധ്യമായ ഒരു നല്ല മാതൃക എന്ന രീതിയിലാണ് പൊതുവിൽ ഞങ്ങളുടെ സമീപനം. മണ്ണോ മുളയോ പോലുള്ള നിർമ്മാണ രീതികൾ അതിനെപ്പറ്റി പഠിച്ച് ആഗ്രഹിച്ച് വരുന്നവർക്കേ ഞങ്ങളും നിർദ്ദേശിക്കാറുള്ളൂ. കാരണം വഴിതെളിച്ചു നടക്കേണ്ട ഒരു അധിക ബാധ്യത, വീട്ടുകാരുടെ പങ്കാളിത്തം ഇതൊക്കെ ബദൽ രീതികൾക്കൊപ്പമുള്ളതാണ്. എന്നാൽ ഇവിടെ പ്രകൃതിസൗഹൃദപരമായ നിർമ്മാണരീതികളെ പറ്റിയുള്ള തുടക്കത്തിലെ ചർച്ചകൾ പ്രാദേശികമായി ലഭ്യമായ വസ്തുക്കളിൽ നിന്നും 'Why not a Mud House?!' എന്നതിലേക്കെത്തിയത് യാദൃച്‌ഛികമാണെങ്കിലും സ്വാഭാവികമായി സംഭവിച്ചതാണ്.

manasi-mud-house-gate

രൂപരഹിതവും അർത്ഥരഹിതവുമായ ഈ ലോകത്തിന് അർത്ഥവും രൂപവും നൽകുന്നത് കലയാണ് എന്നാണ് ഞങ്ങൾ കരുതുന്നത്. ആർകിടെക്ച്ചർ രൂപകല്പനയിലെ കലയാണ്. ആവശ്യങ്ങളെ സർഗാത്മകമായും പ്രായോഗികമായും സമന്വയിപ്പിക്കുന്നതിൽ ഒരു കവിതയുടെ കയ്യടക്കം വേണ്ട ഒന്ന്. അതിൽ ഏറെ കാവ്യാത്മകമായി ഉപയോഗിക്കാവുന്ന ഒരു നിർമ്മാണ രീതിയാണ് COB. മൺവീടുകൾ ഉണ്ടാക്കാൻ പ്രാദേശികമായ ചെറിയ വ്യത്യാസങ്ങളോടെ  ഈ രീതിയാണ് നമ്മുടെ നാട്ടിൽ വ്യാപകമായി പിന്തുടർന്നിട്ടുള്ളത്. കെട്ടിട നിർമ്മാണ വസ്തുക്കൾ മിക്കതും നിശ്ചിത ആകൃതിയിൽ കിട്ടുന്നത്കൊണ്ട് അതിന്റെ ഉപയോഗക്ഷമതയും പ്രായോഗികതയുമൊക്കെ കണക്കിലെടുത്താണ് പലപ്പോഴും നമ്മുടെ മുറികളും കെട്ടിടങ്ങളുമൊക്കെ ചതുരവടിവിൽതന്നെ തീരുമാനിക്കപ്പെടുന്നത്. ഈ രീതിയുടെ ഒരു സാധ്യത, വീടിനെ ഇടങ്ങൾ മാത്രമായി സങ്കൽപ്പിച്ച് വേണ്ട അളവിൽ, ആകൃതിയിൽ കെട്ടിടം ഒരു ശിൽപം പോലെ നമുക്ക് ഉണ്ടാക്കിയെടുക്കാം എന്നതാണ്. ഇത് ഉപയോഗപ്പെടുത്തി, നമ്മുടെ പഴയ ആ നിർമ്മാണ രീതിയെ പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നവീകരിച്ച് ഉപയോഗിക്കാനാണ് ഈ പ്രോജെക്ടിൽ ഞങ്ങൾ ശ്രമിച്ചത്.

manasi-mud-house-ext

മണ്ണ് കുമ്മായം വൈക്കോൽ മുതലായവ വെള്ളവുമായി ചേർത്ത് കുഴച്ച് ഉരുളകളാക്കി ചുമരുകൾ നിർമ്മിക്കുന്ന രീതിയാണ് ഇത്. ഉമി, കടുക്കയില, വരാലിനെ ഇട്ടുവച്ച വെള്ളം, ശർക്കരപ്പാവ് അങ്ങനെ stabilizers ആയും better bondage നും  pest control നും വേണ്ടിയുമൊക്കെ പല പ്രകൃതിജന്യവസ്തുക്കളും ഇതിനുപയോഗിച്ചിരുന്നു. ഇങ്ങിനെ നിർമ്മിച്ച ചുമർ, മണ്ണും കുമ്മായവും ചേർന്ന മിശ്രിതം കൊണ്ട് പ്ലാസ്റ്റർ ചെയ്ത് മിനുസപ്പെടുത്തും. പിന്നീടത് കല്ലുകൊണ്ട് ഉരച്ചാണ് വേണ്ട തിളക്കം വരുത്തുന്നത്. മിക്ക ഇരിപ്പിടങ്ങളും niches ഉം മറ്റും ചുമരിനോടൊപ്പം തന്നെ ചെയ്തെടുത്തവയാണ്. കിണർ കുഴിച്ചപ്പോൾ കിട്ടിയ പാറ പൊട്ടിച്ച് കരിങ്കൽചുമരാക്കി വീട്ടിലേയ്ക്കു ഞങ്ങൾ കൂടെക്കൂട്ടി. ജനലും വാതിലും തൂണുകളും മേച്ചിലോടുമെല്ലാം  Reuse ചെയ്തവയാണ്. പഴയ ഓട് മണ്ണുകൊണ്ട് പടുത്താണ് മതിൽ നിർമ്മിച്ചത്. 

manasi-mud-house-court

'പെണ്ണായാൽ പൊന്നുവേണം' എന്ന് ഇന്ന് നമ്മൾ അറിയാതെ പാടി പൂരിപ്പിക്കുന്നതുപോലെ  കമ്പോളം ജനപ്രിയമെന്ന പേരിൽ ഊട്ടി ഉറപ്പിച്ച നിർമ്മിത പൊതുബോധം എല്ലാവരിലുമുണ്ട്. ജനപക്ഷത്ത് നിന്നെന്ത് ചെയ്യുമ്പോഴും ഇതുമായി ഏറ്റുമുട്ടാതെ വയ്യ. കരിങ്കൽ ഭിത്തിയിൽ നിന്നും ഒരു കല്ലടർത്തി മാറ്റുന്നത് പോലെ അത് വളരെ ബുദ്ധിമുട്ടാണ് താനും. ഈ വീട്ടിലെയും ഓരോ വിശദാംശങ്ങൾക്ക് പിറകിലും നിതാന്ത പരിശ്രമത്തിന്റെ കാണാകഥകളുണ്ട്. ശ്രമകരമായ ആ യാത്രയുടെ ഓർമ്മ കൂടിയാണ് പണിതീരുമ്പോൾ ഇതിനെ മധുരതരമാക്കുന്നത് എന്ന് ഞങ്ങൾക്ക് തോന്നാറുണ്ട്.

manasi-mud-house-bed

പിന്നെ ഇതിൽ ശ്രമിച്ച, ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ട organic ആയ പ്ലാനിങ് രീതിയെ പറ്റിയും പറയാതെ വയ്യ. പ്രചോദനവും ആരാധനയും മത്സരവും ഞങ്ങൾക്കെന്നും പ്രകൃതിയോടാണ്. ചിതലുകളുണ്ടാക്കുന്ന മൺപുറ്റുകൾ പോലെ, കൂരിയാറ്റകളുടെ ഊഞ്ഞാൽ പുരകൾ പോലെ നൈസർഗ്ഗികമായി വളർന്നു വന്ന ഒരു കൊച്ചുവീട് എന്ന സ്വപ്നത്തിനാണ് ഞങ്ങൾ ഇതിൽ ജീവൻ കൊടുക്കാൻ ശ്രമിച്ചത്. ഇതിൽ വീട്ടുകാരെ കാണാൻ കൂട്ടമായെത്തുന്നവർക്കൊന്നു വട്ടത്തിലിരിക്കാൻ പാകത്തിലൊരു പൂമുഖമുണ്ട്. വാതിൽ തുറന്നകത്ത് കയറുമ്പോൾ ഒന്നമ്പരപ്പിക്കാൻ, അകം കുളുർപ്പിക്കാനൊരു കുഞ്ഞ്ആമ്പൽകുളമുണ്ട് പൂന്തോട്ടമുണ്ട്. അതിനു ചുറ്റുമായൊരുക്കിയ വരാന്തയിലും സ്വീകരണമുറിയിലും വരുന്നവർക്കൊക്കെ ഇടമുണ്ട്. അകത്തുനിന്നൊരിത്തിരി സ്ഥലം വരാന്തയിലേക്കെടുത്ത് അവിടെ പഠിക്കാനും പുസ്തകങ്ങൾക്കും സ്ഥലം കണ്ടു. കട്ടിലിനോടൊപ്പം ചുമരലമാറയ്ക്കും മേശയ്ക്കും ഇരിപ്പിടത്തിനും സൗകര്യം കണ്ട മൂന്നു കിടപ്പുമുറികൾ. നടുമുറ്റത്തെ ചുറ്റി പടർന്നു കിടക്കുന്ന അകത്തെ വരാന്തയാണ് ഒരു ഇലഞരമ്പിനെ പോലെ പൂമുഖത്തെയും കാർപോർച്ചിനെയും സ്വീകരണമുറിയെയും ഊണുമുറിയെയും അടുക്കളയേയും കിടപ്പുമുറികളെയും തമ്മിൽ തമ്മിൽ ബന്ധിപ്പിക്കുന്ന ജീവനാഡി. ഇടങ്ങളെല്ലാം ഒരുക്കി ഒഴുകുന്ന മൺചുമരുകളിൽ തിളങ്ങി നിലാവിൽ നക്ഷത്രങ്ങളും അമ്പിളിമാമനും അവിടെ വന്നുപോവാറുണ്ട്. 

manasi-mud-house-kitchen

'ഭൂമിജ' എന്നാൽ ഭൂമിയിൽ നിന്നും ജനിക്കുന്നത് എന്നാണർത്ഥം. ഭൂമിയിൽ നിന്നും ജനിക്കുന്ന ജീവനുള്ള മറ്റെന്തിനെയും പോലെ ജീവനുള്ള കെട്ടിടങ്ങളും നമുക്കുണ്ടാക്കാൻ പറ്റിയിരുന്നെങ്കിൽ എന്നാണ് 'ടീം ഭൂമിജ' യിൽ ഞങ്ങൾ സ്വപ്നം കാണാറുള്ളത്. ഗ്രീക്ക് മിത്തോളജിയിൽ ഈ പ്രപഞ്ചത്തിന്റെ അമ്മയായി, ആദി ദൈവമായി അവർ ആരാധിക്കുന്ന ഭൂമിദേവിയുടെ പേരാണ് ‘GAEA’. ഓരോ ചെറിയ സൃഷ്ടിയിൽ പോലുമുള്ള ജീവന്റെ കൈയ്യൊപ്പുകൊണ്ട് നമ്മെ നിരന്തരം വിസ്മയിപ്പിക്കുന്ന പ്രകൃതിക്ക്, ഈ ഭൂമിയ്ക്ക് സമർപ്പിച്ചുകൊണ്ട് ഞങ്ങൾ ഈ കെട്ടിടത്തെ ‘GAEA’ എന്ന് വിളിക്കുന്നു! 

 

Ar. P. Manasi

ലേഖിക ഭർത്താവ് ആർക്കിടെക്ട് ഗുരുപ്രസാദ് റാണെയുമൊത്ത് പട്ടാമ്പിക്കടുത്ത് ' ഭൂമിജ' എന്ന പേരിൽ ആർക്കിടെക്ചറൽ കൺസൾട്ടൻസി സ്ഥാപനം നടത്തുന്നു.

English Summary- Story of a Mud House; Sustainable Eco- friendly Home Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com