ADVERTISEMENT

തിരൂർ വൈലത്തൂരാണ് ഒപിഎസ് മാൻഷൻ എന്ന ഈ ബ്രഹ്മാണ്ഡവീട് സ്ഥിതി ചെയ്യുന്നത്. റോയൽ- കൊളോണിയൽ ശൈലിയിൽ, വിശാലമായ ലാൻഡ്സ്കേപ്പിനുനടുവിൽ വെണ്മയുടെ പ്രൗഢിയിൽ നിലകൊള്ളുകയാണ് ഈ കൊട്ടാരം. പ്രവാസി വ്യവസായി ഒ.പി ഷാജിയാണ് ഈ വീടിന്റെ ഉടമസ്ഥൻ. 

vailathur-house-morning

വീടിനെക്കുറിച്ച് പറയുംമുൻപ് ലാൻഡ്സ്കേപ്പിങ്ങിനെ കുറിച്ചുപറയണം.ഇത്രയും വിശാലമായ ലാൻഡ്സ്കേപ്പുള്ള വീടുകൾ കേരളത്തിൽ വിരളമാകും. ഗെയ്റ്റ് തുറന്ന് പ്രവേശിക്കുന്നത് പേവിങ് സ്റ്റോൺ വിരിച്ച നീണ്ട ഡ്രൈവ് വേയിലേക്കാണ്. ലാൻഡ്സ്കേപ്പിന്റെ  മധ്യത്തിൽ ഒരു ഫൗണ്ടൻ ഒരുക്കിയിട്ടുണ്ട്. കൂടാതെ വിവിധതരം ചെടികൾ ഇവിടെ ഹരിതാഭ നിറയ്ക്കുന്നു. ചെറിയ ഒത്തുചേരലുകൾക്കായി ഗസീബോ, ഔട്ഡോർ സിറ്റിങ് സ്‌പേസ് എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

vailathur-house-exteriors

അടിമുടി വെള്ളനിറത്തിയിലുള്ള കൊത്തുപണികളും നെടുനീളൻ പില്ലറുകളും പലതട്ടുകളായി ഷിംഗിൾസ് വിരിച്ച മകുടങ്ങളും അനുബന്ധമായി കൂർത്ത അഗ്രമുള്ള ചെറുകെട്ടുകളുമാണ് എലിവേഷന്റെ റോയൽ കൊളോണിയൽ ഭംഗി പ്രതിഫലിപ്പിക്കുന്നത്.

vailathur-house-sitout

പ്രധാനവാതിൽ തുറന്ന് പ്രവേശിക്കുന്നത് അതിഗംഭീരമായ റോയൽ ഹാളിലേക്കാണ്. ആദ്യം കാഴ്ച പതിയുന്നത് ഇരുകൈവരികളായി തുടങ്ങി പടരുന്ന ഗംഭീര സ്റ്റെയർകേസിലേക്കാണ്.

vailathur-house-interiors

ഡബിൾ ഹൈറ്റ് സ്‌പേസുകളുടെ വിശാലത, മുഴുവൻ ഭിത്തികളിലും നിറയുന്ന ഡിസൈൻ വർക്കുകൾ, മുന്തിയ തടിയിൽ കൊത്തിയെടുത്ത ഫർണിഷിങ്, സ്വർണവെളിച്ചം വിതറുന്ന ഷാൻലിയറുകളും ലൈറ്റുകളും...  നിലത്തുവിരിയുന്ന ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢി... അങ്ങനെ ആഡംബരത്തിന്റെ ഔന്നത്യമാണ് ഇവിടെ കാണാനാവുക.

vailathur-house-main-living

വീടിന്റെ അകത്തളത്തിൽ ഫോക്കൽ പോയിന്റ് മാത്രമല്ല, സെൻട്രൽ ഹാളിനു ചുറ്റുമുള്ള സ്‌പേസുകളെ വേർതിരിക്കുന്ന ഒരു ഡിസൈൻ എലമെന്റായും സ്‌റ്റെയർ വർത്തിക്കുന്നു. റോയൽ അറേബ്യൻ മണിമാളികകളെ അനുസ്മരിപ്പിക്കുന്ന അതിമനോഹരമായ കൊത്തുപണികളുള്ള  അലോയ് കൈവരികളാണ് ഇവിടെയുള്ളത്.

സ്‌റ്റെയറിന്റെ വലതുവശത്തായി ഊണുമുറി ചിട്ടപ്പെടുത്തി. 12 പേർക്ക് ഒരേസമയം ഇരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ വിശാലമായ ഊണുമേശയാണ് ഇവിടെയുള്ളത്. വശത്തായി ഭിത്തി വോൾപേപ്പറിൽ ഹൈലൈറ്റ് ചെയ്ത് ക്രോക്കറി  സ്‌പേസും ഉൾപ്പെടുത്തി. ഒരു സ്വർണത്തളിക പോലെയാണ് സമീപമുള്ള വാഷ് ഏരിയയിലെ വാഷ് ബേസിൻ.

vailathur-house-dine

പ്രധാന ഊണുമുറിക്ക് അനുബന്ധമായി മറ്റൊരു മിനി ഡൈനിങ് റൂമുമുണ്ട്. ധാരാളം ബന്ധുക്കളും അതിഥികളും വീട്ടിൽ വിരുന്നെത്താറുണ്ട്. അത്തരം സാഹചര്യത്തിൽ അതിഥികളെ ഉൾക്കൊള്ളാനാണ് ഈ സെക്കൻഡ് ഡൈനിങ്.

vailathur-house-living

വമ്പൻ സ്‌റ്റെയർകേസിന്റെ പിന്നിൽ തികച്ചും സ്വകാര്യതയോടെയാണ് ഫാമിലി ലിവിങ് വിന്യസിച്ചത്. ഇവിടെ ടിവി യൂണിറ്റും സജ്ജമാക്കി. റോയൽ പാലസുകളിൽ ഉള്ളപോലെയുള്ള ഫർണീച്ചറുകളാണ് ഇവിടെയുമുള്ളത്. ടിവി കാണാനും ഒത്തുചേരാനും വീട്ടുകാരുടെ ഫേവറിറ്റ് സ്‌പേസ് കൂടിയാണിവിടം. വോൾപേപ്പറിന്റെ മാസ്മരികതയാണ് ഇവിടെയും ചുവരുകളിൽ നിറയുന്നത്. അങ്ങേയറ്റം പരിപാവനതയോടെ ഒരു പ്രെയർ റൂമും സജ്ജമാക്കി. 

vailathur-house-prayer-hall

ഫൈവ് സ്റ്റാർ ഹോട്ടലുകളെ വെല്ലുന്ന ആഡംബരമാണ് കിടപ്പുമുറികളിൽ നിറയുന്നത്. അതിവിശാലമാണ് എല്ലാ  കിടപ്പുമുറികളും. ഓരോ കിടപ്പുമുറികളും റോയൽ തീമിന്റെതന്നെ വ്യത്യസ്ത ചേരുവകൾ ചാലിച്ചാണ് ഒരുക്കിയിട്ടുള്ളത്.

vailathur-house-interior

റോയൽ തീമിലാണ് കട്ടിലിന്റെ ഡിസൈൻ. മേൽത്തരം കൊത്തുപണികളോട് കൂടിയ ഫോൾസ് സീലിങ്, വാം ടോൺ എൽഇഡി ലൈറ്റുകൾ, ഷാൻലിയർ,  ടിവി യൂണിറ്റ്, സിറ്റിങ് സ്‌പേസുകൾ, വർക്ക് സ്‌പേസ്, അറ്റാച്ഡ് ബാത്റൂമുകൾ, വാക് ഇൻ വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയെല്ലാം കിടപ്പുമുറികളിൽ ഹാജരുണ്ട്.

vailathur-house-bed

റോയൽ സ്‌റ്റെയർകേസ് കയറിയെത്തുന്നത് വിശാലമായ അപ്പർ ലിവിങ് സ്‌പേസിലേക്കാണ്.

vailathur-house-upper

ഇനി മുകൾനിലയിലെ കാഴ്ചകൾ കാണാം.റോയൽ സ്‌റ്റെയർകേസ് കയറിയെത്തുന്നത് വിശാലമായ അപ്പർ ലിവിങ് സ്‌പേസിലേക്കാണ്. ധാരാളം സോഫകൾ, അകമ്പടിയായി മേശകൾ, കർട്ടനുകൾ ഇവിടെ ഹാജർ വയ്ക്കുന്നു.  മുകൾനില മുഴുവൻ റോയൽ സ്‌റ്റെയറിന്റെ കൈവരികൾ പ്രദക്ഷിണം വയ്ക്കുന്നുണ്ട്. 

മകുടാകൃതിയിലുള്ള ട്രിപ്പിൾ ഹൈറ്റ് സീലിങ്ങും അതിൽ ഘടിപ്പിച്ച സ്വർണ്ണപ്രഭ നിറയ്ക്കുന്ന ഷാൻലിയറുമാണ് മുകൾനിലയിലെ പ്രധാന ആകർഷണം. താഴത്തെ നിലയുടെ വിഹഗവീക്ഷണവും ഇവിടെനിന്നാൽ ലഭിക്കും.

vailathur-house-upper-hall

താഴത്തെ നിലയിലുള്ള കിടപ്പുമുറികളുടെ അതേതീമിലാണ് മുകളിലുള്ള കിടപ്പുമുറികളും ചിട്ടപ്പെടുത്തിയത്.

മുകൾനിലയിലെ മറ്റൊരാകർഷണം നീളൻ പാർട്ടി ഹാളാണ്. ഒരു മിനി ഓഡിറ്റോറിയത്തിന്റെ മാതൃകയിലാണ് ഇത് ഒരുക്കിയത്. കുടുംബത്തിലെ ചെറിയ  ചടങ്ങുകളും ഗൃഹനാഥന്റെ ചെറിയ ബിസിനസ് കോൺഫറൻസുകളുമൊക്കെ ഇവിടെവച്ചു നടത്താം.

vailathur-house-party-hall

ഓഡിറ്റോറിയങ്ങളിൽ ഉള്ളപോലെ വ്യത്യസ്ത സെറ്റുകളായി സീറ്റിങ് അറേഞ്ച്മെന്റ് ഒരുക്കി. അതിനേക്കാൾ അൽപം ഉയരത്തിൽ പ്രധാനവേദിയും ചിട്ടപ്പെടുത്തി. ഹാളിന് സമാന്തരമായി സീലിങ്ങിൽ നെടുനീളത്തിലുള്ള ലൈറ്റിങ്ങാണ് ഇവിടം റോയലാക്കുന്നത്.പാർട്ടി ഹാളിന് അനുബന്ധമായി ജിം സ്‌പേസുമുണ്ട്.

വിശാലമായ ബാൽക്കണിയും ഓപ്പൺ ടെറസുമാണ് വീട്ടിൽ ഒരുക്കിയിട്ടുള്ളത്. വീടിന്റെ പ്രൗഢഗംഭീരമായ ലാൻഡ്സ്കേപ്പും എൻട്രൻസുമെല്ലാം ഇവിടെനിന്നാസ്വദിക്കാം.

vailathur-house-night-views

മറ്റൊരു ലോകത്തെത്തിയ പ്രതീതിയാണ് ഇവിടെയുള്ള കിച്ചൻ ഏരിയയിലേക്കെത്തിയാൽ. ഐലൻഡ് മാതൃകയിലുള്ള പ്രധാന അടുക്കള, അനുബന്ധമായി ഷോ കിച്ചൻ, അതിനുമപ്പുറം വർക്കേരിയ എന്നിങ്ങനെയാണ് കിച്ചന്റെ വിന്യാസം. ഗ്രേ നിറമുള്ള സെറാമിക്ക് ക്ലാഡിങ് പതിച്ചാണ് കിച്ചൻ വോളുകൾ ഹൈലൈറ്റ് ചെയ്തത്.

vailathur-house-kitchen

വിശാലമായ ലാൻഡ്സ്കേപ്പിന്റെ മൂന്നുവശത്തുനിന്നും വ്യത്യസ്തമായ കാഴ്ചയാണ് വീടിനുലഭിക്കുന്നത്. രാത്രിയിൽ വീടിന്റെ ചുവരുകളിലെയും ലാൻഡ്സ്കേപ്പിലെയും സ്വർണവർണമാർന്ന ലൈറ്റുകൾ കൺതുറക്കുമ്പോൾ സ്വർഗം താണിറങ്ങി വന്നതുപോലെയുള്ള ഒരനുഭവമാണ് ലഭിക്കുന്നത്.  ചുരുക്കത്തിൽ ആഡംബരക്കാഴ്ചകൾ കൊണ്ട് കാണുന്നവരുടെയെല്ലാം ഹൃദയം കവരുകയാണ് ഈ വീട്.

vailathur-house-night

ചിത്രങ്ങൾ- അഖിൽ കൊമാച്ചി; വിഡിയോ- അഖിൻ കൊമാച്ചി 

മലയാളത്തിലെ No.1 വീട് ചാനൽ- Subscribe Now

English Summary- Ultra Luxuru OPS Mansion Vailathur; Biggest Kerala House in 2022 HomeTour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com