ADVERTISEMENT

ഇന്ന് ലോകപരിസ്ഥിതി ദിനമാണല്ലോ. സാധാരണ 364 ദിവസവും പ്രകൃതിയെ ദ്രോഹിച്ചിട്ട് ഇന്നൊരു ദിവസം പ്രകൃതിസ്നേഹം വിളമ്പുന്നതാണ് നമ്മുടെ പൊതുരീതി. അതിൽനിന്ന് വേറിട്ടുനിൽക്കുന്ന ഒരു കൂട്ടരുണ്ട്. ചെലവ് കുറഞ്ഞ പരിസ്ഥിതിസൗഹൃദ നിർമിതിയുടെ പ്രചാരകരായ കോസ്റ്റ് ഫോഡ്. ഇവർ നിർമിച്ച നിരവധി വീടുകൾ ഇവിടെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇന്ന് അത്തരമൊരു പുതിയ വീട് കണ്ടുവരാം.

eco-house-thrissur-sitout

തൃശൂർ ചാലക്കുടിയിലാണ് ബിപിസിഎൽ ജീവനക്കാരനായ വിനിലിന്റേയും കുടുംബത്തിന്റെയും പുതിയ വീട്. തങ്ങളുടെ പോക്കറ്റിൽ ഒതുങ്ങുന്ന തികച്ചും പ്രകൃതിസൗഹൃദമായ ഒരു വീട് വേണം എന്നതായിരുന്നു ഇവരുടെ ആവശ്യം. തൃപ്രയാർ കോസ്റ്റ് ഫോഡിലെ ഡിസൈനറായ ശാന്തിലാലാണ് ഈ വീടിന്റെ ശിൽപി.

eco-house-thrissur-living

കോൺക്രീറ്റിന്റെ ഉപയോഗം പരമാവധി കുറച്ചാണ് വീടുപണിതത്. സിമന്റില്ലാതെ ഡ്രൈ റബിൾ മേസനറിയിലാണ് അടിത്തറ പണിതത്. വെട്ടുകല്ലുകൊണ്ടാണ് ഭിത്തികെട്ടിയത്. സിമന്റിന് പകരം ചുവന്നമണ്ണും കുമ്മായവും കൂട്ടികലർത്തിയാണ് വെട്ടുകല്ല് പോയിന്റ് ചെയ്തത്. ഓടുവച്ചുവർക്കുന്ന ഫില്ലർ സ്ളാബ് ശൈലിയിലാണ് മേൽക്കൂര നിർമിച്ചത്. മുകളിലെ മേൽക്കൂര ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. ഇതിന്റെതാഴെ ബാംബൂസീലിങ്ങും ചെയ്തിട്ടുണ്ട്. താഴെ വരാന്തയും പൂമുഖവും വരുന്ന ഭാഗം പഴയ മേച്ചിലോട് പുനരുപയോഗിച്ചിരിക്കുകയാണ്.

നീണ്ട പൂമുഖം, വശങ്ങളിൽ വരാന്ത, അകത്തേക്ക് കയറുമ്പോൾ മധ്യത്തിലായി കോർട്യാർഡ്, സ്വീകരണമുറി, ഡൈനിങ്, കിച്ചൻ, രണ്ട് കിടപ്പുമുറികൾ എന്നിവയാണ് താഴത്തെനിലയിലുള്ളത്. മുകൾനിലയിൽ ഒരുകിടപ്പുമുറി, ലിവിങ്, റീഡിങ് സ്‌പേസ് എന്നിവയുമുണ്ട്. മൊത്തം 2200 ചതുരശ്രയടിയാണ് വിസ്തീർണം.

eco-house-thrissur-court

വീട്ടിലെ ജനൽ, വാതിൽ കട്ടിളകളടക്കം പഴയ വീടുകൾ പൊളിച്ചിടത്തുനിന്ന് വാങ്ങി പുനരുപയോഗിച്ചിരിക്കുകയാണ്. ബാത്റൂം, കിച്ചൻ പോലെ ഈർപ്പസാധ്യതയുള്ള ഇടങ്ങളിൽമാത്രമാണ് ചുവരുകളിൽ സിമന്റ് ഫിനിഷ് ചെയ്തിരിക്കുന്നത്. ബാക്കിയെല്ലാം മണ്ണും കുമ്മായവും ഇടകലർത്തിയാണ് പ്ലാസ്റ്റർ ചെയ്തിരിക്കുന്നത്. ചിലയിടങ്ങളിൽ വെട്ടുകല്ല് ഭിത്തി തേക്കാതെ നിലനിർത്തി.

eco-house-thrissur-stair

ഡബിൾ ഹൈറ്റിലുള്ള കോർട്യാർഡാണ് ഉള്ളിലെ ശ്രദ്ധാകേന്ദ്രം. മുകൾനിലയിൽ ഗ്ലാസ് സീലിങ്ങാണ്. ഇതുവഴി പ്രകാശം സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു.

eco-house-thrissur-upper

ഒട്ടും സ്ഥലം പാഴാക്കാതെയാണ് സ്‌റ്റെയറിന്റെ ഡിസൈൻ. മെറ്റൽ ഫ്രയിമിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് ഇത് നിർമിച്ചത്. സ്ക്വയർ ട്യൂബാണ് കൈവരികളായി ഉപയോഗിച്ചത്. സ്‌റ്റെയറിന്റെ താഴെ വാഷ് ബേസിൻ ക്രമീകരിച്ചു.

eco-house-thrissur-stiar

കോർട്യാർഡ്- ഡൈനിങ്ങ്- കിച്ചൻ എന്നിവയെല്ലാം ഓപ്പൺ ഹാളിന്റെ ഭാഗമാണ്. കിച്ചന്റെ ഡൈനിങ്ങിനോട് ചേർന്ന കൗണ്ടറിൽ കസേരയിട്ടാൽ ബ്രേക്‌ഫാസ്റ്റ് കൗണ്ടറായും ഉപയോഗിക്കാം.

eco-house-thrissur-dine

മൂന്നു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം കൊടുത്തിട്ടുണ്ട്.

eco-house-thrissur-bed

നട്ടുച്ചയ്ക്ക്പോലും വീടിനുള്ളിൽ ഒരു കോൺക്രീറ്റ് വീടുമായി താരതമ്യം ചെയ്യുമ്പോൾ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. ഫാൻ ഇടേണ്ട കാര്യമില്ല. കോർട്യാർഡിലൂടെ ധാരാളം നാച്ചുറൽ ലൈറ്റ് എത്തുന്നതിനാൽ പകൽ ലൈറ്റും ഉപയോഗിക്കേണ്ട കാര്യമില്ല.

eco-house-thrissur-sitout-view

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 34 ലക്ഷം രൂപയാണ് വീടിന് ചെലവായത്. ഇതാണോ ചെലവ് കുറഞ്ഞത് എന്നുചോദിക്കാൻ വരുന്നതിനുമുമ്പ് ഒരുകാര്യം മനസിലാക്കുക. നിലവിൽ 2200 ചതുരശ്രയടിയുള്ള കോൺക്രീറ്റ് വീട് പണിതു ഫർണിഷ് ചെയ്യണമെങ്കിൽ കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലുമാകും.

 

Project facts

Location- Chalakudy, Thrissur

Area- 2200 Sq.ft

Owner Vinil Viswanath

Designer- Santilal

Costford, Thrissur

Mob- 9747538500

Y.C- 2021

Budget- 34 Lakhs

English Summary- Eco friendly House Thrissur; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com