തൃശൂർ കൊടുങ്ങല്ലൂരിൽ സഫലമാക്കിയ പുതിയ (പഴയ) വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.
25 വർഷത്തോളം പഴക്കമുള്ള വീട്ടിൽ അസൗകര്യങ്ങൾ നിരവധിയുണ്ടായിരുന്നു. ഇരുട്ടുമുറികളായിരുന്നു പ്രധാനപ്രശ്നം. ആദ്യം വീട് പൊളിച്ചുകളഞ്ഞു പുതിയൊരെണ്ണം പണിയാം എന്നാണ് പദ്ധതിയിട്ടത്. പക്ഷേ ഞങ്ങളുടെ ബജറ്റ് പരമാവധി 40 ലക്ഷമായിരുന്നു.

വീടുപണി ഏറ്റെടുത്ത ആർക്കിടെക്ട് മഹേഷും ടീമും പഴയ വീട് പരിശോധിച്ചപ്പോഴാണ് പുതുക്കി പണിയാം എന്ന ആശയം മുന്നോട്ടുവച്ചത്. കാരണം പഴയ വീട്ടിലെ മുറികൾ ഇരുട്ടുമുറികളാണെങ്കിലും അത്യാവശ്യം വലുപ്പമുള്ളതായിരുന്നു. ചെറിയ ബജറ്റിൽ പുതിയ വീട് പണിയാൻപോയാൽ ഒരുപക്ഷേ പഴയ വീട്ടിലെ അത്രയും സ്ഥലം ലഭിച്ചെന്നുവരില്ല. ഞാനും ഒരു എൻജിനീയറാണ്. അതുകൊണ്ട് അവർ പറഞ്ഞതിൽ കാര്യമുണ്ടെന്ന് മനസ്സിലായി. അങ്ങനെ ഞങ്ങൾ ആ ആശയം സ്വീകരിച്ചു.
സ്ട്രക്ചറിൽ അധികം പൊളിച്ചുപണികൾ ഇല്ലാതെയാണ് നവീകരണം സാധ്യമാക്കിയത്. പഴയ ചരിഞ്ഞ ടെറസ് നിലനിർത്തി അതിനുമുകളിൽ ട്രസ് ചെയ്ത് ഓടുവിരിച്ചു. ഇങ്ങനെ പഴയ സ്ട്രക്ചറിനെ പൊതിഞ്ഞുനിൽക്കുന്ന പുതിയ സ്ട്രക്ചർ വീടിനുലഭിച്ചു.
മുറ്റത്തിന്റെയും ഗെയ്റ്റിന്റെയും ഓറിയന്റേഷൻ മാറ്റിയത് നിർണായകമായി. നേരത്തെ വീടിനു തൊട്ടുമുന്നിലായിരുന്നു ഗെയ്റ്റ്. അതിനാൽ അത്യാവശ്യം സ്ഥലം വശങ്ങളിൽ ഉണ്ടായിട്ടും ഇടുക്കം അനുഭവപ്പെടുമായിരുന്നു. ഇപ്പോൾ ഗെയ്റ്റ് 25 മീറ്റർ വശത്തേക്ക് മാറ്റി നൽകി. അതുകൊണ്ട് ഇപ്പോൾ വീടിന്റെ ലോങ് വ്യൂ ആസ്വദിക്കാനും ലാൻഡ്സ്കേപ്പിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് മുറ്റത്തേക്ക് കയറാനും സാധിക്കുന്നു.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, രണ്ട് കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2900 ചതുരശ്രയടി വീട്ടിലുള്ളത്.
അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. അനാവശ്യ ഇടച്ചുവരുകൾ പൊളിച്ചുകളഞ്ഞു തുറന്ന നയത്തിലേക്ക് അകത്തളത്തെ മാറ്റി. എല്ലാ മുറികളിലും വലിയ ജാലകങ്ങൾ കൊടുത്തു. അങ്ങനെ പഴയ ഇരുട്ടുമുറികളിൽ വെളിച്ചം വിരുന്നെത്തി.

പഴയ മങ്ങിയ മൊസൈക് നിലത്തിനുമുകളിൽ വിട്രിഫൈഡ് ടൈൽസ് വിരിച്ചു. ഇതോടെ അകത്തളം കൂടുതൽ വിശാലവും പ്രസന്നവുമായി. ഉള്ളിലെ കാഴ്ചകളും അനുഭവങ്ങളും നവീകരിക്കപ്പെട്ടു. ഫർണിച്ചറുകൾ മിക്കതും അകത്തളവുമായി യോജിക്കുംവിധം പ്രത്യേകം അളവെടുത്ത് നിർമിച്ചതാണ്.

ലോക്ഡൗൺ സമയത്ത് വീട്ടിലിരുന്നപ്പോൾ ഞങ്ങൾക്ക് ഗാർഡനിങ്ങായിരുന്നു പ്രധാന ടൈംപാസ്സ്. പുതിയ വീട്ടിൽ ആ ചെടികളെയെല്ലാം കുടിയിരുത്തണം, അതിനുള്ള ഇടങ്ങളുണ്ടാകണം എന്നാദ്യമേ ആർക്കിടെക്ടിനോട് പറഞ്ഞിരുന്നു. അങ്ങനെയാണ് വീടിന്റെ മിക്ക സ്‌പേസുകൾക്കും അനുബന്ധമായി പച്ചത്തുരുത്തുകൾ രൂപപ്പെട്ടത്. ഇവിടെ കോഫീ ടേബിളും കസേരകളുമുണ്ട്. ഞങ്ങളുടെ വീട്ടിലെ ഫേവറിറ്റ് സ്‌പേസ് ഇതാണ്. എത്ര ടെൻഷനുണ്ടെങ്കിലും ഇവിടെയിരുന്ന് ഒരു ചൂടുകാപ്പി കുടിച്ചാൽ അല്ലെങ്കിൽ സംസാരിച്ചിരുന്നാൽ മനസ്സിലെ ടെൻഷനെല്ലാം അലിഞ്ഞുപോകും.

നീളൻ സൈഡ് കോർട്യാർഡാണ് വീടിന്റെ ഹൈലൈറ്റ്. ഫോർമൽ ലിവിങ്ങിൽനിന്ന് ഇവിടേക്കിറങ്ങാം. ഇവിടെ സുരക്ഷയ്ക്കായി വശത്ത് ഗ്രില്ലുകളുണ്ട്. മുകളിൽ ടഫൻഡ് ഗ്ലാസ് വിരിച്ചു. ഞങ്ങളുടെ ചെടി കലക്‌ഷനിൽ നല്ലൊരു പങ്കും ഇവിടെ ഹാജർവയ്ക്കുന്നു.

പഴയ ഇടുങ്ങിയ അടുക്കള ഓപ്പൺ നയത്തിലേക്ക് മാറ്റി. മറൈൻ പ്ലെ ഫിനിഷിൽ ക്യാബിനറ്റ്സ് പരിഷ്കരിച്ചു. കൗണ്ടറിൽ വൈറ്റ് കിച്ചൻ ടൈൽസ് വിരിച്ചു. മധ്യത്തിലായി ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും സജ്ജീകരിച്ചു.

താഴെ മൂന്നും മുകളിൽ ഒരു കിടപ്പുമുറിയുമാണുള്ളത്. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകി. മുറികളിൽ ഇരുന്നാൽ പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കുകയുമാകാം.

ചുരുക്കത്തിൽ 40 ലക്ഷം രൂപയ്ക്ക് ഞങ്ങളുടെ മുഖം മിനുക്കിയ പുതിയ വീട് സഫലമായി. വീട്ടിലെത്തുന്ന പുതിയ അതിഥികളോട് പറയുമ്പോൾ മാത്രമാണ് അവർക്കിത് പുതുക്കിപ്പണിത വീടാണെന്ന് മനസ്സിലാകുന്നത്.

Project facts
Location- Kodungallur, Thrissur
Area- 2900 Sq.ft
Owner- Satheesh Kumar
Architects- Mahesh Ramakrishnan, Arun T.S
Viewpoint Dezigns Thrissur
Mob- 8606531611
Y.C-2020
Budget- 40 Lakhs
Photos- Ar. Midhul K.M
English Summary- Best Renovated House Kerala Plans; Veedu Magazine Malayalam