അവിശ്വസനീയം! വെറും 23 ലക്ഷത്തിന് ആഡംബരവീട്; എന്താണ് ഇതിന്റെ രഹസ്യം?
Mail This Article
സ്ഥല- സാമ്പത്തിക പരിമിതികളെ അതിജീവിച്ച് വീടുപണിത കഥ വീട്ടുകാർ പങ്കുവയ്ക്കുന്നു.
എന്റെ പേര് ഷൈജൽ. നാട്ടിൽ ബിസിനസാണ്. വീട് എന്ന സ്വപ്നത്തിലേക്കുള്ള ആദ്യപടിയായി കോഴിക്കോട് ഫറോക്കിനടുത്ത് 6 സെന്റ് സ്ഥലം രണ്ടുകൊല്ലം മുൻപ് വാങ്ങി. അപ്പോൾത്തന്നെ കയ്യിൽനിന്ന് നല്ലൊരു തുക ചെലവായി. പിന്നീട് വീട് പണിയാൻ പരമാവധി 25 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്.
എന്റെ അടുത്ത സുഹൃത്തും ഡിസൈനറുമായ ഇജാസിനെയാണ് വീടുപണി വിശ്വസിച്ചേൽപിച്ചത്. ഇജാസ് പുള്ളിയുടെ സഹോദരനുവേണ്ടി ഒരു ബജറ്റ് വീട് നിർമിച്ചത് ഞങ്ങൾക്ക് ഇഷ്ടമായിരുന്നു.
വീതി വളരെ കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടായിരുന്നു വെല്ലുവിളി. ഇതിൽ ഫിറ്റ് ചെയ്യുംവിധം ബോക്സ് മാതൃകയിലാണ് എലിവേഷൻ ചിട്ടപ്പെടുത്തിയത്. അടിത്തറ പണിതുകഴിഞ്ഞപ്പോൾ കോവിഡ് തരംഗം മൂലം 6 മാസം പണി നിർത്തിവയ്‌ക്കേണ്ടിവന്നു.
ഗ്രീൻ നിറത്തിലുള്ള ഡബിൾഹൈറ്റ് ഷോവോളാണ് വീടിന്റെ പുറംകാഴ്ചയിലെ ആകർഷണം. ഇതിൽ താഴെയും മുകളിലും യുപിവിസി ജനാലകളുണ്ട്. ഇതുകൂടാതെ സിറ്റൗട്ടിന്റെ മുകളിൽ കുറച്ചിട വെട്ടുകല്ലിന്റെ നിറമുള്ള ടൈൽസും ഒട്ടിച്ചിട്ടുണ്ട്. സ്ട്രക്ചർ താഴത്തെ നില വെട്ടുകല്ലുകൊണ്ടും മുകൾനില ഭാരംകുറയ്ക്കാനായി ഹുരുഡീസ് കൊണ്ടുമാണ് കെട്ടിയത്. ഇത് ചെലവും അൽപം ലാഭിച്ചു.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, രണ്ടു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം, കിച്ചൻ, വർക്കേരിയ, സ്റ്റോർ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം, സ്റ്റഡി ഏരിയ എന്നിവയുമുണ്ട്. മൊത്തം 1800 ചതുരശ്രയടിയാണ് വിസ്തീർണം.
ഒരു മേൽത്തരം ബജറ്റ് വീട്ടിൽ പ്രതീക്ഷിക്കാവുന്ന വിധം അകത്തളം ഒരുക്കിയിട്ടുണ്ട്. ചെറിയ സിറ്റൗട്ട് കടന്ന് പ്രവേശിക്കുന്നത് ലിവിങ്ങിലേക്കാണ്. ഇവിടെ വശത്തെ ഭിത്തി വുഡൻ ഫിനിഷ്ഡ് ടൈൽസ് വിരിച്ചു ഹൈലൈറ്റ് ചെയ്തു. ഒരു ഷോകേസാണ് ലിവിങ്- ഡൈനിങ് ഇടങ്ങൾ വേർതിരിക്കുന്നത്. അതിനുമുകളിൽ മൾട്ടിവുഡ് സിഎൻസി ജാളി സ്‌ക്രീനുമുണ്ട്.
വീട്ടിലെ ഹൃദയം ഡബിൾഹൈറ്റിൽ ഒരുക്കിയ ഡൈനിങ് ഹാളാണ്. ഇരുനിലകളെയും ബന്ധിപ്പിക്കുന്ന സ്‌പേസായും ഇവിടം വർത്തിക്കുന്നു. മുകളിൽനിന്നും ഡൈനിങ്ങിലേക്ക് നോട്ടവുമെത്തും. ഇവിടെ മാത്രം മേൽക്കൂര ജിഐ ട്രസ് വർക്ക് ചെയ്ത് ഓടുവിരിച്ചിരിക്കുകയാണ്. വുഡ്+ ഗ്ലാസ് കോമ്പിനേഷനിലാണ് ഡൈനിങ് ടേബിൾ. അനുബന്ധമായി വാഷ് ഏരിയയുമുണ്ട്. ഡൈനിങ്ങിൽ ടിവി യൂണിറ്റും വേർതിരിച്ചു.
മെറ്റൽ സ്ട്രക്ചറിൽ തടി പൊതിഞ്ഞാണ് സ്‌റ്റെയർ. വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ് കൈവരികൾ. സ്‌റ്റെയറിന്റെ താഴെ പ്രെയർ റൂം വേർതിരിച്ച് സ്ഥലം ഉപയുക്തമാക്കി. ഇവിടെയും സിഎൻസി കട്ടിങ്ങുള്ള ജാളി സ്‌ക്രീനുണ്ട്. സ്‌റ്റെയറിന്റെ ആദ്യ ലാൻഡിങ്ങിൽ ഒരു സ്റ്റഡി ഏരിയയും വേർതിരിച്ചു.
കേരളത്തിൽ സ്ട്രക്ചർ പണികഴിഞ്ഞു ഇന്റീരിയർ ഫർണിഷിങ്ങിലെത്തുമ്പോഴാണ് ചെലവ് പലപ്പോഴും പിടിവിട്ടുപോകുന്നത്. ഞങ്ങൾ ആദ്യമേ തടി കൊണ്ടുള്ള ഫർണിഷിങ് ക്വൊട്ടേഷൻ ചോദിച്ചപ്പോൾ 14 ലക്ഷത്തിന്റെ എസ്റ്റിമേറ്റാണ് ലഭിച്ചത്. പിന്നീട് തടി ഒഴിവാക്കി ബദൽ സാമഗ്രികളിലേക്ക് ( സ്റ്റീൽ, ഗ്ലാസ്, യുപിവിസി) മാറിയപ്പോൾ ഇന്റീരിയറിൽ ആദ്യം പറഞ്ഞ എസ്റ്റിമേറ്റിൽനിന്ന് 10 ലക്ഷത്തോളം രൂപ ലാഭിക്കാനായി.
കോഴിക്കോട് ഗുജറാത്തി ടൈൽസ് ഹോൾസെയിലായി വിൽക്കുന്ന കടകളുണ്ട്. അവിടെനിന്നാണ് ടൈൽസ് വാങ്ങിയത്. ഷോറൂമിൽ നിന്നുവാങ്ങുന്നതിനേക്കാൾ ലാഭത്തിൽ ടൈൽസ് കിട്ടി (സ്ക്വയർഫീറ്റിന് 35 രൂപ).
സ്റ്റോറേജിനു പ്രാധ്യാന്യം നൽകിയാണ് നാലു കിടപ്പുമുറികളും. 14X13, 12X11 സൈസിലാണ് മുറികൾ. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസുകളും ചിട്ടപ്പെടുത്തി.
എസിപി (Aluminium Composite Panel) യെക്കാൾ ക്വാലിറ്റിയുള്ള ഐലൻഡ് ഷീറ്റ് കൊണ്ടാണ് കിച്ചൻ ക്യാബിനറ്റ് നിർമിച്ചത്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഒരർഥത്തിൽ ഫർണിഷിങ് സാമഗ്രികളിൽ ഏറ്റവും ചെലവായത് ഇതിനാണ്. കിച്ചൻ, സ്റ്റോർ, വർക്കേരിയ എന്നിവ ഏകദേശം 1.20 ലക്ഷത്തിന് തീർക്കാനായി.
എന്റെയൊരു സുഹൃത്തിന് ഇന്റർലോക്ക് ടൈലുകളുടെ ബിസിനസാണ്. അവന്റെ കടയിൽനിന്ന് ചെറിയ പൊട്ടലുകളുള്ള( പുറമെ ദൃശ്യമാകാത്ത) സെക്കന്റ് ക്വാലിറ്റി ടൈൽസ് വാങ്ങി മുറ്റവും വീടിനുചുറ്റും വിരിച്ചു. വളരെ ലാഭത്തിൽ ഇത് ചെയ്യാനായി.
അങ്ങനെ കുറച്ചുമാസത്തെ ഓട്ടപ്പാച്ചിലിനൊടുവിൽ സ്ട്രക്ചറും ഫർണിഷിങ്ങും ഉൾപ്പെടെ 23 ലക്ഷം രൂപയ്ക്ക് ഞങ്ങളുടെ സ്വപ്നഭവനം പൂർത്തിയായി. നിലവിൽ 1800 ചതുരശ്രയടിയുള്ള ഒരു വീട് ഇതുപോലെ പണിതു ഫർണിഷ് ചെയ്‌തൊരുക്കാൻ കുറഞ്ഞത് 40 ലക്ഷം രൂപയെങ്കിലുമാകും എന്നോർക്കണം. അവിടെയാണ് ഞങ്ങളുടെ വീടിന്റെ വിജയവും ഞങ്ങളുടെ സന്തോഷവും..
Project facts
Location- Feroke, Calicut
Plot- 6 cent
Area- 1800 Sq.ft
Owner- Shyjel
Designer- Ijas Ahmed
I Is style Architects
Mob- 9497213632
Y.C- July 2022
Budget- 23 Lakhs
ചിത്രങ്ങൾ- അജീബ് കൊമാച്ചി
English Summary- Best Budget House in 2022 in Kerala; Veedu Magazine Malayalam