ADVERTISEMENT

തലശ്ശേരിക്കടുത്ത് ചേറ്റംകുന്ന് എന്ന സ്ഥലത്താണ് പ്രവാസിയായ ജാഫറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഗൃഹനാഥൻ ഖത്തറിൽ നിർമാണമേഖലയിൽ ബിസിനസ്സാണ്. അതുകൊണ്ടുതന്നെ നാട്ടിൽ വീട് വയ്ക്കുമ്പോൾ അതൊരു സിഗ്നേച്ചർ നിർമിതിയാകണം എന്ന് നിർബന്ധമുണ്ടായിരുന്നു.

thalaseery-house-exterior

റോയൽ അറേബ്യൻ+ ക്ലാസിക് ശൈലികൾ സമന്വയിപ്പിച്ചാണ് ഈ വമ്പൻ വീട് രൂപകൽപന ചെയ്തത്. ആരുടേയും കണ്ണുകളെ അമ്പരപ്പിക്കുന്ന ആഡംബരക്കാഴ്ചകളാണ് ഉള്ളിൽ ഒരുക്കിയിരിക്കുന്നത്. അകത്തെ കാഴ്ചകൾക്ക് മുന്നോടിയായുള്ള ടീസർ പോലെയാണ് എലിവേഷൻ. ഡബിൾഹൈറ്റിലുള്ള വമ്പൻ പില്ലറുകളും ഡബിൾഹൈറ്റ് പോർച്ചും ഷാൻലിയറുമാണ് പുറംകാഴ്ചയിലെ താരങ്ങൾ.

thalaseery-house-side

2022 ജനുവരിയിൽ സ്ട്രക്ചർ വർക്കുകൾ പൂർത്തിയായി ഇന്റീരിയർ ടീമിനെ പണിയേൽപിച്ചു. ഖത്തറിൽ ലോകകപ്പ് ഫുട്‍ബോൾ നടക്കുന്നതിനാൽ ഗൃഹനാഥനും കുടുംബത്തിനും ജൂലൈയിൽ പാലുകാച്ചൽ നടത്തി തിരിച്ചുപോകണമായിരുന്നു. അതിനാൽ വെറും ആറുമാസം കൊണ്ടാണ് ഇത്രയും കമനീയമായ അകത്തളങ്ങൾ ഒരുക്കിയതെന്നതാണ് ഇതിന്റെ പിന്നിലുള്ള മറ്റൊരു രഹസ്യം.

thalaseery-house-hall

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, ഷോ കിച്ചൻ, പാൻട്രി കിച്ചൻ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ ഒരുക്കിയത്. മുകൾനിലയിൽ നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയുമുണ്ട്. മൊത്തം 9000 ചതുരശ്രയടിയാണ് വിസ്തീർണം.

thalaseery-house-living

മുന്തിയ ആഡംബരം നിറയുന്ന അകത്തളങ്ങളാണ് പ്രധാനവാതിൽ മുതൽ കാത്തിരിക്കുന്നത്. വാതിലിന്റെ മുകളിൽ ഡബിൾഹൈറ്റിലുള്ള കൊത്തുപണികളുള്ള ജാലകം മഹാഗണിയിൽ കൊത്തിയെടുത്തതാണ് ( ഒറ്റനോട്ടത്തിൽ സിഎൻസി ജാളി കട്ടിങ് ചെയ്തതെന്ന് തോന്നും). മുന്തിയ ഇറ്റാലിയൻ മാർബിളാണ് നിലത്തുവിരിച്ചത്. ഇതിൽ ഗോൾഡൻ ലൈറ്റുകൾ വീഴുന്നതോടെ അകത്തളം കൂടുതൽ കമനീയമാകുന്നു.

thalaseery-house-floor

ഇന്റീരിയറിലെ മറ്റൊരു സവിശേഷത 90 ശതമാനം ഭിത്തികളും പുറത്തുകാണുന്നില്ല എന്നതാണ്. അതായത് വീടിനുള്ളിലെ ഭൂരിഭാഗം ഭിത്തികളും പാനലിങ് ചെയ്ത ഭംഗിയാക്കിയിരിക്കുന്നു. മഹാഗണി+മൾട്ടിവുഡ് പാനലിങ് കൂടാതെ തുർക്കിയിൽനിന്ന് ഇറക്കുമതി ചെയ്ത വോൾപേപ്പറും കർട്ടനുകളും ഭിത്തിക്കുള്ള വസ്ത്രമെന്നപോലെ ഇന്റീരിയർ ഫാഷനബിളാക്കുന്നു. ഇന്തോനേഷ്യയിൽ നിന്ന് ഇറക്കുമതി ഫർണീച്ചറുകളാണ് അകത്തളങ്ങൾക്ക് മിഴിവുപകരുന്നത്. ഇന്റീരിയർ ഫർണിഷിങ് ചെയ്ത സ്ഥാപനത്തിന്റെ സ്വന്തം ഫാക്ടറിയിൽ നിന്നാണ് ഇത് എത്തിച്ചത്.

thalaseery-house-lights

ഡബിൾഹൈറ്റ് സ്‌പേസുകളുടെ സങ്കലനമാണ് ഉള്ളിൽ വിശാലത നിറയ്ക്കുന്നത്. അകത്തേക്ക് കയറുമ്പോൾ ആദ്യം സ്വകാര്യതയുടെ ഗസ്റ്റ് ലിവിങ് വേർതിരിച്ചു. ഡൈനിങ്- ഫാമിലി ലിവിങ്- സ്‌റ്റെയർ എന്നിവ വിശാലമായ ഓപ്പൺ ഹാളിന്റെ ഭാഗമാണ്.

thalaseery-house-inside

വാം ടോൺ ലൈറ്റിങ്ങിന്റെ മായാജാലമാണ് ഉള്ളിൽനിറയുന്നത്. സ്വർണപ്രപഞ്ചം തീർക്കുന്ന ഷാൻലിയറുകൾ ദുബായിൽനിന്ന് ഇറക്കുമതി ചെയ്തതാണ്. അതുപോലെ വ്യത്യസ്ത ഡിസൈൻ കട്ടിങ്ങുള്ള ജിപ്സം ഫോൾസ്  സീലിങ്ങും എൽഇഡി ലൈറ്റുകളും ഓരോ മുറികളെയും വ്യത്യസ്തമാക്കുന്നു.

thalaseery-house-upper

12 പേർക്കിരുന്ന് ഭക്ഷണം കഴിക്കാവുന്ന മുന്തിയ ഡൈനിങ് സെറ്റാണ് ഡൈനിങ്ങിലെ ശ്രദ്ധാകേന്ദ്രം. ബ്ലൂ മാർബിൾ ടെക്സ്ചർ പെയിന്റ് ചെയ്ത ഡബിൾഹൈറ്റ് ഭിത്തി കോമൺ ഹാളിലെ ഫോക്കൽ പോയിന്റാണ്. ഇതുപോലെ ഓരോ ഇടങ്ങളെയും സജീവമാകുന്ന മാജിക്കുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

thalaseery-house-dine

സ്‌റ്റെയറും  കൈവരികളുമാണ് മറ്റൊരാകർഷണം. അലോയ് ഹാൻഡ്‌മെയ്‌ഡ്‌ ഡിസൈനിലാണ് കൈവരികളിലെ കൊത്തുപണികൾ. ആന്റിക് ഗോൾഡ് പെയിന്റ് അടിച്ചതോടെ ഇതിന് സ്വർണത്തിന്റെ തിളക്കം കൈവന്നു. കൈവരികൾ മുകൾനില വലയംവയ്ക്കുന്നുണ്ട്.

thalaseery-house-stair

കമനീയ കാഴ്ചകൾ കിച്ചനിലും തുടരുന്നു. അക്രിലിക്+ ലാമിനേറ്റ് ഫിനിഷിലാണ് വർക്കിങ് കിച്ചന്റെ  കബോർഡുകൾ. HDHMR എന്ന സവിശേഷ ഷീറ്റ് ഉപയോഗിച്ചാണ് ഷോ കിച്ചൻ ഫർണിഷ് ചെയ്തത്. ഐലൻഡ് തീമിലുള്ള ഷോ കിച്ചൻ കൗണ്ടറിന് നാനോവൈറ്റിന്റെ തെളിച്ചമാണ്.

thalaseery-house-show-kitchen

ഒരു മുന്തിയ റിസോർട്ടിനെ അനുസ്മരിപ്പിക്കുംവിധമാണ് കിടപ്പുമുറികൾ. ഓരോന്നും വ്യത്യസ്ത തീമിൽ ആഡംബരത്തികവിൽ ഒരുക്കിയിരിക്കുന്നു. അറ്റാച്ഡ് ബാത്റൂം, വോക്-ഇൻ-വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, വർക്കിങ് സ്‌പേസ് എന്നിവയെല്ലാം ബെഡ്റൂമിന് അനുബന്ധമായി സജ്ജീകരിച്ചു.

thalaseery-house-bed

വീടിന്റെ എലിവേഷന്റെ റോയൽ+ ക്‌ളാസിക് തീമിന്റെ തുടർച്ച അനുഭവപ്പെടുംവിധമാണ് ചുറ്റുമതിലും ഗെയ്റ്റും. പ്രധാനഗെയ്റ്റ് കൂടാതെ  ഗെയ്റ്റുമുണ്ട്. രാത്രിയിൽ വാം ടോൺ ലൈറ്റുകൾ കൺതുറക്കുമ്പോൾ വീടിന്റെ രാജകീയപ്രൗഢി  വീണ്ടും വർധിക്കുന്നു. ചുരുക്കത്തിൽ ആഗ്രഹിച്ചപോലെയൊരു 'സിഗ്നേച്ചർ വീട്' സഫലമായ സന്തോഷത്തിലാണ് വീട്ടുകാർ.

 

Project facts

Location- Chettamkunnu, Thalassery

Plot- 40 cent

Area- 9000 Sq.ft

Owner- Jafar

Construction- Adam Architects, Thamarassery

Interior Design- Simple Interiors & Furnitures

Mob- 8075281996

Y.C- July 2022

ചിത്രങ്ങൾ- അഖിൽ കൊമാച്ചി 

English Summary- Ultra Luxury Royal Arabian Theme House Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com