മലപ്പുറം എടപ്പാളിലാണ് ഹരിദാസന്റെയും കുടുംബത്തിന്റെയും പുതിയ വീട്. നാട്ടിൽ ബിസിനസ് ചെയ്യുന്ന ഹരി 20 സെന്റ് സ്ഥലം വാങ്ങിയാണ് വീടുപണിതത്. ഏറെക്കുറെ ഡിസൈനർക്ക് പൂർണസ്വാതന്ത്ര്യം നൽകി എന്നതാണ് ഈ പ്രോജക്ടിനെ വ്യത്യസ്തമാക്കുന്നത്. വീട്ടുകാർക്ക് നല്ലൊരു മോഡേൺ വീട് എന്ന ആവശ്യം മാത്രമാണുണ്ടായിരുന്നത്. ബാക്കിയെല്ലാം ഡിസൈനറും സംഘവും കണ്ടറിഞ്ഞു ചെയ്തുകൊടുത്തു.

കാലാവസ്ഥയെ കൂടി പരിഗണിച്ച് മേൽക്കൂര ചരിച്ചുവാർത്ത് ഓടുവിരിച്ചു. മുന്നിലൂടെ മാത്രമല്ല വശത്തുകൂടെയും സിറ്റൗട്ടിലേക്ക് സ്‌റ്റെപ്പുകളുണ്ട്. ഇവിടെ ഭിത്തി ഡബിൾഹൈറ്റിൽ വെട്ടുകല്ലിന്റെ ക്ലാഡിങ് പതിച്ച് ഭംഗിയാക്കി. മുറ്റം താന്തൂർ സ്‌റ്റോണും ഗ്രാസും ഇടകലർത്തി വിരിച്ചു.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിലുള്ളത്.മുകൾനിലയിൽ രണ്ടുകിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയുണ്ട്. മൊത്തം 2950 ചതുരശ്രയടിയാണ് വിസ്തീർണം.

ഓരോ ഇടങ്ങൾക്കും കൃത്യമായ സ്വകാര്യത ലഭിക്കുംവിധം ഇടങ്ങൾവേർതിരിച്ചു. വൈറ്റ് വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഇത് ഉള്ളിൽ തെളിച്ചമുള്ള അന്തരീക്ഷം നിലനിർത്തുന്നു. ഫർണിച്ചറുകൾ തേക്ക് ഫിനിഷിൽ ഇമ്പോർട്ട് ചെയ്തെടുത്തതാണ്. കൂടുതലും വെള്ള നിറമാണ് ചുവരുകളിൽ. എന്നാൽ ഡൈനിങ്, സ്‌റ്റെയർ എന്നിവിടങ്ങളിൽ ഗ്രീൻ ഹൈലൈറ്റർ പെയിന്റ് ചെയ്തത് വേറിട്ടുനിൽക്കുന്നു.

വുഡൻ ഫ്രയിമിൽ വൈറ്റ് ഗ്ലാസ് ടോപ് നൽകിയാണ് ഡൈനിങ് ടേബിൾ ഒരുക്കിയത്. സിറ്റൗട്ടിന്റെ തൂണുകളിൽ കടപ്പ ക്ലാഡിങ്ങുമുണ്ട്.

മെറ്റൽ ഫ്രയിമിൽ തേക്ക് പൊതിഞ്ഞാണ് സ്‌റ്റെയർ ഒരുക്കിയത്. സ്‌റ്റെയറിന്റെ താഴെ ഒരു സ്റ്റഡി സ്‌പേസും ഒപ്പം സോഫ നൽകി ഫാമിലി ലിവിങും വേർതിരിച്ചു.

പ്ലൈവുഡ്+ അക്രിലിക്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോ സ്ളാബ് വിരിച്ചു.

സ്‌റ്റോറേജിനും ഭംഗിക്കും പ്രാധാന്യം നൽകിയാണ് നാലു കിടപ്പുമുറികളും. ഓരോന്നിലും ഹെഡ്‌സൈഡ് ഭിത്തിയിൽ വ്യത്യസ്ത ഡിസൈനുകൾ ചെയ്തിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയുമുണ്ട്.

ഉടമ തന്ന സ്വാതന്ത്ര്യവും പിന്തുണയുമാണ് ഈ പ്രോജക്ട് ആത്മാർത്ഥമായി പൂർത്തിയാക്കാനുള്ള ഇന്ധനമായതെന്ന് ഡിസൈനറും സംഘവും പറയുന്നു.
Project facts

Location- Edappal, Malappuram
Plot- 20 cent

Area- 2950 Sq.ft
Owner- Haridasan
Designer- Subeesh Vattapparambil
Mob- 9846882254 8086882255
Span Architects
Y.C- Aug 2022
ചിത്രങ്ങൾ- അഖിൽ കൊമാച്ചി
English Summary- Tropical House with Elegant Interiors; Veedu Magazine Malayalam