ആലുവ കുറുമശ്ശേരിയിലുള്ള മോഹൻദാസിന്റെയും സഹോദരങ്ങളുടെയും കുടുംബസ്ഥലത്തെത്തിയാൽ അവിടെ വ്യത്യസ്ത ശൈലിയിലുള്ള നാലുവീടുകൾ കാണാം. വീടുകളുടെ രൂപത്തിനേ വ്യത്യാസമുള്ളൂ, സഹോദരങ്ങൾ എല്ലാവരും സ്നേഹബന്ധം മൂലം ഒറ്റക്കെട്ടാണ്. മറ്റൊരു പ്രത്യേകത സ്വന്തം വീടും സഹോദരങ്ങളുടെ വീടുകൾ ഡിസൈൻ ചെയ്തത് ജ്യേഷ്ഠനായ മോഹൻദാസാണ്.
ഞങ്ങളുടെ മാതാപിതാക്കളുടെ ആഗ്രഹമായിരുന്നു സഹോദരങ്ങൾ എല്ലാവരും ഒരുമിച്ച് താമസിക്കണം എന്നുള്ളത്. മാത്രമല്ല ഞങ്ങളുടെ മക്കൾ എല്ലാവരും മറ്റുസ്ഥലങ്ങളിലും വിദേശത്തുമാണ്. അതുകൊണ്ട് ഇങ്ങനെ ഒരുമിച്ച് താമസിക്കുന്നതുകൊണ്ട് വയസ്സാംകാലത്ത് ഞങ്ങളുടെ ഒരാവശ്യത്തിന് വിളിപ്പുറത്ത് ആരെങ്കിലും കാണും എന്നതാണ് ഏറ്റവും വലിയ ഗുണം. മോഹൻദാസ് പറയുന്നു.

പഴയ നാലുകെട്ടിന്റെ ഓർമകൾ ഉണർത്തുംവിധമാണ് മോഹൻദാസിന്റെ വീട്. മേൽക്കൂര ഫ്ലാറ്റ് വാർത്ത് ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചിരിക്കുകയാണ്.

പരമ്പരാഗത ശൈലിയിലുള്ള പൂമുഖമാണ്. മഹാഗണിയിൽ കടഞ്ഞെടുത്ത തൂണുകളാണ് പ്രധാന ആകർഷണം. ഇതിന്റെ ബാക്കിവന്ന തടികൊണ്ടാണ് ബാക്കി ഫർണിച്ചർ, കട്ടിൽ എന്നിവ പണിതത്.

പൂമുഖം, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, പൂജാമുറി, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം എന്നിവയാണ് 1480 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

വാതിൽ തുറന്ന് കയറുമ്പോൾ നോട്ടം പതിയുന്നത് മഴയും വെയിലും ഉള്ളിലെത്തുന്ന നടുമുറ്റത്തേക്കാണ്. ഇതിനുചുറ്റുമായാണ് മറ്റിടങ്ങൾ ചിട്ടപ്പെടുത്തിയത്.

ഏറ്റവും വലിയ ഹൈലൈറ്റ് നിലത്താണ്. പഴയ റെഡ് ഓക്സൈഡ് ഫ്ലോറിന്റെ ഓർമകളെ റീക്രിയേറ്റ് ചെയ്തിരിക്കുന്നു. എന്നാൽ ഇത് റെഡ് ഓക്സൈഡ് അല്ല, റെഡ് എപ്പോക്സി ചെയ്തിരിക്കുകയാണ്. ചെലവും താരതമ്യേന കുറവാണ്.

ചെറിയ വീടായതുകൊണ്ട് പരമാവധി ഇടങ്ങൾ ഓപ്പൺ നയത്തിൽ വിന്യസിച്ചു. ഡൈനിങ്-കിച്ചൻ ഓപ്പൺ തീമിലാണ്. രണ്ടു കിടപ്പുമുറികളും ലളിതസുന്ദരമായി ഒരുക്കി. വാഡ്രോബ്, അറ്റാച്ഡ് ബാത്റൂം എന്നിവയുമുണ്ട്.
പ്ലോട്ടിൽ തന്നെ കുടുംബക്ഷേത്രവും സായാഹ്ന നടത്തിനുള്ള നടപ്പാതയുമെല്ലാമുണ്ട്. 40 വർഷത്തിലേറെ പഴക്കമുള്ള നാട്ടുമാവാണ് വീടിന്റെ തൊട്ടുമുന്നിൽ തണൽനിറയ്ക്കുന്നത്. പലരും വെട്ടിക്കളയണമെന്ന് ഉപദേശിച്ചെങ്കിലും വീട്ടുകാരൻ മാവിനെ സംരക്ഷിച്ചു. മാമ്പഴക്കാലത്ത് ധാരാളം കിളികളും അണ്ണാനുമെല്ലാം ഇവിടെ വിരുന്നെത്തും.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 26 ലക്ഷം രൂപയാണ് വീടിനു ചെലവായത്. തേക്ക് അടക്കമുള്ള മുന്തിയ തടികളാണ് ഫർണിഷിങ്ങിന് ഉപയോഗിച്ചത്. തടിപ്പണികൾക്കുമാത്രം 6 ലക്ഷത്തോളം ചെലവുവന്നു. ബദൽസാമഗ്രികൾ ഉപയോഗിച്ചാൽ സാധാരണക്കാർക്ക് 20 ലക്ഷം രൂപയിൽ താഴെ ഇത്തരമൊരു വീടൊരുക്കാനാകും.

ചെറുപ്പക്കാരുടെ കുടിയേറ്റം മൂലം കേരളത്തിൽ മിക്ക വീടുകളിലും വയോജനങ്ങൾ മാത്രമേയുള്ളൂ. ഇനിയുള്ള കാലത്ത് ഇതുപോലെ പ്രായമുള്ളവർ പരസ്പരം താങ്ങാവുന്ന വീടുകൾക്കാകും പ്രസക്തി.
Project facts
Location- Kurumasseri, Aluva
Area- 1480 Sq.ft
Owner & Designer- Mohandas
Budget- 26 Lakhs
English Summary- Traditional House Self Designed By Owner- Video