കായംകുളത്താണ് അഡ്വ. മിനീസയുടെയും കുടുംബത്തിന്റെയും പുതിയ വീട്. 6 സെന്റ് പ്ലോട്ടിലുണ്ടായിരുന്ന 35 വർഷം പഴക്കമുള്ള കുടുംബവീട് പൊളിച്ചുകളഞ്ഞാണ് പുതിയവീട് പണിതത്. വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടിന്റെ കിടപ്പനുസരിച്ചാണ് പുതിയ വീട് രൂപകൽപന ചെയ്തത്.
കന്റെംപ്രറി ട്രോപ്പിക്കൽ ശൈലിയിലാണ് എലിവേഷൻ. ചെറിയ മുറ്റം നാച്ചുറൽ സ്റ്റോണും പെബിൾസും വിരിച്ചു ഭംഗിയാക്കി. പഴയ കിണർ ലാൻഡ്സ്കേപ്പിലെ ഒരു ആകർഷണമാണ്. അതിനെ പുതിയ വീടിനിണങ്ങുന്ന രീതിയിലേക്ക് മാറ്റിയെടുത്തു.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, ഡൈനിങ്, പ്രെയർ സ്‌പേസ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ ലിവിങ്, ലൈബ്രറി, രണ്ടുകിടപ്പുമുറികൾ, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 1830 ചതുരശ്രയടിയാണ് വിസ്തീർണം.

വാതിൽ തുറന്ന് പ്രവേശിക്കുന്നത് ചെറിയ ലിവിങ്ങിലേക്കാണ്. നാച്ചുറൽ സ്‌റ്റോൺ ക്ലാഡിങ് വിരിച്ച് ഭിത്തി ഹൈലൈറ്റ് ചെയ്തു. ലിവിങ്ങിൽനിന്ന് ടിവി യൂണിറ്റുള്ള ഫാമിലി ലിവിങ്ങിലേക്കാണ് പ്രവേശിക്കുന്നത്.

അടുത്തതായി ഡൈനിങ് ഹാളിലേക്കാണ് പ്രവേശിക്കുന്നത്. ഡൈനിങ്- കിച്ചൻ ഓപ്പൺ തീമിലാണ്. നടുവിൽ ഒരു കൗണ്ടറും കസ്റ്റമൈസ്ഡ് ലൈറ്റുകളുമുണ്ട്. ധാരാളം സ്‌റ്റോറേജ് സൗകര്യമുള്ള കിച്ചനാണ്. അനുബന്ധമായി വർക്കേരിയയുമുണ്ട്.

കോർട്യാർഡാണ് വീടിന്റെ ഉള്ളിലെ ഹൈലൈറ്റ്. ഹുരുഡീസ് കൊണ്ടാണ് ഇതിന്റെ ഭിത്തികൾ നിർമിച്ചത്. വാഷ് ഏരിയ ഇവിടെയാണ്. മേൽക്കൂര പർഗോള ഗ്ലാസിട്ടു. ചെടികൾ ഇവിടം ഹരിതാഭമാക്കുന്നു.

സ്റ്റെയർ കയറിയെത്തുമ്പോൾ ചെറിയൊരു സ്റ്റഡി സ്‌പേസും സമീപം ഇൻബിൽറ്റ് സീറ്റിങ്ങുള്ള ലൈബ്രറിയുമുണ്ട്.
മുകളിലെ കിടപ്പുമുറിക്ക് അറ്റാച്ഡ് ബാൽക്കണിയുണ്ട്. ഇതുവഴി പ്രകാശവും കാറ്റും ഉള്ളിലേക്കെത്തുന്നു. ഇതിന് വശത്തായി മെയിൻ ബാൽക്കണിയുമുണ്ട്.

വീടിനുള്ളിലേക്ക് കയറുമ്പോൾ വെല്ലുവിളികളുള്ള താരതമ്യേന ചെറിയ പ്ലോട്ടിൽ പണിത വീടാണെന്ന് തോന്നുകയില്ല എന്നതാണ് ഹൈലൈറ്റ്. രാത്രിയിലാണ് വീടിന്റെ വേറിട്ട ഭംഗി കാണാനാവുക. ലൈറ്റുകൾ കൺതുറക്കുമ്പോൾ സ്വർണനിറത്തിൽ കുളിച്ചുനിൽക്കും ഈ സ്വപ്നവീട്..
Project facts
Location- Kayamkulam
Plot- 6 cent
Area- 1830 Sq.ft
Owner- Mineesa
Design- Zacharia Kappat
SB Architecture, Malappuram
English Summary- Spacious House in 6 cent- Swapnaveedu Video Home Tour