ഇവിടെ വേണ്ടതെല്ലാമുണ്ട് : ഇത് ആവശ്യങ്ങൾ മനസിലാക്കി പണിത വീട്

Mail This Article
കോട്ടയം ജില്ലയിലെ പാലാ ചിറ്റാറിലാണ് 20 സെന്റിൽ 2450 സ്‌ക്വർഫീറ്റിലായി തപോവനം സ്ഥിതി ചെയ്യുന്നത്. ബോക്സ് എലിവേഷനുമായി കന്റെംപ്രറി സ്‌റ്റൈലിൽ നിർമിച്ചിരിക്കുന്ന വീട്, ഉടമയായ അപ്പുവിന്റെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞു നിർമ്മിച്ചതാണ്.

സിറ്റ്ഔട്ട്, ലിവിങ് ഏരിയ,ഓഫിസ് റൂം, ബെഡ്റൂം, സ്വിമ്മിങ് പൂൾ,ഡൈനിങ്, കിച്ചൺ, വർക് ഏരിയ എന്നിവയാണ് താഴെത്തെ നിലയിൽ ഒരുക്കിയിട്ടുള്ളത്. മുകൾനിലയിൽ ഫാമിലി ലിവിങ് ഏരിയ,ബെഡ് റൂം, ഓപ്പൺ ടെറസ് എന്നിവയും നൽകിയിട്ടുണ്ട്. സ്വിമ്മിങ് പൂളും, യാത്രികൻ കൂടിയായ അപ്പുവിന്റെ ഓർമകളും റെക്കോർഡുകളും നിറച്ച ഫോട്ടോ വാളും, വീടിന്റെ ഇരുബെഡ്‌റൂമുകളിലും ഓഫിസ് റൂമിലും പുറത്തേക്കു തള്ളി നിൽക്കുന്ന ബേവിൻഡോകളും ഫാമിലി ലിവിങ് ഏരിയയിൽ കസ്റ്റമൈസ് ചെയ്തു നിർമിച്ച പൂച്ചക്കൂടുമെല്ലാം വീടിന്റെ സവിശേഷതകളാണ്.

വാതിൽ തുറന്നാൽ വലത് വശത്തായിട്ടാണ് ലിവിങ് ഏരിയ. ഡബിൾ ഹൈറ്റിൽ ഒരുക്കിയിരിക്കുന്ന ഇവിടം ടെക്സ്ചർ നൽകി ആകർഷകമാക്കിയിട്ടുമുണ്ട്. വാതിലിനോട് ചേർന്ന് തന്നെ ഫോട്ടോ വാളും അതിനടുത്തായി തന്നെഓഫീസ് റൂമും സജ്ജീകരിച്ചിരിക്കുന്നു. സന്ദർശകർക്ക് ഉപയോഗിക്കാനുള്ള കോമൺ ബാത്റൂമും ഓഫീസ് റൂമിനോട് ചേർന്ന് ക്രമീകരിച്ചിരിക്കുന്നു. മാറ്റ് ഫിനിഷോടു കൂടിയ ടൈലുകളാണ് വീടിന് നൽകിയിരിക്കുന്നത്. ബാത്‌റൂമുകളിലും വാഷ്‌ബേസിൻ ഏരിയയിലും മൊറോക്കൻ പാറ്റെൺസ് കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്.
ലിവിങ് ഏരിയയിൽ നിന്നും,ഡൈനിങിൽ നിന്നും ബെഡ് റൂമിൽ നിന്നും ഒരെപോലെ കാണാൻ സാധിക്കുന്ന രീതിയിലാണ് വീടിന്റെ ആകർഷണങ്ങളിൽ ഒന്നായ സ്വിമ്മിങ് പൂൾ നിർമ്മിച്ചിരിക്കുന്നത്. പൂളിനോട് ചേർന്ന് തന്നെയുള്ള പാഷ്യോ ഇവിടം കൂടുതൽ മനോഹരമാക്കുന്നു. എയർ സർക്യൂലഷൻ ലഭിക്കുന്നതിനായി മണ്ണ് കൊണ്ട് നിർമ്മിച്ച ജാളിയും ഇവിടെയുണ്ട്. ഫ്രഞ്ച് വിൻഡോകളുടെ സാന്നിധ്യം മികച്ച പുറംകാഴ്ച്ചയും വീടിനുള്ളിലേക്ക് സൂര്യപ്രകാശവും ഉറപ്പുവരുത്തുന്നു. ഓപ്പൺ കിച്ചനാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്.അതിനോടൊപ്പംതന്നെ ഒരു ബ്രേക്‌ഫാസ്റ് ടേബിളും നൽകിയിട്ടുണ്ട്. സ്വിമ്മിങ് പൂൾ വ്യൂ ലഭിക്കുന്ന മാസ്റ്റർ ബെഡ്‌റൂം എല്ലാവിധ സൗകര്യങ്ങളോടെയുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഓപ്പൺ ഏരിയകൾക്ക് പ്രധാന്യം നൽകി നിർമിച്ചിരിക്കുന്ന മുകൾനിലയാണ് വീടിനുള്ളത്. ഓപ്പൺ ടെറസ്, മികച്ച പുറംകാഴ്ചയൊരുക്കുന്ന ബാൽക്കണി, സ്വിമ്മിങ് പൂൾ വ്യൂ നൽകുന്ന പ്രൈവറ്റ് ബാൽക്കണി, വാഷിങ് ഏരിയ എന്നിവയോടൊപ്പം പൂളിന് മുകളിലേക്ക് തുറക്കുന്ന രീതിയിൽ ഒരു കിളിവാതിലും നൽകിയിരിക്കുന്നു. പൂച്ചക്കൂടും ബുക്ക് ഷെൽഫും ഉൾപ്പെടുത്തിയ ഫാമിലി ലിവിങ് ഏരിയയും ബെഡ്‌റൂമുമാണ് മുകൾനിലയിലെ മറ്റു കാഴ്ചകൾ.

വീട് ഉയരത്തിൽ ഇരിക്കുന്നത് കൊണ്ടുതന്നെ മുറ്റം ലാൻഡ്‌സ്‌കേപ്പ് നൽകി മനോഹരമാക്കാനുള്ള സൗകര്യമുണ്ട്. വീടിനോടു ചേർന്ന് തന്നെ തറ കെട്ടി ഒരു മാവും നട്ടിരിക്കുന്നു. വീടിന്റെ ഡബിൾ ഹൈറ്റ് കാണത്തക്ക വിധത്തിൽ മോണോലിത്തിക് ഫീൽ നൽകുന്ന ഷോ വാൾ പുറം കാഴ്ചയിൽ വീടിനെ മനോഹരമാക്കുന്നു. വുഡ് എലെമെന്റ്സ് വളരെ കുറച്ചു മാത്രമാണ് വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. ഹെവി ഡ്യൂട്ടി സ്റ്റീൽ മെറ്റലിലാണ് പ്രധാന വാതിലുകൾ. ജനലുകൾ എല്ലാം തന്നെ UPVC യിൽ നിർമ്മിച്ചിരിക്കുന്നു. ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യവും വീടിന്റെ പുറത്ത് ഒരുക്കിയിട്ടുണ്ട്.

തപോവനം ഭംഗിയോടൊപ്പം പ്രായോഗികതയും ഉറപ്പു വരുത്തുന്ന ഭവനമാണ്. അനാഥരായ നായകളെ വളർത്തുന്ന അപ്പു, അവർക്ക് താമസിക്കാനുള്ള സ്ഥലവും തപോവനത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Project facts
Location- Chittar, Pala
Plot- 20 cent
Area- 2450 Sq.ft
Owner- Appu
Design- Team Green Planet
English Summary- Contemporary box shaped House- Veedu Magazine Malayalam