കോട്ടയം ജില്ലയിൽ നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞ് സ്വച്ഛസുന്ദരമായ മൂഴൂർ എന്ന പ്രദേശത്താണ് ടോണിയുടെയും കുടുംബത്തിന്റെയും പുതിയവീട്. ചുറ്റും റബർതോട്ടങ്ങളുള്ള ഒരേക്കർ സ്ഥലത്താണ് വീട് പണിതത്. പുതിയകാല ജീവിതരീതികളും പരിപാലനവും കണക്കിലെടുത്ത് ഒരുനിലവീട് മതിയെന്ന് വീട്ടുകാർ ആദ്യമേ തീരുമാനിച്ചിരുന്നു. എന്നാൽ രണ്ടുനില വീടുകളെ വെല്ലുന്ന വിധത്തിൽ വിശാലമായാണ് ഒറ്റനിലയിൽ സൗകര്യങ്ങൾ ചിട്ടപ്പെടുത്തിയത്.

മേൽക്കൂര നിരപ്പായി വാർത്തശേഷം ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. പല തട്ടുകളായി നിറയുന്ന ചരിഞ്ഞ മേൽക്കൂരയാണ് വീടിന്റെ ഭംഗി. ഒരാൽമരം പോലെ പടർന്നുപന്തലിച്ചു കിടക്കുകയാണ് ഈ വീട്. പ്രധാന സ്ട്രക്ചർ കൂടാതെ പോർച്ച്, ഗസീബോ, ഔട്ട് ഹൗസ് എന്നിവയ്ക്കായും ഒറ്റപ്പെട്ട കൂരകൾ നിർമിച്ചു.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പ്രെയർ സ്‌പേസ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 5550 ചതുരശ്രയടിയിലുള്ളത്.

പതിവ് വീടുകളുടെ കാഴ്ചകളല്ല ഇവിടെ അകത്തേക്ക് സ്വീകരിക്കുന്നത്. പച്ചപ്പ് നിറച്ച തുറന്ന ഇടനാഴിയിലൂടെയാണ് സിറ്റൗട്ടിലേക്ക് പ്രവേശിക്കുന്നത്. ഇവിടെ ഒരു വാട്ടർബോഡിയുമുണ്ട്.

ഓപ്പൺ പ്ലാനിലാണ് അകത്തളങ്ങൾ ഒരുക്കിയത്. അതിനാൽ വാതിൽ തുറന്ന് പ്രവേശിക്കുന്നത് പരസ്പരം വിനിമയം ചെയ്യുന്ന ഇടങ്ങളുള്ള ഓപ്പൺ ഹാളിലേക്കാണ്.
ഇതുകൂടാതെ ലിവിങ്ങിലും ഡൈനിങ്ങിലും ഇരുവശത്തും പുറത്തെ പച്ചപ്പിലേക്ക് തുറക്കുന്ന ഗ്ലാസ് ജാലകങ്ങളുണ്ട്. അതിനാൽ വീടിനുള്ളിൽ ഇരുന്ന് പുറത്തെ ഹരിതസുന്ദര കാഴ്ചകൾ ആസ്വദിക്കാം.

കസ്റ്റമൈസ്ഡ് ഫർണിഷിങ്ങിന്റെ മായാജാലമാണ് ഉള്ളിൽ നിറയുന്നത്. ഇറ്റാലിയൻ മാർബിളാണ് നിലത്തുവിരിച്ചത്.

തടിക്ക് പകരം ക്വാർട്സ് കൊണ്ടാണ് വിശാലമായ ഡൈനിങ് ടേബിൾ നിർമിച്ചത്.

ഒരു റിസോർട്ട് ഫീലിങ് ലഭിക്കുംവിധം വിശാലമായാണ് നാലു കിടപ്പുമുറികളും ഒരുക്കിയത്. അറ്റാച്ഡ് ബാത്‌റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയെല്ലാം ഇവിടെയുണ്ട്. നാലു കിടപ്പുമുറികളും വീടിന്റെ പിൻവശത്തായി നേർരേഖയിലെന്നപോലെ ചിട്ടപ്പെടുത്തി എന്നതും പ്രത്യേകതയാണ്.

ചുരുക്കത്തിൽ നിരവധി ആരാധകരാണ് ഒരുനിലയിൽ ഒരുക്കിയ സ്വർഗതുല്യമായ ഈ വീടിനുള്ളത്.
Project facts
Location- Moozhoor, Kottayam
Area- 5550 Sq.ft
Owner- Tony Tomy & Anju
Architect- M.M Jose
Mindscape Architects, Pala
Y.C- 2023
Photos: Manu Jose Photography
English Summary- Single Storeyed House with Green Spaces- Veedu Magazine Malayalam