ഇടപ്പള്ളിയിലുള്ള പഴയ വീട്ടിൽ കാലപ്പഴക്കത്തിന്റെ അസൗകര്യങ്ങളുണ്ട്. എന്നാൽ പൊളിച്ചുകളയാനോ പുതുക്കിപ്പണിയാനോ മനസ്സനുവദിക്കുന്നുമില്ല. അങ്ങനെ വീട് നിലനിർത്തി സമീപം കാലോചിതമായ സൗകര്യങ്ങളുള്ള പുതിയ വീട് പണിയുകയായിരുന്നു. 2.7 സെന്റ് മാത്രമാണ് സ്ഥലമുണ്ടായിരുന്നത്. അവിടെ പരമാവധി വിശാലമായ സ്ഥലഉപയുക്തതയുള്ള മോഡേൺ വീട് ഉയർന്നു.
ഫ്ലാറ്റ്- ബോക്സ് മാതൃകയിലാണ് വീടിന്റെ എലിവേഷൻ. ഇടുക്കം തോന്നാതിരിക്കാൻ മതിൽ ഉയരംകുറച്ച് കെട്ടി. സ്ലൈഡിങ് ഗെയ്റ്റും സ്ഥലം ഉപയുക്തമാക്കാൻ ഉപകരിക്കുന്നു. സ്ഥലം ലാഭിക്കാൻ ക്യാന്റിലിവർ മേൽക്കൂരയാണ് പോർച്ചിന്. ഇതിനോടുചേർന്ന് പോളികാർബണേറ്റ് ഷീറ്റ് വിരിച്ച് പോർച്ച് നീട്ടിയെടുത്തു.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, ഒരുകിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിൽ. ഒരുകിടപ്പുമുറി, സ്റ്റഡി ഏരിയ, ബാൽക്കണി എന്നിവയാണ് മുകളിൽ. മൊത്തം 1580 ചതുരശ്രയടിയാണ് വിസ്തീർണം.

കൃത്യമായ ബജറ്റ് നിശ്ചയിച്ച് അതിനുള്ളിൽ പണി തീർക്കണം എന്നതിനാൽ അനാവശ്യ അകത്തള അലങ്കാരങ്ങൾ പൂർണമായും ഒഴിവാക്കി. മിനിമലിസ്റ്റ് ശൈലിയിലാണ് ഫർണിഷിങ്.

വശത്തെ മതിൽ ഉയർത്തിക്കെട്ടി കോർട്യാർഡാക്കി മാറ്റി. ഡൈനിങ്ങിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി ഇവിടേക്ക് കടക്കാം. ഇവിടെ ബുദ്ധപ്രതിമയുമുണ്ട്.

സ്ഥലം ഉപയുക്തമാക്കാനാണ് സ്‌റ്റെയർകേസ് ലാൻഡിങ് സ്റ്റഡി ഏരിയയാക്കിയത്. ഇവിടെനിന്ന് ബാൽക്കണിയിലേക്ക് കടക്കാം.

ചെറിയ സ്ഥലത്ത് വീട് പണിയുമ്പോഴുള്ള ഇടുക്കവും കാറ്റ്, വെളിച്ചത്തിന്റെ പരിമിതിയും ഒഴിവാക്കാൻ ഡിസൈനിങ്ങിൽ ശ്രദ്ധിച്ചു. സെമി- ഓപൺ നയത്തിൽ ഇടങ്ങളൊരുക്കി. ധാരാളം ജാലകങ്ങൾ നൽകി. ലിവിങ് ഡബിൾ ഹൈറ്റിലാണ്. അതിനാൽ അകത്തേക്ക് കയറുമ്പോൾ വിശാലത അനുഭവപ്പെടും.

ചുരുക്കത്തിൽ സ്ഥലപരിമിതി മറികടന്ന് ചെറുകുടുംബത്തിന് ആവശ്യമായ സൗകര്യങ്ങളൊരുക്കി വീട് സഫലമായി. നഗരങ്ങളിൽ അല്ലെങ്കിൽ ചെറിയ പ്ലോട്ടിൽ വീടുപണിയുന്നവർക്ക് അനുകരിക്കാവുന്ന മാതൃകയാണിത്.
Project facts
Location- Edappally, Kochi
Plot- 2.7 cent
Area- 1580 Sq.ft
Owner- Prashanth, Anjali
Architect- Rejna Hameed
Acube Architects+ Builders, Kochi
info@acubeab.com
English Summary- 2 cent House Plan- Veedu Magazine Malayalam