അബദ്ധങ്ങൾ ഒഴിവാക്കാം; വീടിനായി സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

plot-for-sale
Representative Image: Photo credit:Puttachat Kumkrong/istock.com
SHARE

ഭൂമിയുടെ വില കുതിച്ചുയരുന്ന ഇക്കാലത്ത് കയ്യിലുള്ള ഓരോ ഇഞ്ച് ഭൂമിയും ഫലപ്രദമായി ഉപയോഗിച്ചാല്‍ മാത്രമേ രക്ഷയുള്ളൂ. സ്ഥലം വാങ്ങുമ്പോൾ വീടു വയ്ക്കാൻ അനുയോജ്യമായ സ്ഥലമാണോ നിര്‍മാണത്തിന് അനുമതി കിട്ടുന്ന സ്ഥലമാണോ എന്നൊക്കെ പ്രത്യേകം പരിശോധിക്കണം. പുറമ്പോക്കു ഭൂമി വരെ വിറ്റ് കാശാക്കുന്ന റിയൽ എസ്റ്റേറ്റ് മാഫിയകളുടെ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ടു തന്നെ വസ്തു വാങ്ങുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. 

നല്ല കരഭൂമി നോക്കി തിരഞ്ഞെടുക്കുക എന്നതാണ് വീടുപണിക്കായി സ്ഥലം തിരഞ്ഞെടുക്കുന്നതിൽ ഏറ്റവും പ്രധാനം. ഭൂമിക്ക് നല്ല ഉറപ്പുണ്ടെങ്കിൽ വീടിന്റെ സുരക്ഷയെക്കുറിച്ചു വേവലാതി വേണ്ട. വെള്ളക്കെട്ടുള്ള ഭൂമി വില കുറച്ചു കിട്ടിയാലും വാങ്ങാതിരിക്കുന്നതാണ് നല്ലത്. ഇത്തരം ഭൂമികൾക്കു പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. കൂടാതെ പ്ലോട്ട് നികത്താൻ നല്ല തുക ചെലവും വരും. അടിത്തറയ്ക്കായി അധികച്ചെലവ് ആവശ്യം വരാതെ ഉറപ്പുള്ള ഭൂമി തിരഞ്ഞെടുക്കണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. വെള്ളം, വായു, വെളിച്ചം എന്നിവയുടെ ലഭ്യതയുള്ള പ്ലോട്ടാണ് വീടുനിർമാണത്തിന് ഉത്തമം. വലിയ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന സ്ഥലം വീടിനു വേണ്ടി തിരഞ്ഞെടുക്കാതിരിക്കുന്നതാണ് അഭികാമ്യം. മഴക്കാലത്ത് വെള്ളം കയറുന്ന പ്ലോട്ടാണോ കല്ലുവെട്ടുന്ന കുഴിയാണോ എന്നീ കാര്യങ്ങളും അന്വേഷിച്ചറിയണം. 

ഭൂമിയുടെ തിരഞ്ഞെടുപ്പ് 

ലാഭത്തിനു വേണ്ടി വയൽഭൂമി പോലെ ഉറപ്പു കുറഞ്ഞ സ്ഥലം വാങ്ങി ഒടുവിൽ അധികച്ചെലവ് വന്ന് നിർമാണം നിർത്തിവച്ച് നിരവധി വീടുകൾ ചുറ്റും കണ്ണോടിച്ചാൽ നമുക്കു കാണാം. അത്തരം അബദ്ധങ്ങളിൽ ചെന്നു ചാടാതിരിക്കാൻ ഭൂമി തിരഞ്ഞെടുക്കുമ്പോൾ തന്നെ ശ്രദ്ധിക്കുന്നതാണു നല്ലത്. ഉറപ്പുള്ള ഭൂമിയാണെങ്കിൽ ഫൗണ്ടേഷൻ നിർമാണം ഏറെ ലാഭകരമായിത്തന്നെ പൂർത്തീകരിക്കാൻ സാധിക്കും. വാങ്ങുന്ന ഭൂമി കെട്ടിടനിർമാണത്തിന് ഉപയുക്തമാകുമോ എന്നു മനസ്സിലാക്കുകയാണ് അടുത്ത പടി. കെട്ടിട നിർമാണ നിയമങ്ങളെക്കുറിച്ച് നല്ല ബോധ്യമുള്ള ഒരു വിദഗ്ധനെക്കൊണ്ട് ഭൂമി പരിശോധിപ്പിച്ച ശേഷം വാങ്ങുന്നതാകും ഉചിതം. കെട്ടിടനിർമാണത്തിന് അനുമതി ലഭിക്കാത്ത ഭൂമി വാങ്ങി നിയമക്കുരുക്കിൽ പെട്ടവരെയും പ്രതിസന്ധിയിൽ ആയവരെയും കുറിച്ചുള്ള വാർത്തകൾ നമ്മൾ നിത്യേന കാണുന്നതല്ലേ. ഹൈവേകൾക്കോ മറ്റു സർക്കാർ പ്രോജക്ടുകൾക്കോ വേണ്ടി ഫ്രീസ് ചെയ്ത സ്ഥലമാകും ചിലപ്പോൾ, അത്തരം പ്ലോട്ടുകളിൽ വീടു പണിയാൻ അനുമതി ലഭിക്കണമെന്നില്ല. 

നല്ല രീതിയിൽ കാറ്റും വെളിച്ചവും കിട്ടുന്ന ഭൂമി തന്നെ വേണം തിരഞ്ഞെടുക്കാൻ. നല്ല ഡ്രെയ്നേജ് സൗകര്യം ഉറപ്പാക്കണം. വൈദ്യുതി, വെള്ളം എന്നിവ പ്രയാസം കൂടാതെ കിട്ടുന്ന സ്ഥലമായിരിക്കണം. വൈദ്യുതി സൗകര്യത്തിനായി ഒരു പോസ്റ്റ് അധികം ഇടേണ്ടി വന്നാൽ തന്നെ നാലായിരം രൂപയോളം അധികച്ചെലവു വരും.

English Summary- Plot Selection for House Construction- Things to know

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS