ADVERTISEMENT

വിശ്രമജീവിതം ഏറ്റവും ഭംഗിയോടെ ആസ്വദിക്കാനും ചെലവഴിക്കാനും സാധിക്കണം. അതിനൊരു ചെറിയ വീടു പണിയാനുള്ള ആഗ്രഹമായാണ് വീട്ടുകാർ ആർക്കിടെക്റ്റ് ശ്യാംരാജിനെ സമീപിച്ചത്.

വിശാലമായ ഒരു പ്ലോട്ട്, അതിന്റെ ഹൃദയഭാഗത്താണ് ‘ഹർഷം’ നിലകൊള്ളുന്നത്. തിരക്കേറിയ നഗരജീവിതത്തിനുശേഷം ശാന്തമായ അന്തരീക്ഷത്തിൽ വിശ്രമജീവിതം ആസ്വദിക്കാൻ വേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി, പരമ്പരാഗത കേരളീയ വാസ്തുശാസ്ത്രപ്രകാരമാണ് ഹർഷം പൂർത്തീകരിച്ചത്. പ്രകൃതിയെയും പച്ചപ്പിനെയും സ്നേഹിക്കുന്ന ഇവർക്ക് പറമ്പിൽ കൃഷി ചെയ്യാനുള്ള സൗകര്യവും ചിട്ടപ്പെടുത്തി.

harsham-thrissur-sitout

തൃശൂർ മണലൂരിൽ താമരപ്പിള്ളിയിലാണ് മാവുകൾ തണലൊരുക്കുന്ന ഈ വീട്. ഹരിതാഭയും അവ നിറയ്ക്കുന്ന നിഴലും വെളിച്ചവും കുളിർമയും ഭംഗിയോടെ ഉൾത്തളങ്ങളിലേക്ക് എത്തിക്കുംവിധമാണ് ഓരോന്നും ക്രമീകരിച്ചിട്ടുള്ളത്.

harsham-thrissur-night

പ്രകൃതിയുടെ ക്യാൻവാസിലേക്കു ചേർന്നിരിക്കുന്ന വീട്. പൂമുഖത്തു വന്നിരിക്കുമ്പോൾ മരത്തണലിൽ വന്നിരിക്കുന്നപോലെ. വീടുപണിക്കു ബാക്കിവന്ന ഇഷ്ടികയാണ് ഉമ്മറപ്പടിയിലേക്കു കയറുന്നതിനു മുൻപു പാകിയത്. ഒരു പ്രത്യേക ഡിസൈൻ പാറ്റേൺ നൽകി പോളിഷ് ചെയ്താണ് ഇഷ്ടിക വിരിച്ചിരിക്കുന്നത്. 

harsham-thrissur-mango

സിറ്റൗട്ടിനോടു ചേർന്നു നിർമിച്ച കുളം ഇവിടത്തെ ആംബിയൻസ് നിർണയിക്കുന്നതിൽ പ്രധാന ഘടകമാണ്. ജനലുകളും വാതിലുകളുമെല്ലാം കാലാനുസൃതമായി രൂപകൽപന ചെയ്തിരിക്കുന്നു. പഴയ തടികൾ പുനരുപയോഗിച്ചതു പഴമയെയും ഓർമകളെയും വിളിച്ചുണർത്തുന്നു. 

harsham-thrissur-court

ലിവിങ്, ഡൈനിങ്, കിച്ചൻ എന്നീ സ്പേസുകൾ തുറന്നതും വിശാലവുമാക്കി. ഡൈനിങ് സ്പേസ് എക്സ്റ്റന്റ് ചെയ്ത് ഉപയോഗിക്കുന്നതിനായി ഇടമൊരുക്കി. അച്ഛനും അമ്മയും മാത്രം ഉള്ളപ്പോൾ അടുക്കളയിൽത്തന്നെ ഇരിക്കാം. മക്കളും കൊച്ചുമക്കളും ഉള്ളപ്പോൾ കോര്‍ട്‌യാർഡു പോലെയുള്ള സ്പേസിലേക്കു ഡൈനിങ് ടേബിൾ ഇടാം. 

harsham-thrissur-hall

കസ്റ്റംമെയ്ഡ് ഫർണിച്ചറാണ്. തടിയുടെ സീലിങ് മനോഹാരിത കൂട്ടുന്നു. ഫർണിച്ചറിലും ഫർണിഷിങ്, ഫ്ലോറിങ്, പെയിന്റിങ് എന്നിവയിലും മിനിമലിസം എന്ന ആശയം സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, അച്ഛനും അമ്മയ്ക്കും എളുപ്പം പരിപാലിക്കാൻ കഴിയും വിധമാണ് ക്രമീകരണങ്ങൾ. 

harsham-thrissur-interior

ഇന്റീരിയറിന്റെ ഹൃദയഭാഗമാണ് കോർട്‌യാർഡ്. നീളൻ ജനാലകളും ജാളിവർക്കുകളും യഥേഷ്ടം കാറ്റും വെട്ടവും ഉൾത്തളങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ജാളിവർക്കുകൾക്കു സംരക്ഷണമായി നെറ്റും കൊടുത്തു. ഗ്ലാസിന്റെ ഓപ്പണിങ്ങുകളിൽ നിന്ന് എത്തുന്ന വെട്ടം അകത്തളങ്ങളിൽ നിഴൽചിത്രങ്ങൾ തീർക്കുന്നു. 

harsham-thrissur-pooja

ബേ വിൻഡോകൾ നൽകിയ മൂന്നു കിടപ്പുമുറികളാണ് ഈ വീട്ടിലുള്ളത്. താഴെ രണ്ട്, മുകളിൽ ഒന്ന് എന്നിങ്ങനെയാണ് മുറികൾ ക്രമീകരിച്ചിരിക്കുന്നത്. പ്രകൃതിയുടെ മടിത്തട്ടിലേക്കു മിഴി തുറന്നു വായിക്കാനും കിടക്കാനുമൊക്കെ ഉതകുംവിധമാണ് ബേ വിൻഡോകളുടെ ക്രമീകരണം. 

ചെറിയ പാർട്ടീഷൻ മാത്രം നൽകിക്കൊണ്ടാണ് മോഡേൺ കിച്ചൻ ഡിസൈൻ ചെയ്തിരിക്കുന്നത്. അടുക്കളയിൽ നിന്നാൽ ഉമ്മറത്തേക്കു നോട്ടം എത്തുംവിധം ഓപ്പണിങ്ങുകൾ കൊടുത്തു. ഡൈനിങ്ങിന്റെ അടുത്ത് അടുക്കളയോടു ചേർന്ന് വാഷ് ഏരിയയും ഒരുക്കി. 

harsham-thrissur-furnishing

സ്റ്റെയർ കയറി ചെല്ലുന്ന ലാൻഡിങ് സ്പേസിൽ ബേ വിൻഡോ, സ്ലാബ് എക്സ്റ്റന്റ് ചെയ്ത് ഗ്ലാസിട്ടു. ഇവിടെ നിന്നാൽ മാവ് കാണാം. ജനലിന്റെ തുടർച്ചയായാണ് ഹാൻഡ് റെയിൽ ഡിസൈൻ െചയ്തത്. 

harsham-thrissur-room

വളരെ വ്യത്യസ്തമായി മുകൾനിലയിൽ ഒരു ബാൽക്കണി കാണാം. മുകളിലും താഴെയുമായി ഒരു കണക്‌ഷൻ ലഭ്യമാകാനാണ് ഇത്. ഇവിടെ നിന്ന് അടുക്കളവരെ കാണാനാവും. ഇരുന്നു വായിക്കാനും വിശ്രമിക്കാനും ഈ ഒരു സ്പേസ് പരമാവധി ഉപയോഗിക്കുന്നു എന്നു വീട്ടുടമ പറയുന്നു. ചുവരുകൾക്കു സിമന്റ് ഫിനിഷ് ആണ്. 

harsham-thrissur-bed

ഇങ്ങനെ പച്ചപ്പ്, ജലാശയം, പ്രകൃതിദത്ത വെളിച്ചം, വായു സഞ്ചാരം എന്നിവ ഉറപ്പാക്കുന്ന നിര്‍മാണശൈലിയാണ് ഹർഷത്തിന്റെ എടുത്തു പറയേണ്ട സവിശേഷത. സമൂഹമാധ്യമങ്ങളിൽ വീടിന്റെ ചിത്രങ്ങളും വിഡിയോയും ഹിറ്റായിരുന്നു.

Project facts

Location- Manalur, Thrissur

Owner- Unnikrishnan, Soumini

Architect- Shyamraj Chandroth, Aziya Mondal

Viewpoint Designs

English Summary:

Simple Lush Green House- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com