3.1 സെന്റ്, 1150 Sq.ft; പ്യാലി സിനിമയുടെ സംവിധായകൻ വീണ്ടും 'സംവിധാനം' ചെയ്ത വീട്
Mail This Article
സ്ഥലപരിമിതി അപ്രസക്തമാക്കി ആഗ്രഹിച്ച പോലെ സ്വപ്നവീട് ഒരുക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.
ശരിക്കും ഒരു മോഹഭംഗത്തിലൂടെയാണ് വീടിന്റെ യാത്രയാരംഭിക്കുന്നത്. പുതിയ വീട് പണിയാൻ 20 സെന്റ് വാങ്ങാൻ നോക്കിയിട്ടിരുന്നു. വലുപ്പമുള്ള പ്ലോട്ടിൽ പണിയാനിരിക്കുന്ന വീടിനെക്കുറിച്ചുള്ള സ്വപ്നങ്ങളും വിശാലമായിരുന്നു. പക്ഷേ അവസാനനിമിഷം പ്ലോട്ട് നഷ്ടമായി. അങ്ങനെ നേരത്തെ വാങ്ങിയിട്ട 3.1 സെന്റിലേക്ക് ഒതുങ്ങേണ്ടിവന്നു. ഇവിടെ ഉണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചാണ് വീടുപണി തുടങ്ങിയത്. ചെറിയ സ്ഥലത്ത് ഞങ്ങളുടെ സ്വപ്നങ്ങൾക്കൊത്ത വിശാലമായ വീട് പണിയാൻ സാധിക്കുമോ എന്നത് സംശയമായിരുന്നു.
അങ്ങനെ ഞങ്ങളുടെ ബന്ധുവായ റിന്നിനെ സമീപിച്ചു. ആവശ്യം അറിയിച്ചു. ആൾ സിനിമാസംവിധായകൻ കൂടിയാണ്. റിന്നും ഭാര്യയും കൂടിയാണ് പ്യാലി എന്ന സിനിമ സംവിധാനം ചെയ്തത്. (ഒരു ചേരിയിൽ ജീവിക്കുന്ന അനാഥരായ സഹോദരങ്ങളുടെ സ്നേഹത്തിന്റെ കഥ പറഞ്ഞ സിനിമയായിരുന്നു പ്യാലി. ചിത്രത്തിന്റെ കലാസംവിധാന മികവ് പ്രശംസ നേടിയിരുന്നു) അങ്ങനെ വീടുപണി തുടങ്ങി. തുടക്കം മുതൽ വെല്ലുവിളികൾ നിരവധിയുണ്ടായിരുന്നു. ചുറ്റും വീടുകൾ. ഇടുങ്ങിയ വഴി. നിർമാണസാമഗ്രികൾ പ്ലോട്ടിലെത്തിക്കാനുള്ള ബുദ്ധിമുട്ട്. അതെല്ലാം ഒരുവിധം മറികടന്ന് പണി പുരോഗമിച്ചു.
മേൽക്കൂര ഫ്ലാറ്റായി വാർത്ത് ട്രസ് ചെയ്തതിനാൽ ട്രോപ്പിക്കൽ കാലാവസ്ഥയോട് ഇഴുകിച്ചേരുന്നു. സ്ഥലഉപയുക്തത ലഭിക്കാൻ സ്ലൈഡിങ്- ഫോൾഡിങ് ഗെയ്റ്റ് കൊടുത്തു. ചെറിയ മുറ്റത്ത് രണ്ടു കാർ പാർക്ക് ചെയ്യാം. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ഒരു കിടപ്പുമുറി എന്നിവയാണ് താഴെയുള്ളത്. മുകളിൽ ഒരു കിടപ്പുമുറി, ലിവിങ്, ബാൽക്കണി എന്നിവയുമുണ്ട്. വീട് 1150 ചതുരശ്രയടി മാത്രമേയുള്ളൂ.
പലവിധ വർണക്കൂട്ടുകൾ അകത്തളത്തിൽ പരീക്ഷിച്ചിട്ടുണ്ട്. വീട്ടിൽ ഞങ്ങൾക്കിഷ്ടപ്പെട്ട ഒരുകാര്യം ഫ്ലോറിങ്ങാണ്. ടെറാക്കോട്ട ടൈലാണ് കോമൺ ഏരിയകളിൽ. അതിന് ബോർഡർ നൽകാൻ മൊറോക്കൻ ടൈലും ചേർന്നതോടെ ഭംഗി ഇരട്ടിച്ചു.
ഫർണിഷിങ് ചെലവ് കൈപ്പിടിയിലൊതുക്കാൻ റീയൂസ്- റീസൈക്കിൾ രീതി സഹായകരമായി. പലയിടത്തും പ്ലാസ്റ്ററിങ് ഒഴിവാക്കി കോൺക്രീറ്റ് സീലിങ് നിലനിർത്തി. ഇതിൽ വെള്ള പെയിന്റ് അടിച്ചതോടെ പെട്ടെന്ന് തിരിച്ചറിയില്ല. പഴയ ഡൈനിങ് ടേബിൾ വെള്ള നിറമടിച്ചു കസേരകളുടെ അപ്ഹോൾസ്റ്ററി മാറ്റിയതോടെ പുത്തനായി.
അടച്ചുപൂട്ടാതെ കിച്ചൻ ഹാളിന്റെ ഭാഗമാക്കിയതോടെ ഒത്തുചേരലുകളുടെ ഇടംകൂടിയായി ഇവിടം. ചെറിയ സ്ഥലത്തും പരമാവധി സ്‌റ്റോറേജ് ഉൾപ്പെടുത്തി.
ചെറിയ കുടുംബമായതിനാൽ രണ്ടു കിടപ്പുമുറി മതി. ഒത്തുചേരലിനുള്ള പൊതുവിടങ്ങൾക്കാണ് ഞങ്ങൾ മുൻഗണന നൽകിയത്.
വീട്ടിൽ ഞങ്ങൾക്കിഷ്ടമുള്ള ഒരിടം ബാൽക്കണിയാണ്. വൈകുന്നേരങ്ങളിൽ ഒരു കപ്പ് ചായയുമായി ഇവിടെ വന്നിരിക്കാൻ നല്ല രസമാണ്.
ചുരുക്കത്തിൽ വീട്ടിലേക്ക് കടന്നാൽ വെറും 3.1 സെന്റിൽ പണിത വീടാണെന്ന് തോന്നുകയില്ല എന്നതാണ് ഹൈലൈറ്റ്. സിനിമ പോലെ ഞങ്ങളുടെ വീടും സംവിധാനം ചെയ്ത് വിജയിപ്പിച്ച റിന്നിനും ഭാര്യ ബബിതയ്ക്കുമാണ് മുഴുവൻ ക്രെഡിറ്റും...
Project facts
Location- Fort Kochi
Plot- 3.1 cent
Area- 1150 Sq.ft
Owner- Dean & Rose
Design- AX Rinn
Rinn Design