4 സെന്റ്, 25 ലക്ഷം; ഇത് ചൂടില്ലാത്ത കേമൻ വീട്
Mail This Article
ഏകദേശം നാലര സെന്റിൽ തങ്ങളുടെ പോക്കറ്റിൽ ഒതുങ്ങുന്ന വീടുവേണം. ഇതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. വീട് പരിസ്ഥിതി സൗഹൃദമാകണം, ഉള്ളിൽ ചൂട് കഴിവതും കുറയ്ക്കണം. ഇതായിരുന്നു മറ്റാവശ്യങ്ങൾ.
വീട് സാമ്പത്തിക ബാധ്യതയാകരുത് എന്ന നിർബന്ധമുള്ളതിനാൽ തുടക്കം മുതൽ ചെലവ് പിടിച്ചുനിർത്താൻ ശ്രമിച്ചു.നിർമാണ സാമഗ്രികളുടെ തിരഞ്ഞെടുപ്പിലൂടെയാണ് ചെലവ് ആദ്യഘട്ടത്തിൽ പിടിച്ചുനിർത്തിയത്. ഇതിനായി പഴയ വീടും കെട്ടിടങ്ങളും പൊളിച്ചിടത്തുനിന്ന് 15000 ലേറെ പഴയ ഇഷ്ടികകൾ ശേഖരിച്ചു. ഇതാണ് വീടിന്റെ ചുവരുകളായത്. ഇഷ്ടികയിൽ പടുത്ത ഭിത്തികൾ അതിന്റെ തനിമയിൽ നിലനിർത്തി. പ്ലാസ്റ്ററിങ്, പെയിന്റിങ് ചെലവുകൾ ലാഭിക്കാനുമായി.
ഫർണിഷിങ്ങിലാണ് അടുത്ത ബജറ്റ് പിടിച്ചുകെട്ടൽ. പഴയ വീടുകൾ പൊളിച്ചിടത്തുനിന്ന് ശേഖരിച്ച ജനൽ, വാതിൽ, മരയുരുപ്പടികൾ എന്നിവ പുനരുപയോഗിച്ചു. ഓടുവച്ചുവാർക്കുന്ന ഫില്ലർ സ്ളാബ് രീതിയിലാണ് മേൽക്കൂര നിർമിച്ചത്. ഇവിടെയും പഴയ ഓടാണ് ഉപയോഗിച്ചത്.
ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, താഴെ ഒരു കിടപ്പുമുറി എന്നിവയാണുള്ളത്. മുകളിൽ രണ്ടു കിടപ്പുമുറി, ബാൽക്കണി എന്നിവയുണ്ട്.
വൃത്താകൃതിയിലുള്ള തുറന്ന നടുമുറ്റമാണ് വീടിന്റെ ആത്മാവ്. ഇതുവഴി ചൂടുവായു പുറത്തേക്ക് പോകുന്നതിനാൽ ഉള്ളിൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. നടുമുറ്റത്തിനു ചുറ്റുമായി ഇൻബിൽറ്റ് സീറ്റിങ്ങും ഒരുക്കി. പകൽസമയത്ത് പ്രകാശം സമൃദ്ധമായി ഉള്ളിലെത്തുന്നു.
നിലത്ത് ടൈലുകൾക്ക് പകരം പഴയ കാവിനിലത്തെ അനുസ്മരിപ്പിക്കുംവിധം ഓക്സൈഡ് ഫ്ളോറിങ് ചെയ്തു. ചിലയിടങ്ങളിൽ തറയോട് വിരിച്ചു. കിച്ചൻ കബോർഡും മുറിയിലെ വാഡ്രോബുമെല്ലാം ഫെറോസിമന്റിൽ നിർമിച്ചു.
ഇഷ്ടിക ചുവരുകളും തുറന്ന അകത്തളങ്ങളും ഉള്ളതിനാൽ ഉച്ചയ്ക്കുപോലും വീടിനുള്ളിൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. ഫാനിടേണ്ട കാര്യമില്ല.
സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 25 ലക്ഷം രൂപയാണ് ചെലവായത്. നിർമാണ ചെലവുകൾ കുതിക്കുന്ന കാലത്തും സ്ക്വയർഫീറ്റിന് 1600 രൂപയേ ചെലവായുള്ളൂ എന്നതാണ് ഹൈലൈറ്റ്.
Project facts
Location- Manvila, Trivandrum
Plot- 4.5 cent
Area- 1500 Sq.ft
Owner- Jo, Athira
Design- TAC Design Lab, Trivandrum