അന്ന് പലരും കയ്യൊഴിഞ്ഞു; ഇന്ന് നാട്ടിലെ താരമായി 2 സെന്റിൽ 25 ലക്ഷത്തിന്റെ വീട്; വിഡിയോ
Mail This Article
വീട് സ്വപ്നം കാണുന്നവരുടെ ആദ്യ വെല്ലുവിളിയാണ് സ്ഥലം. നഗരപ്രദേശത്ത് ഒരു തുണ്ടു ഭൂമിക്ക് പോലും വലിയ തുകയാകും. ഉള്ള സ്ഥലത്ത് ഉള്ളതുകൊണ്ട് ഓണം പോലെ വീടൊരുക്കുക എന്നതാണ് പ്രായോഗികം. അത്തരത്തിൽ വെറും 2 സെന്റിൽ 25 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കിയ വീടിന്റെ വിശേഷങ്ങൾ കണ്ടാലോ...
കാലപ്പഴക്കവും അസൗകര്യങ്ങളും നിറഞ്ഞ പഴയ വീട് പൊളിച്ചുകളഞ്ഞാണ് പുതിയ വീട് സാധ്യമാക്കിയത്. കൃത്യമായ ആകൃതിയില്ലാത്ത 2 സെന്റിൽ സൗകര്യമുള്ള വീട് നിർമിക്കുക അപ്രായോഗികമാണെന്ന് പറഞ്ഞു പലരും കയ്യൊഴിഞ്ഞു. ഒടുവിൽ ഡിസൈനർമാരായ അരുണും റസീമുമാണ് വെല്ലുവിളി ഏറ്റെടുത്തത്.

അമ്മയും രണ്ടാൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ആവശ്യങ്ങൾ പരിമിതമായിരുന്നു. ബുദ്ധിപരമായ സ്‌പേസ് പ്ലാനിങ്ങിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്.
സ്വീകരണമുറി, ചെറിയ ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, ഒരു കിടപ്പുമുറി എന്നിവയാണ് താഴെയുള്ളത്. മുകളിൽ രണ്ടു കിടപ്പുമുറി, ബാത്റൂം, ചെറിയ ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 1150 ചതുരശ്രയടിയാണ് വിസ്തീർണം. സിറ്റൗട്ട് ഒഴിവാക്കി പകരം പോളികാർബണേറ്റ് ഷീറ്റ് വിരിച്ച് കാർ പോർച്ച് നിർമിച്ചു. ചെറിയ മുറ്റത്ത് ഒരു കാറും ബൈക്കും സുഖമായി പാർക്ക് ചെയ്യാം.

വലിയ ഊണുമേശകൾ നിലവിലെ സാഹചര്യത്തിൽ പലപ്പോഴും അപ്രസക്തമാണ് എന്നതിനാൽ ഇവിടെ ഊണുമേശയില്ല. പകരം കോർട്യാർഡിനോട് ചേർന്ന് ഇൻബിൽറ്റ് കൗണ്ടർ നൽകി. ഇതിനോടുചേർന്ന് വാഷ് ബേസിനും സ്ഥാപിച്ചു.

ചെറിയ സ്ഥലത്തെ വീടുകളിൽ പലപ്പോഴും ലൈറ്റും വെന്റിലേഷനും ഉറപ്പാക്കുന്നത് വെല്ലുവിളിയാണ്. ഇതിനായി ഇവിടെ ഡബിൾഹൈറ്റ് മേൽക്കൂരയിൽ വൃത്താകൃതിയിൽ സ്‌കൈലൈറ്റ് സ്ഥാപിച്ചു. ഇതുവഴി പകൽ വെളിച്ചം സമൃദ്ധമായി ഉള്ളിലെത്തുന്നു.

വീടിന്റെ ബജറ്റാണ് ആകർഷണീയം. ചെലവുകൾ കുതിക്കുന്ന ഈ കാലത്തും സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 25 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാനായി.

ചെലവ് കുറച്ച ഘടകങ്ങൾ
- സ്ക്വയർഫീറ്റ് കുറച്ച് പരമാവധി സ്ഥലഉപയുക്തത നൽകി.
- ഫർണിഷിങ്ങിൽ പ്രീമിയം തടിക്ക് പകരം ഇടത്തരം തടി ഉപയോഗിച്ചു.
- ഡൈനിങ് ടേബിൾ ഒഴിവായി. അധികം ഫർണിച്ചറുകൾ ഒഴിവാക്കി.
- കാലതാമസം ഒഴിവാക്കി വേഗം നിർമാണം പൂർത്തീകരിച്ചു.
Project facts
Location- Chandanathope, Kollam
Area- 1150 Sq.ft
Owner- Jalaja
Design- Arun, Razim
Insight Architectural Ideas, Kollam
Mob- 9961061363