7500 സ്ക്വയർഫീറ്റ്: ഇങ്ങനെയൊരു വീട് കേരളത്തിൽ അധികമുണ്ടാകില്ല; കാണാൻ ആൾത്തിരക്ക്

Mail This Article
നാടിനോടും കുടുംബത്തോടും കുടുംബക്ഷേത്രത്തോടും ഏറെ വൈകാരിക അടുപ്പമുള്ള പ്രവാസി, ജന്മനാട്ടിൽ ഒത്തുചേരലുകൾക്കായി ഒരുക്കിയ വീടാണിത്. തൃശൂർ കാഞ്ഞാണിയിലാണ് നിധി ബാലകൃഷ്ണന്റെയും കുടുംബത്തിന്റെയും പരമ്പരാഗത തനിമ നിറഞ്ഞ വീട്.
പുറമെ ഇരുനിലയുടെ പ്രൗഢിയുണ്ടെങ്കിലും ഒരുനില വീടാണ്. മേൽക്കൂര ഫ്ലാറ്റ് വാർത്ത് ഉയരംകൂടി ട്രസ് റൂഫിങ് ചെയ്തതിനാൽ മുകൾനില മൾട്ടി യൂട്ടിലിറ്റി സ്‌പേസായി ഉപയോഗിക്കാം.

പൂമുഖം, സ്വീകരണമുറി, ഊണുമുറി, അടുക്കള, നടുമുറ്റം, ആറു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 7500 ചതുരശ്രയടിയിൽ ഉൾകൊള്ളിച്ചത്. പരമ്പരാഗത തനിമ നിറയാൻ തടിപ്പണികൾക്ക് വീടിനുള്ളിൽ ധാരാളമായി നൽകിയിട്ടുണ്ട്.

പ്രൗഢവും വിശാലവുമായ പൂമുഖമാണ് അതിഥികളെ വരവേൽക്കുന്നത്. ഒരടി പൊക്കത്തിൽ സ്റ്റേജ് പോലെ ഉയർത്തിയാണ് പൂമുഖം. സീലിങ്ങിൽ കൊത്തുപണികളുള്ള തേക്കിന്റെ പ്രൗഢി കാണാം. സിറ്റൗട്ടിന്റെ തുടർച്ചയായി വീടിന്റെ മൂന്ന് ഭാഗത്തും വരാന്തയുണ്ട്. വലിയ ആർച്ചുകൾ ഒരു കൊളോണിയൽ ഛായ വീടിനേകുന്നു.

ഒത്തുചേരലുകളാണ് ഈ വീടിന്റെ സന്തോഷം. അതിനായി നെടുനീളൻ സ്വീകരണമുറിയാണ് ഒരുക്കിയത്. എത്ര അതിഥികൾ ഒരുമിച്ചുവന്നാലും ഇവിടെ സ്ഥലമുണ്ടാകും.

ഈ വീടിന്റെ ആത്മാവായ നടുമുറ്റത്തെ 'മനോഹര'മെന്ന് വിശേഷിപ്പിച്ചാൽ കുറഞ്ഞുപോകും. അതിവിശാലമായ തുറന്ന നടുമുറ്റമാണ് വീടിന്റെ ആത്മാവും കേന്ദ്രബിന്ദുവും. മിക്ക മുറികളും തുറക്കുന്നത് ഇവിടേക്കാണ്.

തടിയുടെ പ്രൗഢിയിലാണ് ഊണുമുറി. ഊണുമേശയ്ക്ക് വശത്തായി ബേവിൻഡോ ഒരുക്കി. അധിക വിരുന്നുകാർ ഉള്ളപ്പോൾ ഇവിടെയിരുന്നും ഭക്ഷണം ആസ്വദിക്കാം.

ഒരുനിലയെങ്കിലും വിശാലമായ ആറു കിടപ്പുമുറികളുണ്ട് വീട്ടിൽ. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. വ്യത്യസ്ത നിറമുള്ള ഫ്ളോറിങ്, ഹെഡ്‌സൈഡ് ഭിത്തി എന്നിവയിലൂടെയാണ് മാറ്റം കൊണ്ടുവന്നത്. പുറത്തെ കാഴ്ചകളിലേക്ക് തുറക്കുന്ന ബേവിൻഡോ, വിശാലമായ സ്‌റ്റോറേജ്, അറ്റാച്ഡ് മോഡേൺ ബാത്റൂം എന്നിവയും ഇവിടെയുണ്ട്.

ഐലൻഡ് ശൈലിയിലുള്ള മോഡേൺ അടുക്കളയാണ് ഇവിടെ. തടിയുടെ ഫിനിഷിലുള്ള ധാരാളം ക്യാബിനറ്റ് ഇവിടെയുണ്ട്. അനുബന്ധമായി വർക്കിങ് കിച്ചനുമുണ്ട്. ഇവിടെനിന്നും നടുമുറ്റത്തിന്റെ കാഴ്ചകളിലേക്ക് മിഴിയെത്തും.

ചുരുക്കത്തിൽ നാട്ടിലേക്കുള്ള ഗൃഹനാഥന്റെ ഓരോ മടക്കയാത്രയിലും വീടുനിറയെ ആളുകളെത്തും. എല്ലാവരും ഒത്തുചേരുമ്പോൾ വീട്ടിൽ സന്തോഷത്തിന്റെ അന്തരീക്ഷം നിറയുന്നു.
Project facts
Location- Kanjani, Thrissur
Area- 7500 Sq.ft
Owner- Nidhi Balakrishnan, Nisha
Design- Thomas Manjooran
Illusion Interiors, Thrissur