കൊച്ചു സ്വർഗം! ഇത് അമ്മയ്ക്ക് മകന്റെ സമ്മാനം; വിഡിയോ
Mail This Article
കൊല്ലം കരുനാഗപ്പള്ളിയിൽ 5 സെന്റിൽ 1100 സ്ക്വയർഫീറ്റിൽ ഒരുക്കിയ വീടിന്റെ വിശേഷങ്ങൾ കണ്ടാലോ..
പ്രവാസിയായ മകൻ നാട്ടിലുള്ള അമ്മയ്ക്കായി സമ്മാനിച്ച വീടാണിത്. പരിപാലനം എളുപ്പമാക്കിയാണ് ഒരുനില വീടൊരുക്കിയത്. വീതികുറഞ്ഞു നീളം കൂടിയ പ്ലോട്ടിനനുസരിച്ചാണ് രൂപകൽപന. ട്രോപ്പിക്കൽ ശൈലിയിൽ രണ്ടുതട്ടുകളായാണ് വീടിന്റെ റൂഫ്. വശത്തുനിന്നും മുന്നിൽനിന്നും വ്യത്യസ്ത രൂപഭംഗി ഇതിലൂടെ ലഭിക്കും. മുൻഭിത്തി കുറച്ചുഭാഗം വെട്ടുകല്ലിന്റെ ക്ലാഡിങ് പതിച്ച് ഭംഗിയാക്കി.

ഈ വീടിന്റെ ഏതൊരു ഏരിയ എടുത്താലും അമ്മയോടുള്ള സ്നേഹവും കരുതലും കാണാൻ സാധിക്കും. ഉദാഹരണത്തിന് സിറ്റൗട്ടിലേക്ക് കയറുന്നിടത്ത് അമ്മയ്ക്ക് അനായാസം പിടിച്ചുകയറാൻ ഹാൻഡ് റെയിൽ കൊടുത്തിരിക്കുന്നു. സമാനമായി കിച്ചൻ ഭാഗത്തും പുറത്തേക്കിറങ്ങാൻ ഹാൻഡ്‌റെയിൽ കൊടുത്തിട്ടുണ്ട്.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം, മൾട്ടി യൂട്ടിലിറ്റി സ്‌പേസ് ആയി ഉപയോഗിക്കുന്ന അപ്പർ മെസനൈൻ ഫ്ലോർ എന്നിവയാണ് വീട്ടിലുള്ളത്.

അനാവശ്യ ചുവരുകളില്ലാതെ തുറന്ന നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. അതിനാൽ നല്ല വിശാലതയും വെളിച്ചവും കാറ്റും വീടിനുള്ളിൽ നിറയുന്നു. പ്രധാന വാതിൽ തുറന്ന് പ്രവേശിക്കുന്നത് ലിവിങ്ങിലേക്കാണ്. ഇവിടെ മിനിമൽ ഫർണിച്ചറും ടിവി യൂണിറ്റും ഒരുക്കി.

മിനിമൽ ശൈലിയിലാണ് ഡൈനിങ്. അനുബന്ധമായി വാഷ് ഏരിയ, കിച്ചൻ എന്നിവ ക്രമീകരിച്ചു. ഡൈനിങ്ങിൽ ഒരു ഭാഗം മുഴുനീള ജാലകം നൽകി.

അമ്മയുടെ സൗകര്യത്തിനനുസരിച്ചാണ് കിച്ചന്‍ ഡിസൈൻ ചെയ്തിരിക്കുന്നത്. ക്യാബിനറ്റുകൾ ലാമിനേറ്റഡ് പ്ലൈവുഡിലാണ്. കൗണ്ടർ ഗ്രാനൈറ്റിലാണ്. സ്റ്റൗ, സിങ്ക്, വാഷിങ് മെഷീൻ തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്.

സീലിങ് ഹൈറ്റ് പ്രയോജനപ്പെടുത്തി മുകൾനില ക്രമീകരിച്ചു. ഈ മെസനൈൻ ഏരിയ കുട്ടികൾ വരുമ്പോൾ ഒത്തുചേരാനും കളിക്കാനുമുള്ള സ്‌പേസാക്കി മാറ്റി. ചുരുക്കത്തിൽ ഒരുനില വീട്ടിൽ രണ്ടുനിലയുടെ സൗകര്യങ്ങൾ ലഭിക്കുന്നു.
Project facts
Location- Karunagappally
Plot- 5 cent
Area- 1100 Sq.ft
Architects- Akshay, Thara