വീട്ടുകാർക്ക് വിദേശത്തിരുന്ന് നിയന്ത്രിക്കാം: സ്മാർട്ടാണ് പത്മ

Mail This Article
വീട് താമസിക്കാനുള്ള ഒരിടം എന്നതിനപ്പുറം അത് ജീവിതത്തിന്റെ ഒരു കാവ്യമാണ്. അത്തരത്തിൽ പ്രകൃതിയുടെ ശാന്തതയെ നിറമാക്കി, അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് സമകാലിക ശൈലിയിൽ നിർമിച്ചതാണ് ഈ സ്വപ്നഭവനം.
കണ്ണൂർ ജില്ലയിലെ മാത്തിൽ എന്ന സ്ഥലത്താണ് സതീഷന്റെയും കുടുംബത്തിന്റെയും 'പത്മ' എന്ന മനോഹര ഭവനം.10 സെന്റിൽ 2900 സ്ക്വയർഫീറ്റിലാണ് വീട്. ബ്രിക് സ്റ്റോൺ ക്ളാഡിങ്, ടെക്ചർ പെയിന്റ് വർക്സ് എന്നിവയാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. വീടിന്റെ പുറംകാഴ്ചയോട് ചേരുംവിധമാണ് ഓട്ടമേറ്റഡ് ഗേറ്റിന്റെ ഡിസൈൻ. ഇത് തുറക്കുന്നത് ബാംഗ്ലൂർ സ്റ്റോണും പേൾ ഗ്രാസും വിരിച്ച ഹരിത ഭംഗി നിറഞ്ഞ ലാൻഡ്സ്‌കേപ്പിലേക്കാണ്.

സതീഷും കുടുംബവും വിദേശത്ത് ആയതിനാൽ അവർക്ക് അവിടെ നിന്നും നിയന്ത്രിക്കാൻ പറ്റുന്ന തരത്തിൽ ഉള്ള ഓട്ടമാറ്റിക് ഇറിഗേഷൻ സംവിധാനമാണ് ലാൻഡ്സ്കേപ്പിൽ ഉൾകൊള്ളിച്ചിട്ടുള്ളത്.പുറം രാജ്യങ്ങളിൽ കണ്ടുവരുന്ന ടെൻസൈൽ- ഫാബ്രിക് മെറ്റീരിയൽ ഉപയോഗിച്ച് കാർപോർച്ച് നിർമിച്ചിരിക്കുന്നു.

മോഡേൺ രീതിയിൽ ക്രമീകരിച്ച സിറ്റ്ഔട്ടിൽ നിന്നും പ്രധാന വാതിൽ തുറക്കുമ്പോൾ നോട്ടം പതിക്കുന്നത് പൂജ സ്പേസിലേക്കാണ്. പ്രധാന വാതിലിനോട് ചേർന്നാണ് ലിവിങ് ഏരിയ. വീടിന്റെ ഇന്റീരിയറിനോട് ചേരുംവിധമുള്ള ഫർണിച്ചറാണിവിടെ. 6 പേർക്ക് ഇരിക്കാവുന്ന രീതിയിലാണ് ഡൈനിങ് ഏരിയ. ഇവിടെ നിന്നും പുറത്തേക്ക് ഇറങ്ങാവുന്ന തരത്തിൽ ഒരു കോർട്യാർഡ് സ്‌പേസുമുണ്ട്. പച്ചപ്പ് നിറഞ്ഞ ഈ ഇടം ഡൈനിങ്ങിനെ കൂടുതൽ വ്യത്യസ്തമാക്കുന്നു. ഭാവിയിൽ വീട്ടുകാർക്ക് സ്‌റ്റെപ്പ് കയറി മുകൾനിലയിലെത്താനുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ഡൈനിങ്ങിനോടുചേർന്ന് ഒരു ലിഫ്റ്റ് സ്ഥാപിച്ചു.

മുഴുവനായും ഓട്ടമാറ്റിക് സ്വിച്ചും ലൈറ്റുമാണ് ക്രമീകരിച്ചിരിക്കുന്നത്. വീട്ടുകാർക്ക് വിദേശത്തിരുന്നും നിയന്ത്രിക്കാം. ലിവിങ് ഏരിയയ്ക്ക് പിന്നിലായി കോൺക്രീറ്റ് സ്റ്റെയർകേസ് വിന്യസിച്ചു. ഗ്ലാസ് + തേക്ക് വുഡ് ഫിനിഷിലാണ് കൈവരികൾ. താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ വിന്യസിച്ചു. എല്ലാം വ്യത്യസ്ത കളർ തീമിൽ ചിട്ടപ്പെടുത്തി.

കാറ്റും വെളിച്ചവും പുറത്തെ കാഴ്ചകളും ഉള്ളിൽ വിരുന്നെത്താൻ പാകത്തിൽ ജാലകങ്ങൾ നൽകിയിരിക്കുന്നു. കൂടാതെ മുകളിൽ ഒരു ലിവിങ് സ്പേസും വിശാലമായ ബാൽക്കണിയും ഒരുക്കി.

ഗ്രീൻ + വൈറ്റ് കളർ തീമിലാണ് കിച്ചൻ. WPC+ PU പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കിയിട്ടുണ്ട്. അനുബന്ധമായി വർക്ക് ഏരിയയുമുണ്ട്.

ആധുനിക ഭവന രൂപകൽപനയുടെ എല്ലാ മുഖങ്ങളും ഉൾക്കൊള്ളിച്ച് കൊണ്ട് നിർമിച്ച ഈ ഭവനം ഭാവിയിലെ വീടുകൾക്ക് ഒരു പ്രചോദനം ആവട്ടെ...

Project facts
Location - Mathil, Kannur
Plot - 10 cent
Area - 2900 Sq.ft
Owner - M. Satheesh
Designer - Vaisakh Rajan
Pravega Associates, Payyanur