രാജ്യാന്തരതലത്തിൽ വൈറലായ ആ ചില്ലുകൊട്ടാരം മലയാളിയുടേതാണ്!

Mail This Article
ഇവിടെ എങ്ങനെ ക്രിക്കറ്റ് കളിക്കും? ബെംഗളൂരുവിലെ ഗ്ലാസ് വീട് വൈറലായപ്പോൾ അതിനടിയിൽ വന്ന രസകരമായ കമന്റുകളിൽ ഒന്നാണിത്.
മുൻനിര മാധ്യമങ്ങളും യൂട്യൂബർമാരും വീടിന്റെ ദൃശ്യങ്ങൾ പകർത്താൻ ഒഴുകിയെത്തി. ഇത് ഒരു മലയാളിയുടെ വീടാണ് എന്നതാണ് മറ്റൊരു കൗതുകം. ചെങ്ങന്നൂർ സ്വദേശിയും ആർക്കിടെക്ടുമായ തോമസ് എബ്രഹാമിന് വീട്ടിൽ സന്ദർശകർ ഒഴിഞ്ഞ നേരമില്ല.

വീട് ശ്രദ്ധിക്കപ്പെടുന്ന നിർമിതിയാകണം എന്നുണ്ടായിരുന്നു. പുതിയകാലത്തോട് ചേർന്നുനിൽക്കണം. അങ്ങനെയാണ് പൂർണമായും ഗ്ലാസിൽ നിർമിക്കാം എന്ന് തീരുമാനിച്ചത്. സ്റ്റീൽ ഫ്രയിമിൽ ഗ്ലാസ് വിരിച്ചാണ് ചുവരുകൾ നിർമിച്ചത്. കെട്ടിടത്തിന്റെ ഏതാണ്ട് 95 ശതമാനവും ഗ്ലാസാണ്. തോമസ് പറയുന്നു.

മൂന്നു നില വീടാണിത്. 27 അടിയാണ് കെട്ടിടത്തിന്റെ പൊക്കം. താഴെ അതിവിശാലമായ ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഒരു കിടപ്പുമുറി എന്നിവ മാത്രമേയുള്ളൂ. രണ്ടാം നിലയിലാണ് ഡൈനിങ്, കൂടാതെ രണ്ടു കിടപ്പുമുറികളുമുണ്ട്. മൂന്നാം നിലയിൽ പിയാനോ റൂം മാത്രമാണുള്ളത്. മൂന്ന് നിലകളുടെയും മേൽക്കൂര മാത്രമാണ് ഇവിടെ കോൺക്രീറ്റുള്ളത്.

വീടുപോലെ ചുറ്റുപാടും മനോഹരമായി ഒരുക്കി. ചുറ്റുമുള്ള നടപ്പാതകൾ പുൽത്തകിടി വിരിച്ച് അലങ്കരിച്ചു. ഇവിടെയൊരു കുളവുമുണ്ട്.

ഓപൺ സ്‌പേസുകൾക്ക് പ്രാധാന്യം നൽകി ഒരുക്കിയതിനാൽ നല്ല വിശാലത ഉള്ളിൽ അനുഭവപ്പെടുന്നു. സ്‌റ്റെയറാണ് വീടിനുള്ളിലെ മറ്റൊരു ഹൈലൈറ്റ്. ക്രോമസോമിന്റെ ആകൃതിയിലാണിത്. തൂവെള്ള മാർബിളാണ് പടികളിൽ. കൈവരികളിൽ ഗ്ലാസാണ്.

കിടപ്പുമുറികളിലാണ് ഏറ്റവും രസമുള്ള കാഴ്ച. രണ്ടു ഗ്ലാസ് ഭിത്തികൾക്കപ്പുറം നിറയെ പൂച്ചെടികളും വള്ളിച്ചെടികളുമാണ്. അതിനാൽ ഒരു ചെറുകാടിന്റെ പ്രതീതി ലഭിക്കും. നേരിട്ട് ഇവിടേക്ക് വെയിൽ അടിക്കാത്തതിനാൽ ചൂടും അറിയില്ല.

വീടിന്റെ പിന്നിൽ ചെറിയ കാടാണ്. മാനും മയിലുമെല്ലാം ഇവിടെ മേയാനെത്താറുണ്ട്. വീടിനുള്ളിൽ ഇരുന്നുതന്നെ അത്തരം കാഴ്ചകൾ ആസ്വദിക്കാം. തോമസ് പറയുന്നു.