ഞങ്ങളുടെ മനസ്സിലും ഇങ്ങനെയൊരു വീട്: ഇവിടെയെത്തുന്നവർ പറയുന്നു

Mail This Article
തൃശൂർ നടത്തറയാണ് ഹരീഷ്- സന്ധ്യ ദമ്പതികളുടെ വീട്. ആർക്കിടെക്ടിന്റെ സ്വന്തം വീട് കണ്ടിഷ്ടമായി, വീട്ടുകാർ പണി ഏൽപിക്കുകയായിരുന്നു. അമിത ആർഭാടങ്ങൾ ഇല്ലാത്ത, ഒത്തുചേരലുകൾക്കായി ധാരാളം ഇടങ്ങളുള്ള, കാറ്റും വെളിച്ചവും നിറയുന്ന വീട് എന്ന സ്വപ്നം ആർക്കിടെക്ട് പൂർത്തിയാക്കി നൽകി.

ഉയരം കൂട്ടി ജിഐ ട്രസ് ചെയ്ത സിംഗിൾ മേൽക്കൂരയാണ് വീടിന്റെ ആത്മാവ്. ഉയരം മുതലാക്കി രണ്ടു തട്ടുകളിൽ സൗകര്യങ്ങൾ ഒരുക്കി. മുകളിൽ പഴയ ഓട് വിരിച്ചശേഷം താഴെ ടെറാക്കോട്ട സീലിങ് ഓട് വിരിച്ചതോടെ മേൽക്കൂര ഭംഗിയായി.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. ഒരു കിടപ്പുമുറി, ബാത്റൂം, റീഡിങ് സ്‌പേസ്, ബാൽക്കണി എന്നിവ മുകളിൽ വരുന്നു. മൊത്തം 2200 ചതുരശ്രയടിയാണ് വിസ്തീർണം.

ഫ്ലോറിങ്ങിൽ നടത്തിയ പരീക്ഷണം വിജയം കണ്ടു. അത്ര പരിചിതമല്ലാത്ത പച്ച നിറത്തിൽ പൊതുവിടങ്ങൾ ഓക്സൈഡ് ഫിനിഷിലൊരുക്കി. അടുക്കളയിൽ മാത്രം ടൈൽ വിരിച്ചു. മുറ്റത്ത് നാച്ചുറൽ സ്റ്റോണും.

തേക്കിലാണ് ഊണുമേശയും കസേരകളും. വശത്തായി നീളൻ ബെവിൻഡോയുണ്ട്. അധിക അതിഥികളുണ്ടെങ്കിൽ ഇവിടെ നിരനിരയായി ഇരിക്കാം. വശത്തെ ഭിത്തിയിൽ രണ്ടു തട്ടുകളായി ജാലകങ്ങൾ നൽകി. ഇതുവഴി കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലെത്തുന്നു.

ലളിതമായി തുടങ്ങുന്ന സ്‌റ്റെയർ മുകളിൽ ഒരു പാലം പോലെ പടരുന്നുണ്ട്. സ്റ്റീൽ ഫ്രയിമിൽ തടിവിരിച്ചാണ് ഇത് നിർമിച്ചത്.

മുകളിലെ മാസ്റ്റർ ബെഡ്റൂമിൽനിന്ന് ഒരു കിളിവാതിലുണ്ട്. ഇതുവഴി താഴത്തെ നിലകളുമായി സംവദിക്കാം.
മാസ്റ്റർ ബെഡ്‌റൂമിൽ ഇൻ-ബിൽറ്റ് സ്‌റ്റോറേജുള്ള കട്ടിലാണ്. വശത്ത് ബെവിൻഡോയും ഇൻബിൽറ്റ് സ്റ്റഡി സ്‌പേസുമുണ്ട്.

വീടിന്റെ A ആകൃതിയിലുള്ള മേൽക്കൂര നിർമിച്ച് മുകളിൽ ഉറപ്പിക്കുന്നത് അൽപം ശ്രമകരമായിരുന്നു. നിർമാണഘട്ടത്തിൽ ഞങ്ങൾ അൽപം ടെൻഷനടിച്ചത് ആ സമയത്താണ്. ആഗ്രഹിച്ച പോലെ തുറന്ന മനസ്സുള്ള വീട് ലഭിച്ചതിൽ ഞങ്ങൾ ഹാപ്പിയാണ്. വീട്ടുകാർ പറയുന്നു.
Project facts
Location- Nadathara, Thrissur
Area- 2200 Sq.ft
Owner- Hareesh, Sandhya
Design- Naked Volume, Thrissur