അതിമനോഹരം: ഞങ്ങൾക്കും വേണ്ടത് ഇങ്ങനെയൊരു വീടാണ്: ആളുകൾ പറയുന്നു

Mail This Article
കൊച്ചിയുടെ തിരക്കേറിയ ജീവിതത്തിൽ നിന്നും മാറി വളരെ ശാന്തവും പ്രകൃതിസുന്ദരവുമായ ഗ്രാമീണാന്തരീക്ഷത്തിൽ പണിതുയർത്തിയിരിക്കുന്ന സ്വപ്നവസതിയാണ് വില്ല ലഗോം. പേര് സൂചിപ്പിക്കുംപോലെ സമതുലിതമായി രൂപകൽപന ചെയ്‌തിരിക്കുന്നു. തട്ടുകളായുള്ള ഭൂപ്രകൃതിയിൽ ഇണങ്ങിച്ചേരുന്ന തരത്തിൽ മൂന്നു നിലകളിലായിട്ടാണ് ഈ ഭവനം പൂർത്തീകരിച്ചിരിക്കുന്നത് .

ഏറെ കൗതുകമുണർത്തുന്ന വീടിന്റെ പൊതു ഇടങ്ങളായ സ്വീകരണമുറി, ഡൈനിങ് എന്നിവ ഓപ്പൺ പ്ലാനിങ് ശൈലിയിൽ ഒരുക്കിയതിനാൽ വിശാലത കൈവരുന്നു.

ചുറ്റുമുള്ള മനോഹരമായ ഭൂപ്രകൃതിയെ അകത്തേക്കു ലയിപ്പിക്കുന്ന തരത്തിലാണ് ഇന്റീരിയർ സ്പേസുകളുടെ വിന്യാസം . ഇതിനായി കോമൺ സ്പേസുകളിൽ വലിയ പിക്ചർ ജാലകങ്ങൾ ഒരുക്കിയിരിക്കുന്നു .

ഈ വീടിന്റെ ഹൃദയ ഭാഗമായ ഫാമിലി സ്പേസ് താഴത്തെ നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ഒത്തുചേരലുകൾക്ക് ഊഷ്മളത പകരുന്ന തരത്തിൽ പൂർത്തിയാക്കിയിരിക്കുന്ന ഈ സ്പേസിലേക്കുള്ള സ്റ്റെയർകേസ് ഒരു ഫങ്ക്ഷനൽ ലോഞ്ചിങ് ഏരിയ ആയിട്ടാണ് ഡിസൈൻ ചെയ്‌തിട്ടുള്ളത്.

മിനിമലിസ്റ്റ് ഇന്റീരിയറും പ്രകൃതിയോട് ഇണങ്ങുന്ന കളർ പാലറ്റും ഈ ഇടങ്ങൾക്ക് മാറ്റുകൂട്ടുന്നു.
വെളിച്ചവും കാറ്റും വീടിനുള്ളിൽ സുലഭമായി പരിലസിക്കും വിധം ഒരുവശത്ത് ഇന്റീരിയർ കോർട്യാർഡ് ഗാർഡനും മറുവശത്ത് എക്സ്റ്റീരിയർ ഗാർഡനും ക്രമീകരിച്ചിരിക്കുന്നു .

പ്രകൃതിയോട് ഇണങ്ങിചേർന്നു പണികഴിപ്പിച്ചിരിക്കുന്ന കോമൺ സ്പേസുകളാണ് ഈ വീടിന്റെ ആത്മാവ്. ഇതിനിരുവശവുമായി കിടപ്പുമുറികൾ മൂന്ന് നിലകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു . ജാളികൾ കോർട്യാർഡ് ഡബിൾഹൈറ്റ് എന്നിവ ഈ വീടിനുള്ളിലെ വായുസഞ്ചാരം സന്തുലിതമാക്കികൊണ്ട് ചൂടിനെ നിയന്ത്രിക്കുന്നു.

ആധുനികതയെ ഒപ്പം ചേർത്ത് മിതമായി രൂപകൽപന ചെയ്‌തിരിക്കുന്ന വില്ല ലഗോം ഗ്രാമീണ പ്രകൃതിയെ ചേർത്തുനിർത്തിയ സ്പേസുകളാലും മെറ്റീരിയൽ പാലറ്റുകളാലും ക്രമീകരിച്ചിരിക്കുന്നതിനാൽ ഈ വീട്ടിലെ അംഗങ്ങൾക്കും ഇവിടത്തെ അതിഥികൾക്കും ഊഷ്മളവും ഹൃദ്യവുമായ അനുഭവം പകരുന്നു.
Project facts
Location- Kadayirippu, Ernakulam
Area-3000 sqft
Architects:Sherin Varikkatt, Ashna Ebrahim
Studio Tropical Being, Kakkanad
Y.C- 2024