ഒരു സിനിമ ഷൂട്ടിങ് ലൊക്കേഷൻ പോലെ: ഹിറ്റായി ഗൃഹാതുരത നിറയുന്ന വയൽവീട്; കാണാൻ ആൾത്തിരക്ക്

Mail This Article
സത്യൻ അന്തിക്കാടിന്റെ പഴയ സിനിമകളിൽ കാണുന്ന പോലെയൊരു വീട്. പച്ചപ്പട്ടുടുത്ത വയലേലകളിലേക്ക് തുറക്കുന്ന ഗ്രാമീണ ജീവിതത്തിന്റെ ഭംഗിയും നൈർമല്യവുമുള്ള വീട്. മലപ്പുറം അരീക്കോടാണ് സുഹൈലിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നഭവനം.
പല തട്ടുകളായി ചരിഞ്ഞ മേൽക്കൂരയിൽ പഴയ കളിമൺ ഓട് പുനരുപയോഗിച്ചു. അതിനാൽ 'കാലങ്ങളായി ഇവിടെയുണ്ടായിരുന്നു' എന്ന ഒരു ഫീൽ വീടിനു ലഭിക്കുന്നു.

മുന്നിലെ വയലിന്റെ പച്ചപ്പ് വീടിന്റെ ലാൻഡ്സ്കേപ്പിലേക്ക് തുടരുന്നു. പേൾ ഗ്രാസ്, ട്രോപ്പിക്കൽ പ്ലാന്റ്സ് എന്നിവ ഇവിടെ ഹാജരുണ്ട്.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേറിയ, മൂന്നു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ ഒരു കിടപ്പുമുറി, ബാത്റൂം, ഓഫിസ്, ലൈബ്രറി, ബാൽക്കണി എന്നിവയാണുള്ളത്. മൊത്തം വീട് 4400 ചതുരശ്രയടിയുണ്ട്.

പച്ചപ്പട്ടുടുത്ത വയലിന്റെ വിശാലമായ കാഴ്ചയിലേക്ക് തുറക്കുന്ന നീളൻ ബാൽക്കണിയാണ് വീട്ടിലെ ഏറ്റവും മനോഹരമായ ഇടം. രാവിലെയും വൈകുന്നേരങ്ങളിലും ഇവിടെയിരുന്നാൽ ഗ്രാമീണ സൗന്ദര്യം അതിന്റെ പൂർണതയിൽ സദാ ഒഴുകിയെത്തുന്ന ഇളംകാറ്റിന്റെ തഴുകലോടെ ആസ്വദിക്കാം.

കോർട്യാർഡാണ് മറ്റൊരു ഹൈലൈറ്റ്. ജിഐ ഗ്രില്ലും ഗ്ലാസും വിരിച്ചാണ് മേൽക്കൂര. സ്വാഭാവിക പ്രകാശം സമൃദ്ധമായി ഉള്ളിൽ നിറയുന്നു. നിലത്ത് കല്ലുപാകി. മരത്തടി മുറിച്ചൊരുക്കിയ ഇരിപ്പിടങ്ങൾ ഇവിടെയുണ്ട്. വശത്തെ ഭിത്തി വൈറ്റ് ക്ലാഡിങ് ഫിനിഷിലൊരുക്കി.

വയലിന് അഭിമുഖമായുള്ള നീളൻ സിറ്റൗട്ടാണ് അതിഥികളെ വരവേൽക്കുന്നത്. ഇതിന് അനുബന്ധമായി ഒരു ഡെക്ക് സ്‌പേസും നൽകിയിട്ടുണ്ട്. പ്രകൃതിയുടെ മനോഹാരിത പരമാവധി ആസ്വദിക്കാനാണ് ഇത്തരം ഇടങ്ങൾ ഒരുക്കിയത്.
വീട്ടിലേക്ക് പ്രവേശിക്കുന്നത് ഡബിൾ ഹൈറ്റിലൊരുക്കിയ ലിവിങ്ങിലേക്കാണ്. ഇത് നല്ല വിശാലത ഫീൽ ചെയ്യിപ്പിക്കുന്നു.

കിടപ്പുമുറികൾ വ്യത്യസ്ത കളർതീമിലൊരുക്കി. ഹെഡ്‌സൈഡ് ഭിത്തിയിലെ ഹൈലൈറ്റർ നിറത്തിലൂടെയാണ് തീം കൊണ്ടുവന്നത്.

ദിവസം മുഴുവൻ പ്രസാദാത്മകമായ അന്തരീക്ഷം വീടിനുള്ളിൽ നിറയുന്നു. നിരവധി ആളുകളാണ് സമൂഹമാധ്യമത്തിൽ മറ്റുംകണ്ട് വീടുകാണാൻ ഇവിടേക്കെത്തുന്നത്.
Project facts
Location- Areekode, Malappuram
Plot- 17 cent
Area- 4400 Sq.ft
Owner- Suhail VP
Architects- Dome of Thoughts, Calicut
Y.C- 2024