മുടക്കിയ കാശിന് ഇരട്ടിമൂല്യം! ചെറിയ കുടുംബം ഒരുക്കിയ വീട്; വിഡിയോ
Mail This Article
ആലപ്പുഴ ജില്ലയിലെ കരുവാറ്റയിലുള്ള അഭിലാഷ് – ശ്രീലു ദമ്പതികളുടെ പുലരി എന്ന വീടിന്റെ വിശേഷങ്ങളിലേക്ക്...
പരമ്പരാഗത ശൈലിയിൽ മനോഹരമായി ഒരുക്കിയ വീട്. കോസ്റ്റ് ഇഫക്റ്റീവ് ബജറ്റിൽ ഒരുക്കിയതാണ് പ്രധാന ഹൈലൈറ്റ്. 1880 സ്ക്വയർഫീറ്റ് വീട്, സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 40 ലക്ഷത്തിന് പൂർത്തിയാക്കി.

ട്രെഡീഷനൽ ശൈലിയിൽ കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന ഒരുനില വീട് ആയിരുന്നു വീട്ടുകാരുടെ മനസ്സിൽ. അപ്രകാരമാണ് രൂപകൽപന. പുറമെ കണ്ടാൽ രണ്ടുനില വീടാണെന്നു തോന്നുമെങ്കിലും ഒരുനിലയാണ്. മേൽക്കൂര പല തട്ടുകളായി ട്രസ്സ് വർക് ചെയ്തു ഓടു വിരിച്ചു.
വീട്ടിലേക്കു കയറുമ്പോൾ സിറ്റൗട്ടിനോടു ചേർന്ന് പടികൾക്കൊപ്പം വീൽചെയർ കേറാൻ പാകത്തിൽ റാംപ് കൊടുത്തത് ശ്രദ്ധേയമാണ്. സിറ്റൗട്ടിൽ രണ്ടു വാതിലുകളുണ്ട്. ഒരു വാതിൽ തുറക്കുന്നത് വീടിന്റെ ആത്മാവായ കോർട്യാർഡിലേക്കാണ്. കാറ്റും വെയിലും മഴയും ഉള്ളിലെത്തുന്ന രീതിയിൽ തുറന്ന മേൽക്കൂരയാണ് നൽകിയിരിക്കുന്നത്. സുരക്ഷയ്ക്കായി ഗ്രിൽസും നൽകിയിരിക്കുന്നു.
കുറഞ്ഞ ബജറ്റിൽ ഒരു കോർട്യാർഡ് എങ്ങനെ നിർമിക്കാം എന്നതിന് നല്ല ഒരു മോഡലാണിത്. കാരണം പലപ്പോഴും ട്രെഡീഷനൽ വീടുകളുടെ പ്ലാൻ വരയ്ക്കുമ്പോൾ മധ്യത്തിലായാണ് കോർട്യാഡ് വരുന്നത്. അപ്പോൾ അതിനുചുറ്റും പാസേജുകൾ വേണ്ടിവരും. അങ്ങനെ സ്ക്വയർഫീറ്റും ബജറ്റും കൂടാം. പക്ഷേ ഇവിടെ ഒരുവശത്തേക്കു കോർട്യാഡിനെ മാറ്റിയതു കൊണ്ട് ചുറ്റുവരാന്തകള്‍ വേണ്ടി വന്നില്ല. മാത്രമല്ല പരിപാലനവും ഇവിടെ താരതമ്യേന എളുപ്പമാണ്.

പ്രധാന വാതിലിനു മാത്രമേ തേക്ക് ഉപയോഗിച്ചിട്ടുള്ളൂ. ബാക്കിയുള്ള പാനലിങ്, ഫർണിച്ചറുകൾ, ജനലിന്റെ കട്ടിള, ഷട്ടറുകൾ എല്ലാം WPCയിലാണ്. ഇത് ഫർണിഷിങ്ങ് ചെലവു കുറയ്ക്കാൻ സഹായിച്ചു.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, കോര്‍ട്യാഡ്, മൂന്ന് ബെഡ്റൂമുകൾ, അറ്റാച്ച്‍ഡ് ബാത്റൂം, സ്‌റ്റെയർ റൂം എന്നിവയാണ് 1880 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
പ്രധാന വാതിൽ തുറന്നു കയറുന്നത് സിംപിളായി ഒരുക്കിയ ലിവിങ്ങിലേക്കാണ്. ഫർണിച്ചറുകള്‍ കസ്റ്റമൈസ്ഡ് ആണ്. 4X2 മാറ്റ് ഫിനിഷ്ഡ് വിട്രിഫൈഡ് ടൈലാണ് വിരിച്ചിരിക്കുന്നത്. ഇവിടെയുള്ള ലോങ് പാസേജിൽ മൊറോക്കൻ ഫിനിഷിലുള്ള ടൈലുകളും വിരിച്ചിരിക്കുന്നു.

ഡൈനിങ്ങിൽ ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള ടേബിൾ യൂണിറ്റാണ്. ഡൈനിങ്ങിലെ ഒരു ഭിത്തി സിമന്റ് ടെക്സ്ചറിൽ ഹൈലൈറ്റ് ചെയ്തു. ഡൈനിങ്ങിൽ നിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി കോർട്യാർഡിലേക്ക് പ്രവേശനമുണ്ട്.

എല്ലാം കയ്യൊതുക്കത്തിലുള്ള കിച്ചനാണ്. ഗ്രേ കളർ തീമിൽ ധാരാളം സ്‌റ്റോറേജ് നൽകിയാണ് ഡിസൈൻ.
ലിവിങ്ങിൽ നിന്നും ഡൈനിങ്ങിൽ നിന്നും നോട്ടമെത്താത്ത വിധത്തിൽ വശത്തേക്കുമാറ്റി പ്രൈവസിയോടെയാണ് കിടപ്പുമുറികൾ. ഈ പാസേജിന്റെ വശത്തായി കോർട്യാർഡിലേക്ക് തുറക്കുന്ന ബേവിൻഡോയും നൽകി.

അത്യാവശ്യ സൗകര്യങ്ങൾ നൽകി സിംപിളായാണ് മൂന്നു ബെഡ്റൂമുകളും ഒരുക്കിയിരിക്കുന്നത്.
നിർമാണ ചെലവുകൾ ഉയർന്നുനിൽക്കുന്ന ഈ സമയത്ത്, ഇത്രയും സൗകര്യങ്ങളോടെ ഒരുക്കിയിട്ടും സ്ക്വയർഫീറ്റിന് ഏകദേശം 2100 രൂപയ്ക്ക് പൂർത്തിയാക്കാൻ സാധിച്ചു എന്നത് ചില്ലറ കാര്യമല്ല.
Project facts
Location- Karuvatta
Area- 1880 Sq.ft
Owner- Abhilash
Design- Anujith
Nature Homes
Budget- 40 Lakhs