ADVERTISEMENT

ഒരു സെന്റിൽ 350 ചതുരശ്രയടി വീട്. അതും രണ്ടരലക്ഷം രൂപയ്ക്ക്.  ഞെട്ടിയില്ലേ? ആരും ഞെട്ടിപ്പോകും സുമയ്യയുടെയും നിഖിലിന്റെയും വീടുപണിയുടെ കഥയറിഞ്ഞാൽ. റോഡരികിലെ ഷീറ്റിട്ടു മറച്ച വീട്ടിൽ നിന്ന് സൗകര്യങ്ങളെല്ലാമുള്ള ഇക്കാണുന്ന ‘പാരഡൈസ്’ എന്ന വീടുവരെയെത്തിയത് സുമയ്യ എന്ന മിടുക്കിയുടെ കഠിനാധ്വാനവും നിഖിലിന്റെ പിന്തുണയുമാണ്. പ്രണയിച്ചു വിവാഹിതരായവരാണ് നിഖിലും സുമയ്യയും. നിഖിലിന്റെ അച്ഛനും അമ്മയും സഹോദരിമാരുമുള്ള ഷീറ്റിട്ട കൊച്ചുവീട്ടിലാണ് ഇവരൊന്നിച്ചുള്ള ജീവിതം തുടങ്ങുന്നത്. ചെറിയ വീടിന്റെ അസൗകര്യങ്ങൾ മാറ്റണം. ഒരു രീതിയിലുമുള്ള ബാധ്യതയും എടുക്കാനാകില്ല. അങ്ങനെ വെറും രണ്ടരലക്ഷം രൂപയ്ക്ക് സുമയ്യ ഈ വീടിനെ അടിമുടി മാറ്റിയെടുത്തു. 

old-house
പഴയ വീട്

രണ്ടു നിലയിലായി സൗകര്യമുള്ള ഒരു വലിയ വീട് പണിയണമെന്നാണ് ഇരുവരും തുടക്കത്തിൽ ആഗ്രഹിച്ചത്. എന്നാൽ നിഖിലിന്റെ അച്ഛന്റെ അസുഖവും പിന്നാലെ അദ്ദേഹത്തിന്റെ വേർപാടും കുടുംബത്തിന്റെ താളംതെറ്റിച്ചു. വീടുപണി നീട്ടിവയ്ക്കാമെന്നു കരുതിയപ്പോൾ, കുഞ്ഞുമകൻ ആരവ് ചോദ്യങ്ങളുമായെത്തി. ‘എന്താണമ്മേ, നമ്മുടെ വീട്ടിൽ നല്ലൊരു സോഫ ഇല്ലാത്തത്. അതുണ്ടായിരുന്നെങ്കിൽ അവിടെയിരുന്നു ടിവി കാണാമായിരുന്നല്ലോ.’

വീടിന്റെ അവസ്ഥ ചൂണ്ടിക്കാട്ടിയുള്ള കൊച്ചാക്കലുകൾ കേട്ടു മടുത്തപ്പോൾ രണ്ടും കൽപിച്ച് സുമയ്യ തീരുമാനമെടുത്തു. ഉള്ളതുകൊണ്ടു വീടു പുതുക്കിപ്പണിയാം. നിഖിലും പിന്തുണച്ചു. അങ്ങനെ ഒരു രാത്രിയിൽ നിഖിൽ പഴയ വീടിന്റെ ചുമരുകൾ ഇടിച്ചു തുടങ്ങി. 

ഏഴു വർഷം മുൻപേ തന്റെ വീട് സുമയ്യ സ്വപ്നം കണ്ടിരുന്നു. ചെറിയ വീട് എങ്ങനെയൊരുക്കണമെന്ന് സുമയ്യ പിന്റെറെസ്റ്റ് എന്ന സൈറ്റു വഴി റഫറൻസ് എടുത്തുവച്ചിരുന്നു. ചെലവു കുറഞ്ഞ നിർമാണരീതികളെക്കുറിച്ചു വിശദമായി പഠിച്ചു. മണിക്കൂറുകളോളം ഓൺലൈനിൽ ചെലവഴിച്ചു. അങ്ങനെ ആരുടെയും മുന്നിൽ കൈനീട്ടാതെ രണ്ടുമാസം കൊണ്ട് വീടുപണി തീർത്തു. 

മുൻപുണ്ടായിരുന്ന വീട്ടിൽ നീണ്ട ഒരു ഹാളിനെ രണ്ടു മുറിയാക്കി വേർതിരിച്ചിരുന്നു. ഒരാൾക്കു നിൽക്കാൻ പാകത്തിലുള്ള െചറിയ അടുക്കളയും. വീട് പുതുക്കിപ്പണിതപ്പോൾ ഇതൊക്കെ പാടെ മാറി. പ്രധാനവാതിൽ കടക്കുമ്പോൾ തന്നെ അത്യാവശ്യം സ്പേഷ്യസായ ഒരു ലിവിങ് റൂമും ടിവി യൂണിറ്റും സെറ്റ് ചെയ്തു. അതിനോടു ചേർന്ന് ചെറിയതും മനോഹരവുമായ ഒരു മോഡേൺ അടുക്കളയും ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും. ഡൈനിങ്ങിനായി ഫോൾഡിങ് ടേബിൾ വച്ചു. ആവശ്യം കഴിഞ്ഞാൽ മടക്കി മാറ്റിവയ്ക്കും. ഇതിന് സമാന്തരമായി രണ്ടു കിടപ്പുമുറികൾ. ഒപ്പം നീളത്തിൽ സൗകര്യമുള്ള ബാത്റൂമും. എല്ലാം ചേർന്ന് 350 ചതുരശ്രയടിയോളമാണ് വിസ്തീർണം. വീടിനു പിന്നിലുള്ള കുറച്ചു സ്ഥലത്ത് അലക്കുകല്ലും സെറ്റ് ചെയ്തു. പഴയ വീടിന്റെ ചുമരുകൾ അതേപടി നിലനിർത്തി. 

യുപിവിസി കൊണ്ടുള്ള സ്ലൈഡിങ് ജനലുകൾ. ഗൂഗിളിൽ അരിച്ചുപെറുക്കി കൂടുതൽ ഗുണമേന്മയും കുറഞ്ഞ തുകയുമുള്ളത് എവിടെ കിട്ടുമെന്നു കണ്ടുപിടിച്ചു. കർട്ടനു പകരം ബ്ലൈൻഡുകൾ. ജനലുകൾക്കും ബ്ലൈൻഡുകൾക്കുമായി 21,000 (16,000+ 5,000 രൂപ) മാത്രമാണ് ചെലവു വന്നത്. 

ടിവിയൂണിറ്റിന്റെ മാതൃകയും പിന്റെറെസ്റ്റിൽ നിന്നാണ്. മുകളിൽ സ്റ്റാൻഡും താഴെ സ്റ്റോറേജ് സ്പേസും കൊടുത്ത് പ്ലൈവുഡിൽ നിർമിച്ചെടുത്തു. വീടിനു ഭംഗികൂട്ടാനുള്ള ചെറിയ ക്യൂരിയോസ് ഓൺലൈനായി ഓർഡർ ചെയ്തു വാങ്ങി. 

2-lakh-house-living

പഴയ വീടിന്റെ ടിൻഷീറ്റുകൾ പുനരുപയോഗം ചെയ്താണ് മേൽക്കൂര നിർമിച്ചത്. നടുവിൽ അൽപം ഉയർത്തി പിവിസി ഷീറ്റുകൊണ്ട് സീലിങ് െചയ്തു. സീലിങ്ങും മേൽക്കൂരയും ചേർത്ത് 33,000 രൂപ ചെലവ്. ഇടയ്ക്കു ലൈറ്റുകൾ പിടിപ്പിച്ചു മേൽക്കൂര ഭംഗിയാക്കി. ഇലക്ട്രിക് വർക്കുകൾക്കു ചെലവായത് 25,000 രൂപ. 

ഇത്തിരിയിടത്തെ അടുക്കള

കുഞ്ഞൻ അടുക്കളായാണെങ്കിലും സൗകര്യങ്ങൾക്കൊന്നും കുറവില്ല. മോഡുലർ കിച്ചനോടു ചേർന്ന് ബ്രേക്ക് ഫാസ്റ്റ് കൗണ്ടർ. ചേർന്നു തന്നെ സറ്റോറേജ് സ്പേസ്. അടുക്കളയ്ക്കു ചേരുന്ന ടൈനി ഫ്രിഡ്ജും വച്ചു. ഭംഗിയാക്കുന്നതിനായി ബ്രേക്ക്ഫാസ്റ്റ് കൗണ്ടറിന്റെ മുകളിൽ സ്റ്റാൻഡും അതിൽ ക്യൂരിയോസും വച്ചു. അടുക്കള കൗണ്ടർടോപ്പിൽ കറുത്ത ടൈൽ വിരിച്ചു. ഭിത്തിയിൽ വെള്ള ടൈലും സ്ക്വയർഫീറ്റിന് 33 രൂപ ചെലവായി. അലൂമിനിയം ഫാബ്രിക്കേഷൻ കബോർഡുകളാണ് മറ്റൊരു ൈഹലൈറ്റ്. 15,000 രൂപയാണ് മൊത്തം ചെലവായത്. വാട്ടർ ഡിസ്പെൻസർ, ചതുരാകൃതിയിലുള്ള കിച്ചൺ സിങ്ക്, എയർ ഫ്രയർ സഹിതം അടുക്കള സിമ്പിളും പവർഫുള്ളും ആണ്. 

ബെഡ്റൂമുകൾ

2-lakh-house-bedroom

രണ്ടു കിടപ്പുമുറികൾക്കു സ്ഥലമുണ്ടാകുമോ എന്നു തുടക്കത്തിൽ സംശയിച്ചു. എന്നാൽ സിമന്റ് ബോർഡ് ഉപയോഗിച്ച് ചുമരുകൾ വേർതിരിച്ചത് സ്ഥലവും മേസ്തിരി കൂലിയും ലാഭിച്ചു. വലിയ കട്ടിലും ചുമർ അലമാരയും സഹിതം ഒരു മാസ്റ്റർ െബഡ്റൂമും മറ്റൊരു മുറിയും റെഡിയാക്കി. റെഡിമെയ്ഡ് ഡോറുകളാണ് വാതിലിന് ഉപയോഗിച്ചത്. 2,000 രൂപയാണ് ഒരു വാതിലിന് ചെലവ്. കട്ടിള പ്ലൈവുഡുകൊണ്ടു നിർമിച്ചു. മുൻവശത്തെ വാതിൽ മഹാഗണിയുടേതാണ്. അതിന് 6,000 രൂപ. ബെഡ്റൂമുകളിൽ ടൈനി വിൻഡോ കർട്ടനടക്കം കൊടുത്തിട്ടുണ്ട്. വെള്ള വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്. 

2-lakh-house-bed

തിങ്കിങ് റൂം

ബാത്റൂം എന്നു പറഞ്ഞാൽ സുമയ്യ തിരുത്തും. ഇത് തിങ്കിങ് റൂമാണെന്ന്. പഴയ വീടിനു പുറത്തായിരുന്നു ബാത്റൂം. എന്നാൽ പുതുക്കിയപ്പോൾ വീടിനുള്ളിലാക്കി. വിട്രിഫൈഡ് ടൈൽ വിരിച്ചു. ഷവറും പൈപ്പുകളുമെല്ലാം മോഡേണാക്കി. വട്ടക്കണ്ണാടിയും സ്റ്റോറേജ് സ്പേസും ചുവർ സ്റ്റാൻഡും വച്ചു. കൂടാതെ വാഷിങ് മെഷീൻ വയ്ക്കാനുള്ള സ്പേസും. ചെടികളൊക്കെ വച്ച് ബാത്റൂം ഭംഗിയാക്കി സുമയ്യ. 

കൂടൊരുക്കാൻ കൂട്ടുകാർ

ചെലവു കുറഞ്ഞതിനു പിന്നിൽ ബഡ്ജറ്റ് ഫ്രണ്ട്‌ലി കൺസ്ട്രക്ഷൻ മാത്രമല്ല. നിഖിലിന്റെ കൂട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയുമുണ്ട്. പെയിന്റിങ് ജോലിക്കു പോകുന്ന നിഖിലിന് നിർമാണമേഖലയിൽ ധാരാളം സുഹൃത്തുക്കളുണ്ട്. സുമയ്യ പറയുന്ന ആശയങ്ങൾ അതേപടി യാഥാർഥ്യമാക്കാൻ സഹായിച്ചത് സുഹൃത്തുക്കളാണ്. ഭക്ഷണം മാത്രമായിരുന്നു കൂലി. ഇതു ബജറ്റിന്റെ താളം തെറ്റാതെ കാത്തു. ഒരു രൂപ പോലും വാങ്ങാതെ വയറിങ്ങും പ്ലമിങ്ങും  ചെയ്തതും സഹോദരതുല്യനായ സുഹൃത്താണ്. 

sumayya-nikhil

മരിച്ചുപോയ അച്ഛന്റെ അനുഗ്രഹം കൊണ്ടാണ് കടബാധ്യതയില്ലാതെ വീടുപണി തീർക്കാനായതെന്നു നിഖിൽ പറയുന്നു. ഒപ്പം നിന്ന ഓരോരുത്തരോടും മനസ്സു കൊണ്ടു നന്ദി പറയുകയാണ് സുമയ്യ.

സുമയ്യയുടെ കണക്കു പുസ്തകം

വീടുപണി തുടങ്ങിയതുമുതലുള്ള കണക്കുകൾ സുമയ്യ തന്റെ കൊച്ചു ഡയറിയിൽ കുറിച്ചു വച്ചിട്ടുണ്ട്. തീയതി സഹിതം ഓരോ ഇനത്തിന്റെയും വില, അതിന്റെ യാത്രാച്ചെലവുകൾ, ഭക്ഷണത്തിനു ചെലവായ തുക എന്നിവ കൃതൃമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്റീരിയർ ഉൾപ്പെടെ ടൈനിഹോമിനു രണ്ടരലക്ഷത്തിനു താഴെ മാത്രമേ ചെലവു വന്നുള്ളൂ. 

English Summary:

2 Lakh House in 1 Cent- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com