ഇനി സ്ഥലമില്ലെന്ന് പറയരുത്: ചെറിയ സ്ഥലത്ത് ആരും നോക്കിപ്പോകുന്ന വീട്

Mail This Article
ചെറിയ സ്ഥലത്ത് ആരും നോക്കിപ്പോകുന്ന ഒരു വീട്. കാണാൻ ലളിതമായിരിക്കണം. പരിപാലനം എളുപ്പമായിരിക്കണം. അനാവശ്യമായി കോർട്ട്‌യാർഡ്, പാഷിയോ പോലുളള ഭംഗി വരുത്തലൊന്നും വേണ്ട. ഉടമസ്ഥർക്ക് വീടിനെപ്പറ്റി കൃത്യമായ ധാരണയുണ്ടായിരുന്നു. അതു പ്ലാനിങ്ങും എക്സിക്യൂഷനും എളുപ്പമാക്കിയെന്ന് ആർക്കിടെക്ട് സുരാഗ് പറയുന്നു.
മൂന്നു കിടപ്പുമുറികൾ വേണം. പ്രകാശത്തിനും വായുവിനും തടസ്സമുണ്ടാകാതെ അകത്തളം ഫ്രെഷായി ഇരിക്കണം. ഇന്റീരിയർ മിനിമൽ ആയിരിക്കണം. ഇതായിരുന്നു അജിത്തും ആതിരയും ആവശ്യപ്പെട്ടത്.

വീടിന്റെ മുൻകാഴ്ച ലളിതമാക്കി ഡിസൈൻ ചെയ്തു. പ്രൊജക്ഷനോ ഹൈലൈറ്റോ വീട്ടുകാർക്കു താൽപര്യമില്ലാത്തതുകൊണ്ട് സിമന്റ് ടെക്സ്ചർ ഫിനിഷിൽ ക്ലാഡിങ് പാറ്റേൺ നൽകി ഒരു ഭിത്തി മാത്രം ഹൈലൈറ്റ് െചയ്തു. കളർ കോംപിനേഷനും ലളിതമാക്കി.

അകത്തളം ഇംഗ്ലിഷ് സ്റ്റൈൽ ഇന്റീരിയർ ആശയത്തിലാണ് ഡിസൈൻ ചെയ്തത്. വെളുത്ത നിറവും അതിന്റെ പല കോംപിനേഷനുകളുമാണ് ഈ ഇന്റീരിയറിന്റെ ഭംഗി. ഇന്റീരിയറിന്റെ ഒരുഭാഗംപോലും എടുത്തുനിൽക്കുന്നില്ല. എല്ലാം ഒരേ താളമെന്നപോലെ തോന്നും.
ലിവിങ് ഏരിയയിൽ ഗ്രീൻ ടോൺ നൽകി വെണ്മയ്ക്കു ബ്രേക്ക് കൊടുത്തു. ഫ്ലോറിങ്ങിലാണെങ്കിലും സ്റ്റെയറിന്റെ സ്റ്റെപ്പിൽ ആണെങ്കിലും ഈ ഒരു തുടർച്ച കാണാനാകും.
ലിവിങ്, ഡൈനിങ്, കിച്ചൻ ചേർത്ത് മൊഡ്യൂൾ ഒരുക്കി. ഡൈനിങ് ടേബിളിനും ചെയറിനും ഉൾപ്പെടെ ഗ്രീൻ ആൻഡ് ബെയ്ജ് തീം കൊണ്ടു വന്നു. ഡൈനിങ്ങിനും കിച്ചനും ഇടയിലായി പാർട്ടീഷൻ യൂണിറ്റ് നൽകി.
ഓപ്പണ്‍ കിച്ചനിലും കളർ തീം കൊണ്ടുവന്നു. ഡൈനിങ്ങിലേക്കുള്ള ഓപ്പൺ കൗണ്ടറിന്റെ തുടർച്ചയായി ഒരു കോഫി ടേബിൾ കൗണ്ടർ സെറ്റ് ചെയ്തു. കൗണ്ടർടോപ്പിനും ബാക്സ്പ്ലാഷിനും ടൈൽ വിരിച്ചു. ലാമിനേറ്റ്സും പ്ലൈവുഡുമാണ് ഇന്റീരയറിൽ ഉപയോഗിച്ചിരിക്കുന്നത്. ഫർണിച്ചർ എല്ലാം ഓരോ സ്പേസിനും ഇണങ്ങുംവിധം കസ്റ്റമൈസ് ചെയ്തെടുത്തു. ഇന്റീരിയറിൽ കൊടുത്തിരിക്കുന്ന വാൾ ഹാങ്ങിങ്ങുകൾ അടക്കം ഡിസൈൻ ചെയ്തെടുത്തവയാണ്.

ഡൈനിങ്ങിനോടു ചേർന്നാണ് സ്റ്റെയറിന്റെ സ്ഥാനം. സ്റ്റെയറിനു താഴെയുള്ള സ്പേസും റാക്കുകളും സ്റ്റോറേജ് യൂണിറ്റുകളും സിറ്റിങ് സ്പേസും കൊടുത്തതു കൊണ്ട് ഉപയോഗപ്രദമാക്കി.

അപ്പർ ലിവിങ് വീട്ടുകാരുടെ ആഗ്രഹത്തിനൊത്തു റീഡിങ് സ്പേസാക്കി. ഇവിടെ ധാരാളം റാക്കുകളും സ്റ്റോറേജ് യൂണിറ്റുകളും കൊടുത്തു. താഴെ ഒന്ന് മുകളിൽ രണ്ട് എന്നിങ്ങനെയാണ് കിടപ്പുമുറിയുടെ ഡിസൈൻ. മൂന്നു മുറികളും വ്യത്യസ്തമായ കളർ തീമിൽ ഒരുക്കി. ഇവിടെയും പരമാവധി റാക്കുകൾ ഉൾക്കൊള്ളിച്ചു. കണ്ണിന് അലോസരമാകാത്ത ഇളം നിറങ്ങളാണ് മുറികളിലും തിരഞ്ഞെടുത്തത്.
എക്സ്റ്റീരിയറും ഇന്റീരിയറും ഉൾപ്പെടെ 58 ലക്ഷം രൂപയ്ക്ക് വീടുപണി പൂർത്തിയാക്കി.
വിവരങ്ങൾക്കു കടപ്പാട്
സുരാഗ് വിശ്വനാഥൻ അയ്യർ
എമിനെൻസ് ആർക്കിടെക്ട്സ്, തൃപ്പൂണിത്തുറ.