താഴെ അച്ഛനും അമ്മയും മുകളിൽ മകനും കുടുംബവും: ഹിറ്റായി ന്യൂജെൻ വീട്

Mail This Article
അരൂരിലാണ് അഗസ്റ്റിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. താഴെ മാതാപിതാക്കളും മുകളിൽ വീട്ടുകാരനും കുടുംബവും. അങ്ങനെ രണ്ടു തലമുറയുടെ അഭിരുചിക്കും ആവശ്യത്തിനും അനുസരിച്ചാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്.
'വീടുകണ്ടാൽ കാലങ്ങളായി ഇവിടെയുണ്ടായിരുന്നു എന്നുതോന്നണം' എന്ന ആവശ്യപ്രകാരം പഴയ കെട്ടിടം പൊളിച്ചിടത്തുനിന്ന് ശേഖരിച്ച ഓടുകൾ കഴുകി പുനരുപയോഗിച്ചു.

രണ്ടുനിലയാണെങ്കിലും ഒരുനിലയുടെ ഒതുക്കം അനുഭവപ്പെടാൻ ഉയരം കുറച്ചാണ് ചരിഞ്ഞ മേൽക്കൂര ഒരുക്കിയത്. മതിൽ അടച്ചുകെട്ടാതെ മെറ്റൽ ഗ്രിൽ ഫിനിഷിലൊരുക്കി. അതിനാൽ പുറമെ നിന്നാൽ വീടിന്റെ ഭംഗി നന്നായി ആസ്വദിക്കാം.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ രണ്ടു കിടപ്പുമുറികൾ, ബാത്റൂം, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 1850 ചതുരശ്രയടിയാണ് വിസ്തീർണം.

വീടിന്റെ എലിവേഷൻ മുതൽ അകത്തളങ്ങളിൽ വരെ പതിവായി കണ്ടിട്ടുള്ളതിൽനിന്ന് വ്യത്യസ്തമായ ജിയോമെട്രിക്കൽ ഷേപ്പുകളുടെ സങ്കലനം കാണാം. സെമി ഓപൺ നയത്തിലാണ് അകത്തളങ്ങൾ. അതിനാൽ വിശാലത അനുഭവപ്പെടുന്നു. ഹാളിലെ പ്രധാന ആകർഷണം മഞ്ഞ ഓക്സൈഡ് ഫിനിഷിൽ ഒരുക്കിയ സ്‌റ്റെയറാണ്.

ഓരോ കിടപ്പുമുറിയും വ്യത്യസ്‌ത കളർതീമിലാണ്. ഹെഡ്‌ബോർഡുകൾ മൈക്ക ഫിനിഷിൽ പാനലിങ് ചെയ്തു.

ഡൈനിങ്- കിച്ചൻ ഓപ്പൺ തീമിലാണ്. കിച്ചൻ എൻട്രിയിൽ ബ്രേക്ഫാസ്റ്റ് കൗണ്ടർ നൽകി. പ്ലൈ+ മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. അനുബന്ധമായി വർക്കേരിയയുമുണ്ട്.
ചുരുക്കത്തിൽ ഈ പ്രദേശത്തെ ലാൻഡ്മാർക്കായി വീട് മാറിക്കഴിഞ്ഞു. നിരവധി ആളുകളാണ് വ്യത്യസ്തമായ വീടുകാണാൻ ഇവിടെയെത്തുന്നത്.
Project facts
Location- Aroor
Plot- 5 cent
Area- 1850 Sq.ft
Owner- Augustine
Design- Tales of Design, Kochi