ഇത് കാടല്ല! കേരളത്തിൽ ഇങ്ങനെ മറ്റൊരു വീടില്ല!

Mail This Article
ഈ വഴി പോകുമ്പോൾ വള്ളിച്ചെടികൾ വല്ലാതെ കാടുപിടിച്ചു കിടക്കുന്നല്ലോ എന്നതിനപ്പുറം ആർക്കും ഒന്നും തോന്നാനിടയില്ല. എന്നാൽ ഈ വള്ളിക്കാടിനുള്ളിൽ ഒരു വീടുണ്ടെന്നും അധ്യാപക ദമ്പതിമാരായ പ്രിൻസും സോണിയയും കുടുംബസമേതം ഇവിടെ സ്ഥിരതാമസമുണ്ടെന്നും അറിയുമ്പോൾ ആരുമൊന്ന് അമ്പരക്കും. ഇതുപോലൊരിടത്ത് താമസിക്കാനാകുമോ എന്ന് ആശ്ചര്യപ്പെടും.
പത്തു വർഷം മുൻപാണ് പതിവു ട്രോപ്പിക്കൽ ഹോം ഡിസൈനുകളിൽ നിന്നുമാറി ശിൽപകല അധ്യാപകനായ പ്രിൻസ് വീട്ടിൽ ചെടികൾ നട്ടു തുടങ്ങിയത്. ചിട്ടയോടെ വെട്ടിനിർത്തുന്നതാണ് പൂന്തോട്ടത്തിന്റെയും ലാൻഡ്സ്കേപ്പിങ്ങിന്റെയുമൊക്കെ കൺസെപ്റ്റ്. എന്നാൽ െചടികളുടെ വളർച്ചയിൽ ഇടപെടാതിരുന്നപ്പോൾ ഒരു കുഞ്ഞിക്കാടുതന്നെ ഇവിടെ വളർന്നു.
വീടിന്റെ കോമ്പൗണ്ട് ഭിത്തിയടക്കമാണ് ഈ കാട്. വള്ളികൾ വകഞ്ഞുമാറ്റിവേണം കാടിനുള്ളിലേക്കു കയറാൻ. ഉള്ളിലേക്കു കടന്നാൽ ഉൾക്കാട്ടിൽ ഉൾപ്പെട്ട പ്രതീതി. വെയിലല്ല. കാടിന്റെ കടുംപച്ചപ്പ്. നിറഞ്ഞു നിൽക്കുന്ന െചടികളും മരങ്ങളും പൂക്കളും പൂമ്പാറ്റകളും പക്ഷികളുമായി ഇളംതണുപ്പിൽ സ്വർഗംപോലൊരു വീട്. വീടിനകത്തും സ്ഥിതി വ്യത്യസ്തമല്ല. പത്തനംതിട്ടയിലെ വെട്ടൂർ എന്ന ഗ്രാമത്തിലാണ് ഈ വീടുള്ളത്. പ്രിൻസ് സ്വന്തമായി നിർമിച്ചെടുത്ത വസ്തുക്കളാണ് വീടലങ്കരിച്ചിരിക്കുന്നത്.

കുടുംബത്തിലെല്ലാവരും വീടിന്റെ പരിപാലനത്തിൽ അതീവ ശ്രദ്ധാലുക്കളാണ്. ചുറ്റും വള്ളിച്ചെടികൾ പടർത്തിയതാണ് മൊത്തം പറമ്പിന്റെ ഹൈലൈറ്റ്. വലിയ ചൂടുകാലത്തും നട്ടുച്ചയ്ക്കുപോലും വീടിനുള്ളിൽ 26–27 ഡിഗ്രിയേ ചൂടുള്ളു.
ഒരു ചെടിയിൽ പോലും മുട്ടാതെ ലിവിങ് റൂമിൽ ഇരിക്കാൻ പറ്റില്ല എന്നു പറയുമ്പോൾ ഊഹിക്കാമല്ലോ ചെടികളുടെ ധാരാളിത്തം. ഇരുനൂറ്റിയൻപതിലേറെ വ്യത്യസ്തമായ ചെടികൾ വീടിനുള്ളിൽ മാത്രം പരിപാലിക്കുന്നു. വീടിനുള്ളിൽ വളരുന്ന ചെടികൾക്ക് ൈജവവളങ്ങൾ മാത്രമേ ഉപയോഗിക്കൂ. ഇൻഡോർ ചെടികളുടെ പരിപാലനത്തിന് കൃത്രിമ വെളിച്ചം ആവശ്യമുള്ളിടത്ത് അതും നൽകിയിട്ടുണ്ട്.

നിയന്ത്രണങ്ങളും വെട്ടിയൊതുക്കലുകളുമില്ലാതെ സ്വാഭാവികമായി വളരുമ്പോഴുള്ള ഭംഗിയാണ് ഇവിടെ ചെടികൾക്ക്. ജാപ്പനീസ് െടക്നോളജിയായ കോക്കഡാമ അഥവാ മോസ്ബോൾ (പായൽ പന്തുകൾ) കേരളത്തിന്റെ കാലാവസ്ഥയ്ക്കിണക്കി വളർത്തി വീടിനകത്തു സെറ്റ് ചെയ്തിട്ടുണ്ട്. ചെടിച്ചട്ടികൾ ഇല്ലാതെ ഇഷ്ടമുള്ള ആകൃതികളിൽ ചെടികൾ ഒരുക്കി നിർത്താവുന്ന രീതിയാണിത്. ചകിരിച്ചോർ, പായൽ, ചരട്, ചണച്ചാക്ക് തുടങ്ങിയവകൊണ്ടു നിർമിക്കാവുന്നതാണ്. ഇതിന്റെ ഇൻസ്റ്റലേഷൻ ആർട്ട് എക്സിബിഷനായി നടത്തി പ്രിൻസ് ലിംക ബുക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയിരുന്നു.
മറൈൻ പ്ലൈവുഡിൽ ബോക്സുകൾ പണിത് അവയ്ക്കു പുറമേ കാടുകളിൽ നിന്നു ശേഖരിച്ച തടികൾ പല ആകൃതികളിൽ മുറിച്ചു വച്ചും അതിൽ ചെടികൾ വച്ചിരിക്കുന്നു. പ്രിൻസ് സ്വന്തമായി ഉണ്ടാക്കിയ ബുദ്ധപ്രതിമയുണ്ടിവിടെ. അച്ചൻകോവിലാർ, കല്ലാർ എന്നിവിടങ്ങളിൽ നിന്നുപിടിച്ച മീനുകൾ തുറന്ന അക്വേറിയത്തിൽ കിടക്കുന്നു. വെള്ളപ്പൊക്കത്തിലും മറ്റും ഒഴുകിവന്ന, കാലങ്ങളായി വെള്ളത്തിൽക്കിടന്നു സ്വാഭാവികമായി സീസണിങ് സംഭവിച്ച വേരുകളും മരത്തടികളും അക്വേറിയത്തില്‍ നിറച്ച് അതിനുള്ളിലാണു മീനുകളെ ഇട്ടിരിക്കുന്നത്.
ഇത്രയുമാകുമ്പോൾ വായനക്കാർക്കുണ്ടാകുന്ന സ്വാഭാവിക സംശയമാണ് ഈ വീട്ടിൽ വല്ല പാമ്പോ മറ്റോ കയറില്ലേ എന്ന്. എന്നാൽ ഈ 10 വർഷത്തിനിടെ ഒരിക്കൽപോലും ഒരു പാമ്പിനെ വീട്ടിനുള്ളിലോ പരിസരത്തോ കണ്ടിട്ടില്ലെന്ന് പ്രിൻസ് പറയുന്നു. വീടിന്റെ പരിസരത്തുനിന്ന് ഇഴജന്തുക്കളെ മാറ്റാൻ മണ്ണെണ്ണ വെളളത്തിൽ കലക്കി ചുറ്റുപാടും തളിക്കുകയാണ് ആകെ ചെയ്യാറുള്ളത്. അതും പതിവല്ല.
അഞ്ചു സെന്റിൽ 900 ചതുരശ്രയടിയിൽ നിർമിച്ചിട്ടുള്ള വീടാണിത്. സ്റ്റെയർകേസിന്റെ വശങ്ങളിൽ നാച്വറൽ സ്റ്റോൺ ഉപയോഗിച്ചിരിക്കുന്നു. മെഷ് അടിച്ച് അതിനു മുകളിലും ധാരാളം ചെടികൾ വളർത്തിയിട്ടുണ്ട്. ടെറസിൽ ഹാങ്ങിങ്ങായും അല്ലാതെയും ചെടികൾ വളരുന്നു. വെള്ളവും സൂര്യപ്രകാശവും അധികം വേണ്ടാത്ത എയർ പ്ലാന്റുകളും ഈ വീട്ടിലുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പവും ധാതുലവണങ്ങളും ആഗിരണം ചെയ്യുന്ന ഇവയ്ക്ക് വല്ലപ്പോഴും കുറച്ചു വെളളം സ്പ്രേ ചെയ്തു കൊടുത്താൽ മതി.

വീടിനു മുകളിൽ പണിതെടുത്തിരിക്കുന്ന ഏറുമാടമാണ് എടുത്തുപറയേണ്ടത്. വിശ്രമവേളകൾ ആനന്ദകരമാക്കാൻ ഈ ഏടുമാടത്തിലെത്തി അവിടെയിരുന്നു ഒരു കട്ടൻകാപ്പിയും കുടിച്ചു വർത്തമാനം പറയുന്നതിന്റെ സുഖം പ്രിൻസിന്റെയും കുടുംബത്തിന്റെയും വാക്കുകളിൽ. അവധിക്കാലം ആഘോഷിക്കാൻ ആളുകൾ കാടുകളിൽ പോകുകയും മുളവീടുകളിൽ താമസിക്കുകയും ചെയ്യുമ്പോൾ ഇവർ ആ ആവാസവ്യവസ്ഥ വീട്ടിൽത്തന്നെ ഒരുക്കിയിരിക്കുന്നു. പ്രിൻസിന്റെ വാക്കുകൾ കടമെടുത്താല്‍ മാനസിക സംഘർഷങ്ങൾ ഇല്ലാതെ കാക്കുന്ന ‘ഗാർഡൻ തെറപ്പി’.