ഒറ്റനിലയിൽ സൂപ്പർവീട്, നിരവധി പുതുമകൾ: പ്ലാൻ ചോദിച്ചെത്തിയവർ നിരവധി

Mail This Article
വിദേശമാതൃകയിലൊരു വീടാണ് എൻജിനീയർ ആഷിഖും ഭാര്യ ഫാത്തിമയും മനസ്സിൽ കണ്ടത്. പരമ്പരാഗത നിർമാണരീതികളിൽ നിന്നു മാറി തങ്ങളുടെ വീട് വേറിട്ടു നിൽക്കണമെന്ന് അവരാഗ്രഹിച്ചു. വിശാലമായ ഇടങ്ങളോടെ, കാറ്റും വെളിച്ചവും ധാരാളം കിട്ടുന്ന, ആരെയും ആകർഷിക്കുന്ന, എന്നും പുതുമയോടെ നിൽക്കുന്ന ഒരു വീട്. ഈ ആഗ്രഹങ്ങളുമായി ആഷിക് ഇറ ആർക്കിടെക്ട്സിനെ സമീപിച്ചു. ഇവിടെയാണ് ‘ഖയാലി’ന്റെ പിറവി.
20 സെന്റ് പറമ്പിൽ 3000 ചതുരശ്രയടിയിൽ ഒറ്റനിലയിലാണ് ഖയാൽ നിർമിച്ചിരിക്കുന്നത്. വലിയ തൂണുകളും ഫ്രഞ്ച് വിൻഡോകളും ഈ വീടിന് പാശ്ചാത്യ സൗന്ദര്യം കൊടുക്കുന്നു. ഫ്ലാറ്റ് റൂഫ് നിർമിച്ച് അതിനുമുകളിലായി ഇൻഡസ്ട്രിയിൽ റൂഫിങ് ഉയരത്തിൽ കൊടുക്കുകയാണ് ചെയ്തത്.

ഈ പ്ലോട്ടിലേക്കു വരുമ്പോൾ ആദ്യം കാണുന്നത് കിണറായിരുന്നു. അതു മൂടിക്കളയാതെ ഗ്രില്ലിട്ട് സുരക്ഷിതമാക്കി ലാൻഡ്സ്കേപ്പിനൊപ്പം ചേർത്തു. പ്ലോട്ടിന്റെ കിഴക്കുഭാഗത്തായി ഒരു തെങ്ങിന്‍ തോപ്പുണ്ട്. അതുകൂടി ബ്യൂട്ടി എലിമെന്റാക്കിയാണ് വീട് ഡിസൈൻ ചെയ്തത്. വീടനകത്തിരുന്നും ഈ തെങ്ങിൻതോപ്പിന്റെ ഭംഗിയും മഴയും ആസ്വദിക്കാനാവും.
വീടിനോടു ചേർന്നു കാർപോർച്ച്. പടികൾ കയറി വരാന്തയിലൂടെ നടന്നു വരുമ്പോൾ വിശാലമായ സിറ്റൗട്ട്. വീട്ടുകാർക്കും അതിഥികൾക്കും ഒന്നിച്ചു കൂടാന്‍ പാകത്തിന് സിറ്റൗട്ടും ലാൻഡ്സ്കേപ്പിങ്ങും.

അവിടെ നിന്നെത്തുന്നത് ബൊഹീമിയൻ മാതൃകയിൽ ഡിസൈൻ ചെയ്തിരിക്കുന്ന ലിവിങ് ഏരിയയിലേക്കാണ്. തീർത്തും സ്വകാര്യമായ ഇടമായി ലിവിങ് ഡിസൈൻ െചയ്തിരിക്കുന്നു. ലൈറ്റിങ് മിതമായി കൊടുത്തിരിക്കുന്നത് ഉഷ്മളമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. വിദേശ മാതൃകകൾ സ്വീകരിച്ചെങ്കിലും കേരളത്തിന്റെ തനതു മാതൃകയായ നടുമുറ്റം ഇവിടെയുണ്ട്.

ഊണുമുറി, മൂന്നു കിടപ്പുമുറികൾ, പ്രാർഥനാമുറി, അടുക്കള എന്നിവയാണ് മറ്റിടങ്ങൾ. എല്ലാ മുറികളിൽ നിന്നും നടുമുറ്റത്തേക്കു നോട്ടം കിട്ടും. 10 പേർക്ക് ഇരിക്കാവുന്നതരത്തിലാണ് ഡൈനിങ് ടേബിൾ. അതിനു വശങ്ങളിൽ സൈഡ് ടേബിൾ.

ഇതിലേക്കു ചേർന്നു വരുന്നതുപോലെ വർക്ക്സ്റ്റേഷൻ ഐറോണിക് ടേബിൾ എന്നിവയൊരുക്കി. ഡൈനിങ് ഏരിയയിൽ നിന്നു ഗ്ലാസ് സ്ലൈഡിങ് ഡോർ വഴിയും തെങ്ങിൻതോപ്പു കാണാം. ഈ സ്ലൈഡ് ഡോർ തുറന്നെത്തുന്നത് പാഷ്യോ സ്പേസിലാണ്. ഇരുവശങ്ങളിലും ചെടികൾ ധാരാളം നട്ടുവളർത്തിയിരിക്കുന്നു.
മൂന്നു കിടപ്പുമുറികൾ വളരെ വിശാലമായി ഡിസൈൻ ചെയ്തിരിക്കുന്നു. ഏറ്റവും പുതിയ രീതിയിലാണ് മുറികളൊരുക്കിയത്. വലിയ കട്ടിലുകൾ, സ്റ്റഡി ഏരിയ, വലിയ വാഡ്രോബ് എന്നിവ മൂന്നു മുറികളിലുമുണ്ട്.
വളരെ ഭംഗിയുള്ള ഫ്രെയിം ഫ്ലവർ പോട്സ് ഉപയോഗിച്ചാണ് ബെഡ്റൂം ഇന്റീരിയർ അലങ്കരിച്ചിരിക്കുന്നത്. പുറത്തു നിന്നുള്ള സ്വാഭാവിക വെളിച്ചത്തിനു തടസ്സം സൃഷടിക്കാത്തത് വീടിന് ഒരു പ്രത്യേക ഭംഗി കൊടുക്കുന്നു.
ബാത്റൂമുകൾ വിശാലവും ആധുനികവും റിസോർട്ടുകളിലേതുപോലെയുള്ള സൗകര്യങ്ങളാണ് മുറികളിൽ. നടുമുറ്റത്തു നിന്നു പ്രെയർ ഏരിയ കാണാം. അവിടെ കുടുംബത്തിനു മുഴുവൻ ഒരുമിച്ചു നിന്നു പ്രാർഥിക്കാം.
ബൊഹീമിയൻ ശൈലിയിൽ നിർമിച്ച കിച്ചൻ തുടങ്ങുന്നതു തന്നെ മൂന്നുപേർക്ക് ഒരേ സമയം ഇരിക്കാൻ കഴിയുന്ന ബ്രേക്ക് ഫാസ്റ്റ് കൗണ്ടറിൽ നിന്നാണ്. ബാർസ്റ്റൂൾ അതിന്റെ ഭംഗി വർധിപ്പിക്കുന്നു. കിച്ചൻ സ്പേസിൽ തട്ടുതട്ടായാണ് സ്റ്റോറേജ് സ്പേസ്. റൂമിന്റെ ഉയരത്തിലാണ് ടോപ് കൗണ്ടർഷെൽഫ്. കിച്ചൻ സ്പേസില്‍ നല്‍കിയിരിക്കുന്ന വീതിയുള്ള ജനാലകൾ വെളിച്ചവും ഭംഗിയും കൂട്ടുന്നു. പെയിന്റിങ്ങിനായി നിറങ്ങൾ തിരഞ്ഞെടുത്തതും വളരെ ശ്രദ്ധയോടെയാണ്. ഫ്ലോറിങ്ങിന് വുഡൻ വെട്രിഫൈഡ് ടൈൽസാണ്.

പല നാടുകളുടെ മാതൃകകൾ സമ്മേളിക്കുന്നയിടമാണ് ആഷിഖിന്റെയും ഫാത്തിമയുടെയും ഖയാൽ. ഇത്രയും വ്യത്യസ്തമായ വീട്ടിലെ താമസം ഇവർക്ക് ഒരിക്കലും മടുപ്പുണ്ടാക്കില്ലെന്ന് ഇറ ആർക്കിടെക്ട്സിന്റെ ഉറപ്പ്
വിവരങ്ങൾക്കു കടപ്പാട്
ഹിബ സനിൽ
ഇറ ആർക്കിടെക്ട്സ്, കോഴിക്കോട്