അവിശ്വസനീയം: വെറും 10 ലക്ഷത്തിന് നല്ല വീട്! ചെറിയകുടുംബത്തിന് മാതൃക

Mail This Article
അമ്മയും രണ്ടു മക്കളുമുള്ള കുടുംബത്തിന് ആറു സെന്റ് സ്ഥലത്തു പരമാവധി ചെലവു ചുരുക്കി ഒരു വീട്.
ആദ്യഘട്ടമെന്നോണം മൂന്നു സെന്റിൽ വീടിന്റെ വിസ്തൃതി ചുരുക്കി. ബാക്കി മുറ്റമായി നിലനിർത്തി. പറമ്പിലുണ്ടായിരുന്ന മരങ്ങളൊന്നും മുറിച്ചില്ല. കന്റംപററി മാതൃക ഡിസൈനിനു സ്വീകരിച്ചു. മുറ്റത്തു ബേബി മെറ്റൽ വിരിച്ചു. കോമ്പൗണ്ട് മതിൽ പണിതു. കിണറും കുത്തി. സിറ്റൗട്ടിൽ സാധാരണ ടൈലുകൾ വിരിച്ചു. മൂന്നു കസേരയിടാനുള്ള സ്പേസുണ്ട്. കട്ടിള ആഞ്ഞിലിയിലും വാതില്‍ മഹാഗണിയിലും നിർമിച്ചു. ഡബിൾ ഡോർ ഡിസൈനിലാണ് വാതിൽ.
ലിവിങ്ങിൽ കോർണർ സോഫ, ടിവി യൂണിറ്റ്, സ്റ്റെയര്‍ എന്നിവയുണ്ട്. അടുക്കള സാധാരണ ചെയ്യുന്നപോലെ കോൺക്രീറ്റ് വാർത്ത് അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു. സ്ഥലം കൂടുതൽ കിട്ടാനായി ഡൈനിങ് ടേബിൾ റൗണ്ട് ഷേപ്പിലാക്കി. ഡൈനിങ്ങിന് എതിർവശത്തായി വാഷ് ഏരിയ.

രണ്ടു കിടപ്പുമുറികളുണ്ട്. ഒന്ന് ബാത്റൂം അറ്റാച്ഡ്. ബാത്റൂമിൽ മാറ്റ് ഫിനിഷ് ടൈലുകൾ ഉപയോഗിച്ചു. ഡബിൾ ഹൈറ്റിൽ ചെയ്തിരിക്കുന്നതു കൊണ്ടു വീടിനു വലുപ്പക്കുറവു തോന്നില്ല. മുകൾ ഭാഗത്തായി ജാളികൾ കൊടുത്തു പരമാവധി പ്രകാശം അകത്തേക്കു കടത്തിവിടാൻ ശ്രമിച്ചിട്ടുണ്ട്. സ്റ്റെയറിനു വീതി കുറവാണ്. ഫ്രെയിം ചെയ്തു മരപ്പാളികൾ കൊടുത്തു പടികളൊരുക്കി.

സ്ക്വയർഫീറ്റ് കൂടുന്നത്, തിരഞ്ഞെടുക്കുന്ന നിർമാണ സാമഗ്രികൾ, ഡിസൈൻ, ഇന്റീരിയർ, വാസ്തു എന്നിവയ്ക്ക് ഓരോരുത്തരെ കൺസൽറ്റ് ചെയ്യുന്നത് ബജറ്റിന്റെ താളം തെറ്റിക്കുമെന്ന് ആദർശ് പറയുന്നു. ഇവിടെ അതെല്ലാം ഒരാളായതുകൊണ്ടു ലാഭമുണ്ടായി.
വിവരങ്ങൾക്കു കടപ്പാട്
ആദർശ് എസ്.വി
2A കൺസ്ട്രക്‌ഷൻസ് & ഡിസൈന്‍സ്, കൊല്ലം
തയാറാക്കിയത്
അജയ് എസ്.