50 ലക്ഷത്തിന് 3000 സ്ക്വയർഫീറ്റ് വീട്! ലാഭിച്ചത് ലക്ഷങ്ങൾ; എന്താണ് ഇതിന്റെ രഹസ്യം?

Mail This Article
ചങ്ങനാശേരിയിലെ കോൺസെപ്റ്റ് പ്രീഫാബ് ബിൽഡേഴ്സ് ഉടമകളിലൊരാളായ അതുലിന്റെ വീടാണിത്. 3000 ചതുരശ്രയടിയുള്ള നാലുമുറി വീടിന് ഇന്റീരിയറടക്കം 50 ലക്ഷം രൂപ മാത്രമാണ് ചെലവ്. നിലവിൽ 3000 സ്ക്വയർഫീറ്റുള്ള കോൺക്രീറ്റ് വീട് പണിയാൻ 70 ലക്ഷം മുതൽ ചെലവ് പ്രതീക്ഷിക്കാം എന്നോർക്കണം. പിന്നെ എങ്ങനെയാണ് ഇവിടെ ലക്ഷങ്ങൾ ലാഭിച്ചത്?
ഗ്രൗണ്ട് ഫ്ലോർ ഇന്റർലോക്ക് കട്ടകൾ കൊണ്ടും ഒന്നാംനില വീ പാനലുകളും (V Panel) ഉപയോഗിച്ചാണ് വീടുനിർമിച്ചത്. സ്വന്തം സ്ഥാപനത്തിൽ വരുന്നവരുടെ ആശങ്കകൾക്കും സംശയങ്ങൾക്കുമുള്ള ഉത്തരമാണ് ഈ വീട്. നിർമാണത്തിന്റെ എല്ലാ ഘട്ടത്തിലും ചെലവു കുറയ്ക്കാൻ ശ്രദ്ധിച്ചിരിക്കുന്നു.
ഗ്രൗണ്ട് ഫ്ലോർ

ഗ്രൗണ്ട് ഫ്ലോറിന്റെ നിർമാണം മുഴുവൻ ഇന്റർലോക്ക് കട്ടകളിൽ ആയിരുന്നു. സിമന്റ് ഉപയോഗം കുറവ്, നിർമാണത്തിനെടുക്കുന്ന സമയം കുറവ്, സാധാരണ വീടുണിക്കു വേണ്ടിവരുന്നത്ര ജോലിക്കാർ വേണ്ട.. അങ്ങനെ നല്ലൊരു ശതമാനം തുക ലാഭിച്ചു. ഇന്റർലോക്ക് ആയതുകൊണ്ടു വീടിനു പില്ലറുകൾ വേണ്ട. സാധാരണ കട്ടകൾക്കു വരുന്ന ചെലവും ഇന്റർലോക്ക് കട്ടകൾക്കില്ല. പത്തു ദിവസം കൊണ്ട് ഇന്റർലോക്ക് കട്ടകൾ കൊണ്ടുള്ള ജോലി പൂർത്തിയാക്കി ഭിത്തികെട്ടി പുട്ടി ഫിനിഷ് ചെയ്തു.
ലിവിങ്ങിൽ ഒരു കോർണർ സോഫ, പ്ലൈവുഡ് കൊണ്ട് ടിവി യൂണിറ്റ്, പൂജ സ്പേസ് എന്നിവയൊരുക്കി. ഓപ്പൺ ഡിസൈനിലാണ് കിച്ചൻ. കിച്ചൻ ഇന്റീരിയർ കബോർഡുകളെല്ലാം വി ബോർഡിലാണ് നിർമിച്ചിരിക്കുന്നത്. കബോർഡ് ഡോറുകളെല്ലാം പ്ലൈ ലാമിനേറ്റഡ് ആണ്. കൗണ്ടർടോപ്പിൽ ടൈൽ വിരിച്ചു. വി ബോർഡ് പ്ലൈ ലാമിനേഷൻ തുടങ്ങിയവ ഉപയോഗിച്ചു കൊണ്ട് അടുക്കളയ്ക്കു മാത്രം മെറ്റീരിയല്‍ ഇനത്തിൽ മൂന്നിലൊന്നായി ചെലവു കുറയ്ക്കാം. ഇതേ രീതിയിലാണ് വാഷ് ഏരിയയും നിർമിച്ചിരിക്കുന്നത്. പ്രധാന വാതിലടക്കം എക്സ്റ്റീരിയർ ഡോറുകളെല്ലാം സ്റ്റീലാണ്.

കിടപ്പുമുറികൾ
താഴെ രണ്ടും മുകളിൽ രണ്ടുമായി കിടപ്പുമുറികൾ ഒരുക്കി. കിടപ്പുമുറികളിലെ കബോർഡുകളും വിബോർഡിലാണ്. വാതിലുകൾ മറൈൻ പ്ലൈയിൽ ചെയ്തെടുത്തു. ജനലുകളെല്ലാം സ്റ്റീൽഫ്രെയിമിലാണ്. ബാത്റൂമുകൾക്കെല്ലാം പിവിസി ഡോറുകളാണ്. സ്റ്റീൽ ഫ്രെയിമിൽ ഫൈബർ സിമന്റ് ബോർഡ് വച്ചാണ് സ്റ്റെയർകേസ്. വുഡൻ ഫിനിഷിലുള്ള ടൈൽ വിരിച്ചു, ജിഐ പൈപ്പിലുള്ള ഹാൻഡ് റെയിലും നിർമിച്ചു.
ഒന്നാം നില
ജിഐ പൈപ്പിൽ ഫ്രെയിമുണ്ടാക്കിയശേഷം ബാക്കി വന്ന പ്ലൈവുഡ് കഷണങ്ങൾ വച്ചു ഡിസൈൻ ചെയ്ത് സ്റ്റെപ് കയറിവരുന്നിടത്ത് പാർട്ടീഷൻ ബോർഡ് കൊടുത്തു. റൂഫിങ് ഉൾപ്പെടെ പൂർണമായും വി പാനലിലാണ് മുകൾനില ചെയ്തിട്ടുള്ളത്. ഇവിടെ ലളിതമായ ലിവിങ്, വാൾപേപ്പർകൊണ്ടു ഭിത്തി ഹൈലൈറ്റ് ചെയ്തു. രണ്ടു കിടപ്പുമുറികളിലൊന്ന് കിഡ്സ് റൂമാണ്.

WPC കട്ടിളകളും പ്ലഷ് ഡോറുകളുമാണ് മുറികൾക്ക്. വി ബോർഡുകളായതിനാൽ ഭിത്തികളുടെ കനം കുറവാണ്. അതുകൊണ്ട് കൂടുതൽ സ്പേസ് കിട്ടുന്നു. മുകളിലെ മാസ്റ്റര്‍ ബെഡ്റൂമിൽ പ്രത്യേകമായി ചെയ്തിരിക്കുന്ന വാൾ ഹൈലൈറ്റ് എംഡിഎഫ് ആണ്. ഇവിടെ ബേ വിൻഡോ വിത് വർക്സ്റ്റേഷനും ടിവി യൂണിറ്റ് വിത്ത് വാര്‍ഡ്രോബുമുണ്ട് മുകളിലെ ജനലുകളെല്ലാം യുപിവിസി ഫ്രെയിമിലാണ് നിർമിച്ചത്.

മുറ്റമൊരുക്കിയിരിക്കുന്നത് സിമന്റ് പേവിങ് ടൈലുകളും ആർട്ടിഫിഷ്യൽ ഗ്രാസും ബേബി മെറ്റലുകളും ഉപയോഗിച്ചാണ്. ജി ഐ പൈപ്പുകൊണ്ട് ലളിതമായ ഡിസൈനിൽ ഗേറ്റ് നിർമിച്ചിരിക്കുന്നു. ഗ്രാനൈറ്റും ടൈലും ചേർത്ത് സിറ്റൗട്ട് ഫ്ലോറിങ് ചെയ്തു. ചെലവ് കുറഞ്ഞ വീടാഗ്രഹിക്കുന്നവർക്ക് ഈ നിർമിതി മാതൃകയാക്കാം.
വിവരങ്ങൾക്കു കടപ്പാട്
കോൺസെപ്റ്റ് പ്രിഫാബ് ബിൽഡേഴ്സ് & ഇന്റീരിയേഴ്സ്, ചങ്ങനാശേരി
തയാറാക്കിയത്
അജയ് എസ്.