Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

30 ലക്ഷത്തിന് കിടിലൻ ചെങ്കൽ വീട്

30-lakh-home പരമ്പരാഗത നിർമാണശൈലിയുടെ നന്മകളും പുതിയ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയ വീട്.

പ്രാദേശികമായി ലഭ്യമായ നിർമാണവസ്തുക്കളും നിര്‍മാണ തൊഴിലാളി വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി എന്നതാണ് കുന്നംകുളം അകതിയൂരുള്ള കുട്ടൻകുളങ്ങര വീടിനെ പ്രത്യേകതയുള്ളതാക്കുന്നത്.

∙ പഴയ വീട് പൊളിച്ച്, ആ സ്ഥാനത്ത് പുതിയതു പണിതതാണ്. പഴയ വീടിന്റെ ഭാഗമായിരുന്ന കേടില്ലാത്ത തടി ഉരുപ്പടികളും വെട്ടുകല്ലും പരമാവധി പുനരുപയോഗിച്ചു.

∙ വെട്ടുകല്ലാണ് ഭിത്തി നിർമാണത്തിന് പ്രധാനമായി ഉപയോഗിച്ചത്. മൂന്നു തരത്തിലുള്ള വെട്ടുകല്ല് ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. വീടിന്റെ മുൻഭാഗത്തെ ഭിത്തികൾക്കുപയോഗിച്ച കല്ല് (തേക്കാത്ത ഭാഗത്തുള്ളവ) കൂടുതൽ ബലവത്താണ്. തേച്ച ഭിത്തികൾക്ക് സാധാരണ വെട്ടുകല്ലാണ് ഉപയോഗിച്ചത്. ഇതു രണ്ടും കൂടാതെ, മുൻവശത്തെ തൂണുകളിൽ വെട്ടുകല്ലിന്റെ പാളികൊണ്ട് ക്ലാഡിങ് ചെയ്യുകയായിരുന്നു.

∙ വീടിന്റെ മുൻവശത്ത് ഉപയോഗിച്ച വെട്ടുകല്ല് വളരെ കടുപ്പമുള്ളതായിരുന്നു. കടുപ്പം മൂലം കല്ലു ചെത്തുന്ന ഉളി ഓരോ ദിവസവും മൂന്നും നാലും എണ്ണം വീതം ഒടിഞ്ഞുപോകാറുണ്ടായിരുന്നുവെന്ന് വീട്ടുകാരൻ അജീഷ് പറയുന്നു. വെട്ടുകല്ലിന്റെ ഭംഗി എടുത്തറിയാൻ വീടിന്റെ പുറംഭാഗം മുഴുവൻ പോയിന്റ് ചെയ്യുകയാണു ചെയ്തത്.

∙ ജനാലകൾക്കും കട്ടിളകൾക്കും പഴയ വീടിന്റെ മച്ച് പ്രയോജനപ്പെടുത്തി. പ്രധാനവാതിൽ പ്ലാവുകൊണ്ടാണ് നിർമിച്ചത്. അകത്തെ വാതിലുകൾ റെഡിമെയ്ഡ് ആണ്.

30-lakh-home-interior അകത്തളത്തിലേക്കു വേണ്ട വായുവും വെളിച്ചവുമേകാൻ നടുമുറ്റം സഹായിക്കുന്നു.

∙ രണ്ടുനില വീടാണ്. താഴത്തെ നിലയിൽ പൂമുഖം, നടുമുറ്റത്തിനു ചുറ്റുമായി സ്വീകരണമുറി, ഊണുമുറി, അടുക്കള, വർക് ഏരിയ, രണ്ട് കിടപ്പുമുറികൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു. മുകളില്‍ ഒരു കിടപ്പുമുറിയും ബാത്റൂമും മാത്രമേയുള്ളൂ.

∙ പൂമുഖം, സ്വീകരണമുറി, കിടപ്പുമുറികൾ എന്നീ മുറികൾ വാർക്കാതെ ഇരുമ്പുപൈപ്പു കൊണ്ട് ട്രസ് ഇട്ട് മുകളിൽ ഓട് മേഞ്ഞു. രണ്ടാംനില പണിത ഭാഗത്തുമാത്രമാണ് മുറികൾ വാർത്തത്.

∙ വീടുപണി മുഴുവനായി കോൺട്രാക്ടറെ ഏൽപ്പിക്കാതെ വീട്ടുകാർതന്നെ പണിക്കാരെ നിർത്തി പണിയിക്കുകയായിരുന്നു.

∙ മാത്രമല്ല, വീടു പണിയാൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായവും വളരെയധികം ഉണ്ടായിരുന്നു. ഇതെല്ലാം ചെലവു നിയന്ത്രിക്കാൻ സഹായിച്ചു.

Project Facts

Location: അകതിയൂർ, കുന്നംകുളം

Area: 1896 Sqft

Cost: 30 lakh

Designer: ധനപാലൻ, ചങ്ങരംകുളം, എടപ്പാൾ

Owner: അജീഷ് കുട്ടൻകുളങ്ങര

അകതിയൂർ, കുന്നംകുളം