Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും; ഇനി പുഷ്പം പോലെ കോൺക്രീറ്റ് വീട് എടുത്ത് മാറ്റി വയ്ക്കാം!

house-lifting-technique കോൺക്രീറ്റ് വീട് ഉയർത്തണോ..? എടുത്ത് മാറ്റിവയ്ക്കണോ...? വഴിയുണ്ട്

വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും. പക്ഷേ, സംഗതി സത്യമാണ്. ഒരിടത്ത് വീടുവച്ചാൽപിന്നെ അത് അനക്കാനാകില്ല എന്ന ധാരണ തിരുത്താൻ സമയമായി. കോൺക്രീറ്റ് വീട് ഉയർത്താം. തിരിച്ചുവയ്ക്കാം. വേണമെങ്കിൽ എടുത്ത് മാറ്റിവയ്ക്കുകയും ചെയ്യാം! കഴിഞ്ഞ ആറ് വർഷത്തിനിടെ തിരുവല്ലയ്ക്കടുത്ത് മേപ്രാലിൽ ഉയർത്തിയ വീടുകളുടെ എണ്ണം കേട്ടാൽത്തന്നെ ആരുമൊന്ന് വാ പൊളിക്കും. ചെറുതും വലുതുമായി അൻപതിലധികം വീടുകളാണ് ഇവിടെ ഉയർത്തിയത്.

ഇതുകൂടാതെ ആലപ്പുഴ, കൊച്ചി, കായംകുളം എന്നിവിടങ്ങളിലും നിരവധി വീടുകൾ ഉയർത്തി. ഒരടി മുതൽ എട്ടടി വരെ ഉയർത്തിയ വീടുകൾ ഇക്കൂട്ടത്തിൽപെടും. ഹരിയാനയിൽ നിന്നുള്ള സർദാർജിമാരുടെ പ്രഫഷനൽ സംഘമാണ് ഒട്ടുമിക്ക ഉയർത്തലിനും പിന്നിൽ.

വീടിന് തോൽക്കാൻ മനസ്സില്ല

lifted-house-exterior

അപ്പർ കുട്ടനാടിന്റെ ഭാഗമായ താഴ്ന്ന പ്രദേശമാണ് മേപ്രാല്‍. മുന്നിലെ റോഡ് ഉയർത്തിയപ്പോള്‍ കുഴിയിലായിപ്പോയതും, താഴ്ന്ന സ്ഥലമായതിനാൽ മഴക്കാലത്ത് വെള്ളം കയറുന്നതും, മണ്ണിന് ഉറപ്പ് കുറവായതിനാല്‍ ഇരുന്നുപോയതുമായ വീടുകളാണ് ഇവിടെ ഉയർത്തിയവയിൽ കൂടുതലും.

വെള്ളം കയറുന്നതുപോലെയുള്ള ബുദ്ധിമുട്ടുകൾ നല്ലൊരു പരിധിവരെ പരിഹരിക്കാമെന്നതും പുതിയ വീട് പണിയുന്നതിനെ അപേക്ഷിച്ച് ചെറിയ തുകയേ ചെലവ് വരൂ എന്നതുമാണ് വീട് ഉയർത്തലിന്റെ മെച്ചം. ചതുരശ്രയടിക്ക് 250 രൂപ നിരക്കിലാണ് ഇതിന്റെ പണിക്കൂലി. രണ്ടായിരം ചതുരശ്രയടി വലുപ്പമുള്ള വീട് മൂന്ന് അടി ഉയർത്താൻ അഞ്ചുലക്ഷം രൂപ പണിക്കൂലിയാകും. സിമന്റ്, കമ്പി തുടങ്ങി നിർമാണസാമഗ്രികൾക്കായി നാല് ലക്ഷം രൂപയ്ക്കടുത്തും ചെലവാകും

ഓരോ നീക്കവും സൂക്ഷ്മതയോടെ

house-lifting-tech ഉയർത്തിയ ശേഷം തറ മണ്ണിട്ട് പൊക്കി വീണ്ടും ഫ്ളോറിങ് ചെയ്യണം. വയറിങ്, പ്ലമിങ്, വാതിൽ, ജനൽ ഇവയൊന്നും മാറ്റേണ്ട...

കുട്ടിക്കളിയല്ല വീടുയർത്തൽ. അതീവ വൈദഗ്ധ്യമുള്ള തൊഴിലാളികളും അണുവിട തെറ്റാതെ കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിലേ സംഗതി വിജയിക്കൂ.

വിദഗ്ധ സംഘമെത്തി വീടിന്റെ ഉറപ്പും ബലവും ആയുസ്സുമൊക്കെ പരിശോധിക്കുന്നതാണ് വീടുയർത്തലിന്റെ ആദ്യഘട്ടം. വീടുയർത്തുന്നതുകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കില്ല എന്നാണ് നിഗമനം എങ്കിൽ അക്കാര്യം വീട്ടുകാരെ ബോധ്യപ്പെടുത്തുകയും ചെയ്യും.

lifting1 1. ഭിത്തിക്ക് ഇരുവശവും രണ്ടരയടി താഴ്ചയിലും വീതിയിലും കുഴിക്കുന്നു. അടിത്തറയ്ക്കു താഴെ ഓരോന്നായി ജാക്ക് ഉറപ്പിക്കുന്നു.
lifting2 2. ബെൽറ്റ് ഇല്ലാത്ത സ്ഥലങ്ങളിൽ സി ചാനൽ നൽകി ജാക്ക് അതിൽ ഉറപ്പിക്കുന്നു. താഴെ പുതിയ ബെൽറ്റ് വാർക്കുന്നു.
lifting-using-screw 3. ഉയർത്തിയ ഭാഗത്ത് കോൺക്രീറ്റ് കട്ട കെട്ടി ബലപ്പെടുത്തുന്നു. ഇതിന് ഏറ്റവും മുകളിൽ കോൺക്രീറ്റ് മിശ്രിതം പമ്പ് ചെയ്ത് വീടുമായി യോജിപ്പിക്കുന്നു.

എത്ര അടി പൊക്കണം, ഇതിന് എന്തെല്ലാം സജ്ജീകരണങ്ങള്‍ വേണം, ഓരോ ഘട്ടവും പൂർത്തിയാക്കാൻ എത്ര സമയം വേണം എന്ന കാര്യങ്ങളെല്ലാം ആദ്യമേ തീരുമാനിച്ചുറപ്പിക്കും. ഈ വിവരങ്ങൾ എല്ലാം ഉൾപ്പെടുന്ന കരാറിൽ ഇരുകൂട്ടരും ഒപ്പുവച്ച ശേഷമേ ജോലി ആരംഭിക്കൂ.

വീടിന്റെ അടിത്തറയ്ക്കു താഴെ ഓരോന്നായി ഇരുമ്പ് ജാക്ക് പിടിപ്പിച്ച് വീട് മുഴുവനായി ജാക്കിന് മുകളിൽ വരുംവിധം ക്രമീകരിക്കുകയും അതിനുശേഷം ഒരേ അളവിൽ ജാക്ക് തിരിച്ച് വീട് ഉയർത്തിയശേഷം കട്ടകെട്ടി ബലപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

350 ജാക്കും 40 ജോലിക്കാരും

house-lifting-using-screws ഒരടി ഉയർത്തിയ ശേഷം ഓരോ ജാക്ക് ആയി എടുത്തുമാറ്റി കട്ട കെട്ടി അതിനു മുകളിൽ വീണ്ടും ജാക്ക് വയ്ക്കും.

1500 ചതുരശ്രയടി വലുപ്പമുള്ള വീട് ഉയർത്താൻ 250 മുതൽ 350 ജാക്ക് വരെ ആവശ്യമായി വരും. 30 മുതൽ 40 വരെ ജോലിക്കാരുടെ കൂട്ടായ പരിശ്രമത്താലാണ് വീട് ഉയർത്തുക. ഏകദേശം ഒന്നരമാസം കൊണ്ട് ജോലികൾ പൂർത്തിയാകും.

ചുവരുകളുടെ രണ്ടുവശത്തും രണ്ടരയടി താഴ്ചയിലും വീതിയിലും കുഴിയെടുക്കുന്നതാണ് വീടുയർത്തലിന്റെ ആദ്യപടി. അതിനുശേഷം അടിത്തറ അൽപം പൊട്ടിച്ച് ജാക്ക് പിടിപ്പിച്ചു തുടങ്ങും. അടിത്തറയ്ക്കു താഴെ കോൺക്രീറ്റ് ബെൽറ്റ് ഉള്ള വീടുകളാണെങ്കിൽ ജാക്ക് പിടിപ്പിക്കാൻ എളുപ്പമാണ്. ഇതില്ലാത്ത സ്ഥലങ്ങളിൽ അടിത്തറയ്ക്കുതാഴെ ഇരുമ്പിന്റെ സി ചാനൽ പൈപ്പ് പിടിപ്പിച്ച് അതിലാണ് ജാക്ക് ഉറപ്പിക്കുക.

lifted-house-interiors

വീട് മുഴുവൻ ജാക്കിനു മുകളിൽ ആയിക്കഴിഞ്ഞശേഷം ജാക്ക് അൽപാൽപമായി തിരിച്ച് ഉയർത്തും. 300 ജാക്ക് ഉണ്ടെങ്കിൽ 30 പണിക്കാരുണ്ടാകും. ഒരേ സമയം 30 ജാക്ക് ആയിരിക്കും ഉയർത്തുക. ഇതിനായി കെട്ടിടത്തിന്റെ ഭാരം തുല്യമായി വിന്യസിക്കുന്ന രീതിയിൽ ജാക്കുകള്‍ 30 സെറ്റ് ആയി തിരിക്കും. ഓരോ പണിക്കാർക്കും പത്ത് ജാക്ക് വീതം വീതിച്ചു നൽകുകയും ചെയ്യും.

ഓരോ മില്ലിമീറ്റര്‍ വീതമാണ് കെട്ടിടം ഉയർത്തുക. ഒരടി ഉയർത്തിക്കഴിഞ്ഞാൽ അടിത്തറയ്ക്കു താഴെയുള്ള ഭാഗത്ത് മൂന്ന് അടി വീതിയിലും ആറിഞ്ച് കനത്തിലും പുതിയ ബെൽറ്റ് വാർത്ത് അതിനു മുകളിൽ പുതിയ അടിത്തറ കെട്ടും. 3x4x9 ഇഞ്ച് വലുപ്പമുള്ള പ്രത്യേക കോൺക്രീറ്റ് കട്ടയാണ് ഇതിന് ഉപയോഗിക്കുക. 18 ഇഞ്ച് വീതിയിലായിരിക്കും അടിത്തറ കെട്ടുക. ഉയർത്തിയ ഒരടി പൊക്കത്തിൽ കട്ടകെട്ടി ഉറപ്പിച്ച് അതിനു മുകളില്‍ ജാക്ക് വച്ചാണ് ബാക്കി ജോലികൾ ആരംഭിക്കുക.

lifted-buildings 6000 ചതുരശ്രയടിയുള്ള വീട് മുതൽ 10000 ചതുരശ്രയടിയുള്ള ആശുപത്രി കെട്ടിടം വരെ ഉയർത്തിയിട്ടുണ്ട്.

ഓരോ ജാക്ക് വീതം എടുത്തുമാറ്റിയാണ് കട്ട കെട്ടുക. ചിലയിടങ്ങളിൽ സൗകര്യത്തിനായി മൂന്നെണ്ണത്തിനു ശേഷം വരുന്ന ജാക്ക് എല്ലാം അൽപം താഴ്ത്തി നൽകാറുണ്ട്. മൂന്ന് ജാക്ക് ഒരുമിച്ച് എടുത്തുമാറ്റി അവിടെ കട്ട കെട്ടിയ ശേഷം താഴ്ത്തി നൽകിയ ജാക്ക് എടുത്തുമാറ്റാമെന്നതാണ് ഇതിന്റെ മെച്ചം.

ആവശ്യമായ അളവിൽ കെട്ടിടം ഉയർത്തിക്കഴിഞ്ഞ ശേഷം പ്രത്യേക രീതിയിൽ തയാറാക്കിയ കോൺക്രീറ്റ് മിശ്രിതംകൊണ്ട് കെട്ടിടത്തെയും പുതിയ അടിത്തറയെയും ബന്ധിപ്പിക്കും. ചുവരിനടിയിൽ രണ്ട് മീറ്ററോളം നീളത്തിൽ മൂന്ന് വശവും പലക കെട്ടിത്തിരിച്ച് പ്രത്യേക പമ്പ് ഉപയോഗിച്ചാണ് കോൺക്രീറ്റ് നിറയ്ക്കുന്നത്.

കെട്ടിടം ഉയർത്തിക്കഴിഞ്ഞാൽ മുറ്റവും വീടിനുൾഭാഗവും മണ്ണിട്ട് ഉയർത്തണം. അകം ഉറപ്പിച്ച് പരുക്കനിട്ട ശേഷം പുതിയ തറ നിർമിക്കണം. ഇതല്ലാതെ വയറിങ്, പ്ലമിങ് എന്നിവയൊന്നും മാറ്റേണ്ട ആവശ്യം വരുന്നില്ല. പൈപ്പ് കണക്ഷൻ തൽക്കാലത്തേക്ക് വിച്ഛേദിച്ച് പണി പൂർത്തിയായ ശേഷം കൂട്ടിയോജിപ്പിക്കേണ്ടിവരും.

house-lifting-exterior

ഉയർത്തുകയല്ല, വീട് എടുത്തു തിരിച്ചു വയ്ക്കുകയോ കുറച്ചു മാറ്റി വയ്ക്കുകയോ ചെയ്യണമെങ്കിൽ അതിനും സർദാർജിമാർ തയാറാണ്. ചങ്ങനാശേരിക്കടുത്ത് ഇരുനില വീട് ഉയർത്തി നാൽപത് അടിയോളം മാറ്റിവയ്ക്കാനുള്ള നടപടികൾ ഫെബ്രുവരിയിൽ തുടങ്ങും.

ചെലവ്, സമയം...

∙ ചതുരശ്രയടിക്ക് 250 രൂപ മുതലാണ് വീട് ഉയർത്തുന്നതിനുള്ള പണിക്കൂലി.

∙ ഏകദേശം ഒന്നരമാസംകൊണ്ട് ഉയർത്തൽ ജോലികൾ പൂർത്തിയാകും.

∙ വീട് ഉയർത്തിക്കഴിഞ്ഞ് ഫ്ലോറിങ് മുഴുവൻ പുതുക്കേണ്ടിവരും.

∙ വയറിങ്, പ്ലമിങ്, വാതിൽ, ജനൽ എന്നിവയൊന്നും മാറ്റേണ്ടി വരില്ല.