Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വീടിനുള്ളിൽ വർഷങ്ങളായി ഒരു രഹസ്യമുണ്ട്!

store-house-thrissur കുപ്പാടിത്തറ ഒതയോത്തുമ്മൽ ജയരാജന്റെ നെല്ലറ വീട്.

സമൃദ്ധിയുടെ ഓർമപ്പെടുത്തലുകളുമായി  ഇന്നും തല ഉയർത്തി നിൽക്കുകയാണു വയനാട്ടിലെ നെല്ലറകൾ. പഴങ്കഥകൾ അയവിറക്കി, ചുരുക്കം പഴയ തറവാടുകളിൽ മാത്രം ഈ നെല്ലറകൾ ഇന്നും അവശേഷിക്കുന്നുണ്ട്. കാഴ്ചയിൽ ചെറുതെന്ന് തോന്നുന്ന ഈ നെല്ലറകളിൽ ടൺകണക്കിനു നെല്ല് സൂക്ഷിക്കാനാകും. 

ഒരു മരവീടിന്റെ രൂപമാണു നെല്ലറകൾക്ക്. ഇതിനകത്ത് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ള അറകളിൽ നെല്ല് സൂക്ഷിക്കും. മറ്റെന്തിനേക്കാളും നെല്ലിന് മൂല്യം കൽപിച്ചിരുന്ന പഴമക്കാർ അതു സൂക്ഷിച്ചുവയ്ക്കുവാനും വളരെ സൂക്ഷ്മത പുലർത്തിയിരുന്നു. അന്നത്തെ കാലത്ത് നെല്ലായിരുന്നു അവർക്കെല്ലാം.  ചായക്കടകളധികമില്ലാതിരുന്ന കാലത്ത്, നാടു ചുറ്റിയെത്തുന്ന വഴിപോക്കർക്കും വിശന്നു വലഞ്ഞെത്തുന്ന പട്ടിണിപ്പാവങ്ങൾക്കും വൻ പ്രതീക്ഷയായിരുന്നു നെല്ലറകൾ സൂക്ഷിച്ചിരുന്ന തറവാടുകൾ. 

രഹസ്യഅറയിൽ ആരും കാണാതെ ധാന്യസമ്പത്ത് 

pathayam-view നെല്ലറയിലെ രഹസ്യ അറകളിലൊന്ന്.

നെൽക്കൃഷിയുടെ ഒരു വിഹിതം സർക്കാറിലേക്ക് നൽകണമായിരുന്ന അക്കാലത്ത് സ്വന്തം ആവശ്യത്തിനും വിശന്നെത്തുന്നവർക്കുമായി ഒരു വർഷത്തേക്ക് കരുതിവയ്ക്കുന്ന സമ്പാദ്യമായ നെല്ലിൽനിന്ന് ലെവിയുടെ പേരിൽ വൻ വിഹിതം കൊടുക്കേണ്ടി വരുന്നത് ഏറെ വിഷമംപിടിച്ച നടപടിയായിരുന്നു. അതിൽനിന്ന് രക്ഷ നേടുന്നതിനായാണ് പഴമക്കാർ നെല്ലറകൾക്ക് രഹസ്യ അറകൾ കരുതിയിരുന്നത്. കാഴ്‍ചയിൽ മരത്തിൽ തീർത്ത ഒരു അറ മാത്രമേ ഉള്ളുവെങ്കിലും മച്ചിനു മുകളിലും നിലവറയിലുമായി ധാരാളം നെല്ല് സൂക്ഷിക്കുവാൻ കഴിയുന്ന വിധത്തിലായിരുന്നു ഒട്ടുമിക്ക നെല്ലറകളുടെയും നിർമാണം. മൂന്നു ഭാഗങ്ങളായുള്ള ഇത്തരം അറകളെ മച്ച്, നടുവിൽ അറ, നിലവറ എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. കണ്ടുപിടിക്കുവാൻ ഏറെ ബുദ്ധിമുട്ടായിരുന്നു ഇതിലെ രഹസ്യ അറകൾ. കാണപ്പെടുന്ന അറയിൽത്തന്നെ ഒരു ഭാഗം ഗന്ധകശാല നെല്ല് സൂക്ഷിക്കുവാൻ ഉപയോഗിച്ചിരുന്നു. വീടിന്റെ ഐശ്വര്യമായി കണക്കാക്കിയിരുന്ന തെക്കു ഭാഗത്തായിരുന്നു ഇത്തരം നെല്ലറകൾ പൊതുവെ സ്ഥാപിച്ചിരുന്നത്. അതിനാൽ തെക്കിനി അറപ്പുര എന്നാണ് ഇതിനെ അറിയപ്പെട്ടിരുന്നത്. നെല്ലിന് വായു കടക്കുവാൻ ഇതിന്റെ ചുമരായി ഉപയോഗിക്കുന്ന പലകകളിൽ നെല്ലട എന്ന പേരിൽ പ്രത്യേക രീതിയിലുള്ള വിടവുകൾ സ്ഥാപിച്ചിട്ടുണ്ട്. പലകകൾ കൊണ്ടു തന്നെയാണ് നിരപ്പലകകൾ എന്ന പേരിൽ ഇതിന്റെ പ്രവേശന കവാടങ്ങളും ഒരുക്കിയിരിക്കുന്നത്. 

നെല്ലറയുടെ കാവൽക്കാരൻ 

nellara-view നെല്ലറ വീട്ടിലെ നെല്ല് സൂക്ഷിക്കുവാൻ മരം കൊണ്ട് നിർമിച്ച അറ.

കൊയ്തു കൊണ്ടുവരുന്ന നെല്ല് സൂക്ഷിക്കുവാൻ അന്ന് നെല്ലറകൾ മതിയാവില്ലാത്ത കാലമായിരുന്നെങ്കിൽ ഇന്ന് നെൽക്കൃഷി നാമമാത്രമായതോടെ നെല്ലറകളിൽ ആവശ്യമില്ലാത്ത പഴയ വീട്ടുസാധനങ്ങളും മറ്റുമാണ് സൂക്ഷിക്കുന്നത്. പഴയകാല ഓർമപ്പെടുത്തലുകൾക്കു വേണ്ടി ഇത്തരം നെല്ലറയെ ഇന്നും നശിപ്പിക്കാതെ നിലനിർത്തിയിരിക്കുന്ന ചുരുക്കം ചിലരിൽപെട്ട ഒരാളാണ് കുപ്പാടിത്തറ ഒതയോത്തുമ്മൽ ജയരാജൻ എന്ന കൃഷിക്കാരൻ. ജൈവകൃഷി മാത്രം ചെയ്യുന്ന ഇദ്ദേഹം പാരമ്പര്യ കൃഷിരീതികൾ തന്നെയാണ് ഇന്നും പിന്തുടരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.