കൊച്ചി വിമാനത്താവളം: പുതിയ ടെർമിനൽ രണ്ടു മാസത്തിനകം

airport
SHARE

ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വൻ വളർച്ച കൈവരിച്ചു‌കൊണ്ടിരിക്കുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രാജ്യാന്തര മികവുകളോടെ പുതിയ ആഭ്യന്തര ടെർമിനൽ ടി1 അണിഞ്ഞൊരുങ്ങുന്നു. രണ്ടു മാസത്തിനുള്ളിൽ കമ്മിഷൻ ചെയ്യാൻ കഴിയുമെന്നാണ് കരുതുന്നത്. ആറു ലക്ഷത്തിലേറെ ചതുരശ്ര അടി വിസ്തീർണമുണ്ടാകും പുതിയ ആഭ്യന്തര ടെർമിനലിന്. അകത്തളത്തിൽ മാത്രമല്ല, പുറംമോടിയിലും ഏറെ മാറ്റങ്ങളോടെയാകും പുതിയ ടെർമിനൽ പ്രവർത്തനം ആരംഭിക്കുക. 

രാജ്യാന്തര യാത്രക്കാർക്കുള്ളതു പോലെ ഏറ്റവു മികച്ച രാജ്യാന്തര സംവിധാനങ്ങളും സൗകര്യങ്ങളുമാണ് പുതിയ ടെർമിനലിൽ സിയാൽ ഒരുക്കുന്നത്. സിയാലിന്റെ പുതിയ രാജ്യാന്തര ടെർമിനൽ ടി3 പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചതോടെ 2017 മേയ് മാസത്തിലാണ് പഴയ രാജ്യാന്തര ടെർമിനൽ പുതിയ ആഭ്യന്തര ടെർമിനൽ ആക്കാനുള്ള നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ടെർമിനലിലുണ്ടായിരുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ, കസ്റ്റംസ്, ഇമിഗ്രേഷൻ കൗണ്ടറുകൾ തുടങ്ങിയവയൊന്നും ആഭ്യന്തര സർവീസുകൾക്ക് ആവശ്യമില്ലാത്തതിനാൽ ടെർമിനലിന്റെ ഉൾവശം മുഴുവൻ മാറ്റി വ്യോമയാന–എൻജിനീയറിങ് മേഖലയിലെ രാജ്യാന്തര നിലവാരമനുസരിച്ചാണ് ടെർമിനൽ നവീകരിക്കുന്നത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ അടുത്ത 20 വർഷത്തേക്കുള്ള വളർച്ച മുൻകൂട്ടി കണ്ടാണ് ടെർമിനൽ വികസനം നടപ്പാക്കുന്നത്.

നിലവിൽ ആഭ്യന്തര സർവീസുകൾ നടത്തുന്ന ടെർമിനലിന്റെ (ടി2) ആറിരട്ടി വിസ്ത‍ൃതിയാണ് പുതിയ ടെർമിനലിനുണ്ടാവുക. നിലവിലുള്ള ടെർമിനലിൽ മണിക്കൂറിൽ 800 യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുന്നതു പുതിയ ടെർമിനലിൽ 4000 ആയി ഉയരും. 

പുതിയ ടെർമിനൽ മൂന്നു നിലകളിലായിരിക്കും. 2.42 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള താഴത്തെ നിലയിൽ ഡിപ്പാർച്ചർ ചെക്ക് ഇൻ, അറൈവൽ ബാഗേജ് ഏരിയ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 56 ചെക്ക് ഇൻ കൗണ്ടറുകളാണ് ഇവിടെയുണ്ടാവുക. നിലവിൽ ഇത് 29 ആണ്.

ഭക്ഷണശാലകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, മെഡിക്കൽ റൂം എന്നിവ താഴത്തെ നിലയിലുണ്ടാകും. നിലവിലെ ആഭ്യന്തര ടെർമിനലിൽ എയ്റോ ബ്രിജ് സൗകര്യമില്ലാത്തത് പുതിയ ടെർമിനലിൽ പരിഹരിക്കപ്പെടും. 

2.18 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഒന്നാം നിലയിൽ സുരക്ഷാ പരിശോധനാ സൗകര്യവും ഗേറ്റുകളുമുണ്ട്. എയ്റോ ബ്രിജ് സൗകര്യമുള്ള ഏഴെണ്ണമുൾപ്പെടെ 11 ഗേറ്റുകളാണ് ഇവിടെയുണ്ടാവുക. ആയിരത്തിലധികം പേർക്ക് ഇരിപ്പിട സൗകര്യമിവിടെയുണ്ടാകും. ഷോപ്പിങ് കേന്ദ്രങ്ങൾ, പ്രാർഥനാ മുറി. റിസർവ് ലൗൻജുകൾ, ബേബി കെയർ മുറി എന്നിവയും സജ്ജമാകുന്നു.

രണ്ടാം നിലയ്ക്ക് 90000 ചതുരശ്ര അടി വിസ്തീർണമാണുള്ളത്. എക്സിക്യൂട്ടീവ് ലൗൻജുകൾ, ഫുഡ് കോർട്ടുകൾ, ബാർ തുടങ്ങിയവ ഇവിടെ സജ്ജീകരിക്കും. അനുബന്ധ സൗകര്യങ്ങൾ ക്രമീകരിക്കുന്നതിനായി 62000 ചതുരശ്ര അടി സ്ഥലം കൂടി ക്രമീകരിക്കുന്നുണ്ട്. 

വിമാനത്തിനുള്ളിൽനിന്നു യാത്രക്കാരെ എത്രയും വേഗം താഴത്തെ നിലയിൽ അറൈവൽ മേഖലയിൽ എത്തിക്കാനായി പ്രത്യേക റാംപുകൾ നിർമിക്കും. അത്യാധുനിക ഇൻലൈൻ ബാഗേജ് ചെക്കിൻ സംവിധാനമാണിവിടെ ഒരുക്കുന്നത്. രണ്ടു സിടി മെഷിനുകൾ പരിശോധനയ്ക്കുണ്ടാകും. 

ഓരോ ബാഗിന്റെയും ദ്വിമാന ചിത്രങ്ങൾ പരിശോധകനു കാണാനാകും. 45 സെക്കൻഡ് കൊണ്ട് ഓരോ യാത്രക്കാരന്റെയും ബാഗേജു പരിശോധന പൂർത്തിയാകുന്ന വിധത്തിലാണ് സംവിധാനം സജ്ജമാക്കുന്നത്. നാലു കൺവെയർ ബെൽറ്റുകളുണ്ടാകും. 68 മീറ്ററാണ് ഓരോന്നിന്റെയും നീളം. റിസർവ്ഡ് ലൗൻജ്, ഷോപ്പിങ് ഏരിയ, പ്രീപെയ്ഡ് ടാക്സി കൗണ്ടർ എന്നിവയും ഇവിടെയുണ്ടാകും.

ടെർമിനൽ മുഴുവൻ അത്യാധുനിക ഫയർ ഹൈഡ്രന്റ് സംവിധാനത്തിന്റെ പരിധിയിലായിരിക്കും. തീ കണ്ടാൽ സ്വയം വെള്ളം പമ്പു ചെയ്യുന്ന രണ്ടായിരത്തിലേറെ സ്പ്രിംഗ്ലറുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. എട്ടു ലിഫ്റ്റുകൾ, നാലു എസ്കലേറ്ററുകൾ, വിമാനത്തിന്റെ ആഗമന, പുറപ്പെടൽ വിവരങ്ങൾ തൽസമയം കാണിക്കുന്ന 168 ഫ്ലൈറ്റ് ഡിസ്പ്ലേ സംവിധാനങ്ങൾ, 800 സുരക്ഷാ ക്യാമറകൾ എന്നിവയും ടി1ൽ സജ്ജമാക്കിയിട്ടുണ്ട്.  കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞ പത്തു വർഷം കൊണ്ട് ആഭ്യന്തര യാത്രക്കാരുടെ എണ്ണം 15.67 ലക്ഷത്തിൽ നിന്ന് 48.45 ലക്ഷമായാണ് വളർന്നത്. വളർച്ച മൂന്നിരട്ടിയിലേറെ. നേരത്തെ രാജ്യാന്തര യാത്രക്കാരുടെ എണ്ണമായിരുന്നു കൊച്ചിയിൽ കൂടുതൽ. കഴിഞ്ഞ വർഷം മുതൽ ആഭ്യന്തര യാത്രക്കാരുടെ വളർച്ച രാജ്യാന്തര യാത്രക്കാരുടെ വളർച്ചയെ മറികടന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA