ഇതാണ് ആ വിഖ്യാത പ്രതിഭയുടെ വീട്!

tolstoy-house
SHARE

ലോക ഫുട്ബോളിന്റെ പെലെ ബ്രസീലുകാരനായിരിക്കാം. പക്ഷേ, ലോക സാഹിത്യത്തിലെ പെലെ റഷ്യക്കാരനാണ്– ലിയോ ടോൾസ്റ്റോയി (കടുത്ത സാഹിത്യപ്രേമികൾ പൊറുത്താലും!) ‘അന്ന കരനിന’യും ‘യുദ്ധവും സമാധാനവും’ എഴുതി ലോകത്തെ വിസ്മയിപ്പിച്ച ആ വിശ്വസാഹിത്യകാരന്റെ വീടിനു മുന്നിലാണിപ്പോൾ. മോസ്കോയിൽനിന്ന് 200 കിലോമീറ്റർ അകലെ യാസ്നായ പോളിയാന എന്ന പച്ച പുതച്ചു കിടക്കുന്ന റഷ്യൻ ഗ്രാമത്തിൽ.

മോസ്കോയിൽനിന്ന് തുള സ്റ്റേഷനിലേക്കു ട്രെയിൻ പിടിച്ച് അവിടെനിന്ന് ടാക്സിയിൽ യാത്രചെയ്തു വേണം യാസ്നായയിലെത്താൻ.  തുളയിലേക്കുള്ള വഴി കേരളീയമാണ്.  മൂന്നാറിലേക്കു പോകുന്നതു പോലെ എന്ന് ഉപമിച്ചു പറഞ്ഞപ്പോൾ മോസ്കോയിൽ ആയുർവേദ ഡോക്ടറായ തിരൂർ സ്വദേശി ഡോ. ഉണ്ണി തിരുത്തി– മൂന്നാർ യാത്രയെക്കാൾ പത്തിരട്ടി സുന്ദരമാണിത്! 

പച്ചയാണ് യാസ്നായ പോളിയാനയുടെ നിറം. നിലംവിരിച്ച പച്ചപ്പുൽ മുതൽ വീടുകളുടെ മേൽക്കൂര വരെ പച്ച നിറം. വലിയൊരു തടാകം കഴിഞ്ഞ് പച്ചമരങ്ങൾ നിറഞ്ഞ വിശാലമായ കാട്ടുവഴിയിലൂടെ കുറേദൂരം നടന്നെത്തിയാൽ ടോൾസ്റ്റോയിയുടെ ശവകുടീരം കാണാം. ചതുരരൂപത്തിൽ വെട്ടിയൊതുക്കി പുല്ലു വളർത്തിയ കുടീരത്തിൽ ഒരു നൂറ്റാണ്ടായി ഉറങ്ങിക്കിടക്കുന്നു ലോക സാഹിത്യത്തിലെ വിശ്രുത എഴുത്തുകാരൻ!  

ആരാധകർ സമർപ്പിച്ച ഒന്നോ രണ്ടോ പൂവുകൾ മാത്രം. ഒപ്പം രണ്ടു ചോക്കലേറ്റുകളും. 

തന്റെ മരണം ടോൾസ്റ്റോയി ആ പുസ്തകത്തിലൂടെ പ്രവചിച്ചിരുന്നതായും തോന്നി. യാസ്നായ പോളിയാനയിലെ ആഡംബരങ്ങൾക്കിടയിൽ ജീവിച്ച അദ്ദേഹം അവസാനം ന്യൂമോണിയ ബാധിതനായി മരിച്ചത് 1910ൽ മോസ്കോയ്ക്ക് അടുത്തുള്ള അസ്തപ്പോവോ റെയിൽവേ സ്റ്റേഷനിലാണ്. ഇപ്പോഴിതിന്റെ പേര് ലിയോ ടോൾസ്റ്റോയ് റെയിൽവേ സ്റ്റേഷൻ എന്നാണ്. ശേഷം മൃതദേഹം യാസ്നായ പോളിയാനയിൽ എത്തിച്ച് അടക്കി. ടോൾസ്റ്റോയ് പറഞ്ഞ പ്രകാരം കാട്ടുമരങ്ങൾക്കിടയിൽ ആറടി മണ്ണിൽ. 

മൂന്നു വീടുകളാണ് യാസ്നായ പോളിയാനയിലുള്ളത്– ഹൗസ് ഓഫ് ടോൾസ്റ്റോയ്, കുസ്മിൻസ്കി വിങ്, വോൾകോൻസ്കി വിങ്. വീടു തന്നെ പ്രധാന ആകർഷണം. 

ടോൾസ്റ്റോയ് യുദ്ധവും സമാധാനവും അന്ന കരനിനയും എഴുതിയത് ഈ വീട്ടിലിരുന്നാണ്. ആ എഴുത്തു മേശ അതുപോലെ സംരക്ഷിച്ചിരിക്കുന്നു. ചെറിയ കൈയക്ഷരങ്ങളിൽ എഴുതിയിരുന്ന ടോൾസ്റ്റോയ് എന്നു വൈകിട്ട് അത് ഭാര്യ സോഫിയയ്ക്കു നൽകും–വൃത്തിയായി മാറ്റിയെഴുതാൻ. അങ്ങനെ യുദ്ധവും സമാധാനവും ക്ഷമാശീലയായ ഭാര്യ ഏഴു പ്രാവശ്യം മാറ്റിയെഴുതി. ടോൾസ്റ്റോയിയുടെ 13 മക്കളും പിറന്നത് ഇവിടെവച്ചാണ്. എല്ലാവരും ടോൾസ്റ്റോയ് പിറന്ന അതേ തുകൽ സോഫയിൽ തന്നെ. ആ സോഫയും ഇവിടെയുണ്ട്. ആന്റൺ ചെഖോവ്, ഇവാൻ തുർഗനേവ്, മാക്സിം ഗോർക്കി തുടങ്ങിയ റഷ്യൻ സാഹിത്യകാരൻമാരെല്ലാം ടോൾസ്റ്റോയി താമസിച്ചിരുന്ന കാലത്ത് സന്ദർശകരായി യാസ്നായ പോളിയാനയിലെത്തിയിരുന്നു. 

ടോൾസ്റ്റോയിയുടെ മരണശേഷം വീട് സോവിയറ്റ് സർക്കാർ ദേശസാൽക്കരിച്ച് മ്യൂസിയമാക്കി. 1941ൽ രണ്ടാം ലോകമഹായുദ്ധ‌കാലത്ത് ജർമൻകാർ 45 ദിവസം ഇവിടെ കയ്യേറി. ടോൾസ്റ്റോയ് വീടിനെ അവരൊരു ആശുപത്രിയാക്കി മാറ്റി. യുദ്ധത്തിൽ മരണമടഞ്ഞ പല ജർമൻ പട്ടാളക്കാരും അന്ത്യവിശ്രമം കൊള്ളുന്നത് ടോൾസ്റ്റോയിക്കു ചുറ്റുമായിട്ടു തന്നെ. ടോൾസ്റ്റോയിയുടെ മകൾ അലക്സാന്ദ്രയായിരുന്നു പിന്നീട് വീണ്ടെടുത്ത മ്യൂസിയത്തിന്റെ മേധാവി. ഇപ്പോൾ ടോൾസ്റ്റോയ് പരമ്പരയിലുള്ള വ്ലാദിമിർ ടോൾസ്റ്റോയ് ആണ് ഡയറക്ടർ. 

ടോൾസ്റ്റോയിയുടെ വീട്ടിൽനിന്ന് മടങ്ങും വഴിയാണ് മൊബൈലിൽ ന്യൂസ് അലർട്ട് കണ്ടത്: സ്പെയിൻ ടീം കോച്ച് ജൂലൻ ലോപറ്റെഗിയെ പുറത്താക്കി. 

കരനിനയുടെ ആദ്യ വരിയായി ടോൾസ്റ്റോയി എഴുതിയതാണ് ഓർമ വന്നത്: ‘‘എല്ലാ സന്തുഷ്ട കുടുംബങ്ങളും ഒരേ കാരണങ്ങളാൽ സന്തുഷ്ടരാണ്. എല്ലാ അസന്തുഷ്ട കുടുംബങ്ങളും അവരുടേതായ കാരണങ്ങളാൽ അസന്തുഷ്ടരാണ്.’’ കുടുംബം എന്നിടത്ത് ‘ടീം’ എന്നു വായിച്ചാൽ മതി. ലോകകപ്പിനെത്തിയ ടീമുകളുടെ അവസ്ഥ മനസ്സിലാകും!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA