സ്ത്രീകൾ ഒറ്റയ്ക്കൊരു വീടുപണിയുന്നു...

women-building-house
SHARE

നിർമാണമേഖലയിൽ സഹായികളായി സ്ത്രീകൾ  ഉണ്ടാകാറുണ്ടെങ്കിലും മുഴുവൻ ജോലികളും അവർ തന്നെ ചെയ്യുന്നത് അപൂർവമാണ്. അത്തരത്തിലെ‍ാരു പ്രവർത്തിയിലാണ് 22 സ്ത്രീകളുള്ള ഇൗ കൂട്ടായ്മ. ഒരു വീടിന്റെ നിർമാണ പ്രവർത്തികൾ എല്ലാം ഏറ്റെടുത്ത് നടത്തുകയാണ് സ്തീകൾ. ലൈഫ് മിഷന്റെ പദ്ധതിയുടെ ഭാഗമായുള്ള വീടാണ് ഇൗ സംഘം നിർമിക്കുന്നത്. അടിത്തറ മുതൽ പെയിന്റിങ് വരെയുള്ള മുഴുവൻ ജോലികളും ചെയ്യുന്നതു സ്ത്രീകൾ തന്നെ. 

women-house

പുത്തൂർവയൽ  ഗ്രാമീണ സ്വയംതെ‍ാഴിൽ പരിശീലന കേന്ദ്രത്തിൽ പരിശീലനം നേടിയ വനിതകളാണ് മുട്ടിൽ മാണ്ടാട് പഴശ്ശി കോളനിയിൽ  വീട് നിർമിക്കുന്നത്. വീടിന്റെ സ്ഥലം ഒരുക്കുന്നതു മുതലുള്ള പ്രവർത്തികൾ ചെയ്യുന്നത് ഇവരാണ്. നിലവിൽ വീട് മേൽക്കൂര വരെ നിർമിച്ചു കഴിഞ്ഞു. വെറും 53 ദിവസമാണ് ഇവർ ഇൗ വീട് നിർമിക്കുന്നതിനായി നീക്കി വയ്ക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി കുടുംബശ്രീ മുഖേന നിർമാണത്തിൽ താൽപര്യമുള്ള വനിതകളെ കണ്ടെത്തുകയായിരുന്നു. മീനങ്ങാടി, നെന്മേനി, പടിഞ്ഞാറത്തറ, കോട്ടത്തറ തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നുള്ളവരാണ്.

നിർമാണ മേഖലയിലെ വിവിധ ഘട്ടങ്ങളിൽ ക്ലാസുകളിലൂടെ പരിശീലനവും തുടർന്ന് മേഖലയിലെ മികച്ചവരുടെ കൂടെ നിർമാണ പ്രവർത്തികൾ നടത്തിയുമാണ് വനിതകൾ നിർമാണ മേഖലയിലെത്തിയത്.  ഇൗ പരിശീലനമെല്ലാം ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രവും കുടുംബശ്രീയും ചേർന്നാണ് ഇവർക്ക് നൽകുന്നത്. നിർമാണ മേഖലയിൽ  ലൈഫ് മിഷന്റെ കൂടുതൽ വീടുകൾ നിർമിക്കുകയെന്ന ലക്ഷ്യവും മുൻനിർത്തിയാണ് കുടുംബശ്രീയും ഗ്രാമീണ തെ‍ാഴിൽ പരിശീലന കേന്ദ്രവും സംയുക്തമായി വനിതകളെ നിർമാണ മേഖലയിലേക്ക് എത്തിച്ചിരിക്കുന്നത്. പൂത്തൂർവയലിലെ പരിശീലന കേന്ദ്രത്തിൽ ആഭരണ നിർമാണം, ഫോൺ റിപ്പയറിങ്, ബ്യൂട്ടീഷ്യൻ കോഴ്സ് തുടങ്ങി നിരവധി മേഖലകളിലും പരിശീലനം നൽകുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA