ദുബായിക്ക് കടുത്ത എതിരാളിയായി ഖത്തർ, ഭാവിയുടെ നഗരം ഒരുങ്ങുന്നു!

qatar-city1
SHARE

നഗരാസൂത്രണത്തിൽ സ്വയം മത്സരിക്കുന്ന നഗരിയാണ് ദുബായ്. ലോകത്തെ നിർമാണവിസ്മയങ്ങളിൽ ഭൂരിഭാഗവും സ്ഥിതിചെയ്യുന്നതും ഇവിടെത്തന്നെ. എന്നാൽ ദുബായിക്ക് കടുത്ത എതിരാളിയായി ഖത്തർ ഉയർന്നു വരികയാണ്. അടുത്ത തവണത്തെ ലോകകപ്പ് ഫൈനൽ നടക്കുക ഖത്തറിലെ ഭാവി നഗരത്തിലാണ്, ലുസെയ്‌ൽ നഗരത്തിൽ. പൂർണമായും ആസൂത്രിത നഗരമായ ലുസെയ്‌ലിന്റെ നിർമാണം ഇപ്പോൾ പുരോഗമിക്കുകയാണ്. ദോഹയിൽനിന്ന് 20 കി.മീ. തെക്കോട്ടു മാറി, തീരത്തോടു ചേർന്നുകിടക്കുന്ന സ്ഥലത്താണു ലുസെയ്‌ൽ നഗരം വികസിപ്പിക്കുന്നത്. ആധുനിക നഗരമെന്ന ആശയത്തിനും അപ്പുറത്താണു ലുസെയ്‌ൽ എന്ന ഭാവിയുടെ നഗരം. 

qatar-overview

2022ലെ ലോകകപ്പിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായി മാറുക ഈ നഗരമായിരിക്കും. ഏറ്റവും മികച്ച രാജ്യാന്തര നിലവാരം പുലർത്തുന്ന 22 ഹോട്ടലുകളാണു ലുസെയ്‌ൽ നഗരത്തിൽ നിർമിക്കുന്നത്. ലോകകപ്പ് മൽസരങ്ങൾ നടക്കുന്ന പ്രധാന സ്റ്റേഡിയത്തിനു പുറമെ, ഫിഫയുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള അഞ്ചു പരിശീലന മൈതാനങ്ങളും ലുസെയ്‌ലിൽ നിർമിക്കുന്നു. ഖത്തറിലെ ആദ്യത്തെ സുസ്ഥിര നഗരമാണു ലുസെയ്‌ൽ. ബീച്ച്, താമസ മേഖലകൾ, ദ്വീപ് റിസോർട്ടുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ആഡംബര ഷോപ്പിങ് മാളുകൾ, ആശുപത്രികൾ, വിനോദ കേന്ദ്രങ്ങൾ, എന്റർടെയ്ൻമെന്റ് പാർക്കുകൾ, ഗോൾഫ് കോഴ്സ്, മനുഷ്യനിർമിത ദ്വീപുകൾ... തുടങ്ങി ഒരു ആധുനിക നഗരത്തിന്റെ പ്രതീക്ഷയ്ക്കെല്ലാം അപ്പുറത്താണു ലുസെയ്‌ൽ. 

നഗര ഗതാഗതത്തിനായി ലുസെയ്‌ൽ ട്രാം. ട്രാം പരീക്ഷണ ഓട്ടം ആരംഭിച്ചുകഴിഞ്ഞു. ട്രാമിനെ മെട്രോ വഴി ദോഹ നഗരവുമായി ബന്ധിപ്പിക്കും. 38 ചതുരശ്ര കി.മീ. വിസ്തീർണമുള്ള ലുസെയ്‌ൽ നഗരത്തിൽ നാലു ദ്വീപുകളാണുള്ളത്. പൂർണ സജ്ജമാകുന്നതോടെ 4.50 ലക്ഷം ജനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് ഈ നഗരത്തിനുണ്ടാവുക. 

qatar-city

നിർമാണം പൂർത്തിയാവുന്നതോടെ യഥാർഥ ‘സ്മാർട് സിറ്റി’യാവുമിത്. അത്യാധുനിക സാങ്കേതികവിദ്യയിൽ നഗരവും നഗരവാസികളും മറ്റു സംവിധാനങ്ങളുമെല്ലാം ‘കണക്റ്റഡാ’വുന്ന അപൂർവം നഗരങ്ങളിലൊന്ന്. ലുസെയ്‌ൽ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലൂടെ(എൽസിസിസി) നഗരം മുഴുവൻ നിയന്ത്രിക്കാനാവും. ശരിക്കു പറഞ്ഞാൽ ലുസെയ്‌ലിന്റെ ഹൃദയമാണ് എൽസിസിസി.  

ഖത്തർ ദേശീയ ദർശന രേഖ 2030ന്റെ അടിസ്ഥാനത്തിലാണു ലുസെയ്‌ൽ നഗരം വികസിപ്പിക്കുന്നത്. ഖത്തരി ദിയാർ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് കമ്പനിക്കാണു നഗരവികസനത്തിനുള്ള ചുമതല. 80,000 കാണികളെ ഉൾക്കൊള്ളാനുള്ള ശേഷിയാണു ലുസെയ്‌ൽ സ്റ്റേഡിയത്തിനുണ്ടാവുക. നിർമാണം പുരോഗമിക്കുന്ന സ്റ്റേഡിയത്തിന്റെ പടിഞ്ഞാറു ഭാഗത്തെ സ്റ്റാൻഡ് 75% പൂർത്തിയായിക്കഴിഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA