sections
MORE

കൊച്ചി ഡാ! അഭിമാനിക്കാം ഈ നേട്ടത്തിൽ

cial
SHARE

നൂറു കിലോവാട്ട്  ശേഷിയുള്ള സൗരോർജ പാനലുകൾ സ്ഥാപിച്ച് സിയാലിൽ 2013ൽ ആരംഭിച്ച ഊർജോൽപ്പാദന സംരംഭങ്ങളുടെ ഇപ്പോഴത്തെ  സ്ഥാപിത സൗരോർജ ശേഷി 40 മെഗാവാട്ട് ! ധീരമായ പരീക്ഷണങ്ങളിലൂടെയുള്ള ഊർജോൽപാദന മുന്നേറ്റങ്ങൾക്ക് ഇതാ ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം.

അടിസ്ഥാന സൗകര്യ വികസനത്തിലും പ്രവർത്തനങ്ങളിലും എന്നും പുതുമകൾ സൃഷ്ടിക്കുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി (സിയാൽ)ക്ക് ആഗോളതലത്തിലെ അംഗീകാരമായി ഐക്യരാഷ്ട്ര സംഘടനയുടെ 2018ലെ ചാംപ്യൻ ഓഫ് എർത്ത് പുരസ്കാരം. സർക്കാർ നിയന്ത്രണത്തിലാണെങ്കിലും ധീരമായ പരീക്ഷണങ്ങൾ നടത്താനും അതു  വിജയകരമായി നടപ്പാക്കാനായതുമാണ് സിയാലിന്റെ ഊർജോൽപാദന മേഖലയിലെ മുന്നേറ്റത്തിനും ലോകത്തിനു തന്നെ മാതൃകയാകുന്ന തരത്തിൽ സൂര്യശോഭയിൽ പ്രകാശിക്കാൻ കഴിയുന്നതിനും കാരണമായത്. 

സൗരോർജത്തിലേക്കുള്ള കാൽവയ്പ്

2013ൽ പഴയ രാജ്യാന്തര ടെർമിനലിന്റെ അറൈവൽ ബ്ലോക്കിനു മുകളിൽ 100 കിലോവാട്ട് ശേഷിയുള്ള പാനലുകൾ സ്ഥാപിച്ചായിരുന്നു സിയാൽ സൗരോർജ രംഗത്തേക്കുള്ള പടികൾ ചവിട്ടിയത്. തുടർന്ന് ഏവിയേഷൻ അക്കാദമി പരിസരത്തു പ്ലാന്റ് സ്ഥാപിച്ചു. 2015ൽ കാർഗോ പരിസരത്ത് 12 മെഗാവാട്ട് ശേഷിയുള്ള കൂറ്റൻ പ്ലാന്റ് സ്ഥാപിച്ചതോടെ സിയാൽ ഊർജ സ്വയംപര്യാപ്തത കൈവരിച്ചു. ആ വർഷം തന്നെ സമ്പൂർണമായി സൗരോർ‌ജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളമെന്ന ഖ്യാതി കൂടി സിയാലിന്റെ പേരിനൊപ്പം ചാർത്തപ്പെട്ടു. അതേസമയം  പുതിയ ടെർമിനലുകൾ നിർമിക്കുകയും പഴയവ നവീകരിക്കുകയും ചെയ്തതോടെ വിമാനത്താവളത്തിന്റെ ഊർജാവശ്യങ്ങൾ കുതിച്ചുയർന്നു. കഴിഞ്ഞ വർഷം 15 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ രാജ്യാന്തര ടെർമിനൽ പ്രവർത്തനം തുടങ്ങിയതോടെ വിമാനത്താവളത്തിന്റെ പ്രതിദിന ഊർജ ഉപഭോഗം 1.1 ലക്ഷം യൂണിറ്റായി ഉയർന്നു.  

      

ചെങ്ങൽത്തോട്ടിൽ രണ്ട് കിലോമീറ്റർ ദൈർഘ്യത്തിൽ 

വിമാനത്താവള റൺവേയുടെ തെക്കു വശത്തുള്ള ചെങ്ങൽത്തോടിന്റെ കരകളിൽ സ്ഥാപിച്ച കോൺക്രീറ്റ് തൂണുകളുടെ മുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്ന ജോലി അന്തിമ ഘട്ടത്തിലാണ്. അടുത്ത മാസം ഇതും പൂർത്തിയാകും. ആറു മെഗാവാട്ട് ആണ് ഇതിന്റെ ശേഷി. 

രണ്ടു കിലോമീറ്റർ ദൈർഘ്യത്തിലാണു പ്ലാന്റ് സ്ഥാപിച്ചത്. പ്രതിദിനം 24,000 യൂണിറ്റ് വൈദ്യുതി ഇവിടെനിന്നു ലഭിക്കും.  

കറങ്ങും സോളർ

സാധാരണ തെക്കോട്ടാണു സൗരോർജ പാനലുകൾ ചരിച്ചുവയ്ക്കുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇതു സാധ്യമാകില്ല. ഈ പ്രശ്‌നം പരിഹരിക്കാൻ സൂര്യന്റെ ചലനത്തിനൊപ്പം ദിശമാറുന്ന ട്രാക്കിങ് പാനലുകളും മധ്യ-വടക്കു ദിശകളിലുള്ള പാനലുകളും സിയാൽ സ്ഥാപിച്ചിട്ടുണ്ട്. 

കെഎസ്ഇബിക്കു നൽകുന്നത് പ്രതിദിനം 30,000 യൂണിറ്റ് വൈദ്യുതി

പൂർണമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളമെന്ന ഖ്യാതി നിലനിർത്തണമെങ്കിൽ കൂടുതൽ സൗരോർജ സാധ്യതകൾ സിയാലിനു  കണ്ടെത്തേണ്ടതായി വന്നു. അതോടെ  വിമാനത്താവളത്തിൽ വെളിച്ചം കിട്ടുന്ന എവിടെയും സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ സിയാൽ ഉപയോഗപ്പെടുത്തുകയായിരുന്നു. മേൽക്കൂരകൾ, ഹാംഗർ, കാർഗോ പരിസരങ്ങൾ, കാർപോർട്, കനാൽ എന്നിവയ്ക്കു പുറമേ, റൺവേയുടെ തെക്കു പടിഞ്ഞാറേ ഭാഗത്തും സൗരോർജ പാനലുകൾ സ്ഥാപിച്ചു. വിമാനത്താവള ടെർമിനലുകളുടെ മുൻഭാഗത്തു വെറുതെ കിടക്കുന്ന സ്ഥലങ്ങളിലും പാനലുകൾ സ്ഥാപിക്കുകയാണ്. ഇവയെല്ലാം അടുത്ത മാസം പ്രവർത്തനക്ഷമമാകുന്നതോടെ സിയാലിന്റെ മൊത്തം സൗരോർജ സ്ഥാപിതശേഷി 40 മെഗാവാട്ട് ആകും. പ്രതിദിനം 1.6 ലക്ഷം യൂണിറ്റ് വൈദ്യുതി ഇതിൽനിന്നു സിയാലിനു ലഭിക്കും. വിമാനത്താവളത്തിന്റെ പ്രതീക്ഷിക്കുന്ന പ്രതിദിന ഊർജ ഉപഭോഗമായ 1.3 ലക്ഷം യൂണിറ്റ് കഴിഞ്ഞ് 30,000 യൂണിറ്റ് വൈദ്യുതിയെങ്കിലും സിയാലിനു കെഎസ്ഇബിക്കു കൈമാറാൻ കഴിയും. 

ലോകത്തെ വലിയ കാർപോർട്

നിലവിൽ ലോകത്തെ വലിയ കാർപോർട് ജർമനിയിലെ വീസ് എയർപോർട്ടിലേതാണ്. അടുത്ത മാസം സിയാൽ ഇതിനെ മറികടക്കും. 

പുതിയ രാജ്യാന്തര ടെർമിനലിനു മുന്നിലെ കാർപാർക്കിങ് ഏരിയ മുഴുവൻ സിയാൽ മേൽക്കൂര സ്ഥാപിക്കുകയും ഇവിടെ സൗരോർജ പാനലുകൾ സ്ഥാപിക്കുകയും ചെയ്തു. 1400 കാറുകൾക്കു പാർക്ക് ചെയ്യാം. 2.7 മെഗാവാട്ട് വൈദ്യുതിയും ഇവിടെനിന്നു ലഭിക്കും.

അണിഞ്ഞൊരുങ്ങുന്ന പുതിയ ആഭ്യന്തര ടെർമിനലിനു മുന്നിലും ഇത്തരത്തിൽ കാർപോർ‌ട് ഒരുങ്ങുകയാണ്. അടുത്ത മാസം ഇതും പൂർത്തിയാകുന്നതോടെ 3000 കാറുകൾക്കു പാർക്ക് ചെയ്യാവുന്ന കാർപോർട്ടായി ഇതു മാറും. ഇവിടെനിന്നുള്ള വൈദ്യുതോൽപ്പാദനം 5.1 മെഗാവാട്ട് ആകും. 

രാജ്യാന്തര അംഗീകാരങ്ങൾ

സിയാലിന്റെ ഹരിത സംരംഭങ്ങൾ തുടക്കം മുതൽ രാജ്യാന്തര ശ്രദ്ധയാകർഷിച്ചിരുന്നു. ഘാന, ബുർക്കിനഫാസോ, ടാഗോ, ലൈബീരിയ തുടങ്ങിയ രാജ്യങ്ങൾ സമാന സംരംഭങ്ങൾ തുടങ്ങാൻ സിയാലിന്റെ സഹകരണം തേടിയിരുന്നു. ഇതിൽ ഘാനയുമായി മൂന്നു വിമാനത്താവളങ്ങളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള കരാർ ഒപ്പിട്ടു. ഇക്കഴിഞ്ഞ മേയിൽ കൊച്ചി വിമാനത്താവളം സന്ദർശിച്ച ഐക്യരാഷ്ട്ര സംഘടനയുടെ ആഗോള പരിസ്ഥിതി മേധാവിയും യുഎൻഇപി എക്സിക്യൂട്ടീവ് ഡയറക്ടറുമായ എറിക് സ്ലോഹെമിന്റെ നേതൃത്വത്തിൽ എത്തിയ സംഘം കൊച്ചി വിമാനത്താവളം ലോകത്തിനു മാതൃകയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ യുഎന്നിന്റെ പരമോന്നത പരിസ്ഥിതി പുരസ്കാരത്തിനിടയാക്കിയതും അദ്ദേഹത്തിന്റെ സന്ദർശനമായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA