ഇത് ദുബായിക്കുള്ള ചൈനയുടെ മറുപടിയോ?

china-building
SHARE

ചൈന കുതിക്കുകയാണ്. ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലം, ലോകത്തെ ഏറ്റവും വലിയ റേഡിയോ ടെലസ്കോപ് സ്റ്റേഷൻ, ഹൈപ്പർലൂപ് അടക്കമുള്ള ഭാവി ഗതാഗത സംവിധാനങ്ങളുടെ നിർമാണം, ചലനാത്മകമായ റിയൽ എസ്റ്റേറ്റ് മേഖല...മറ്റു മേഖലയിലെന്നപോലെ ചൈന ഒരു ആഗോള ശക്തിയായി മാറുന്നത് അവിടുത്തെ നിർമാണ മേഖലയിലും പ്രകടമാണ്.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ നിരവധി നിർമാണ വിസ്മയങ്ങളാണ് ചൈനയിൽ ഉയർന്നത്. അക്കൂട്ടത്തിൽ പുതിയതാണ് ലോകത്തെ ഏറ്റവും വലിയ കൃത്രിമ വെള്ളച്ചാട്ടവുമായി ഉയർന്ന ഒരു കെട്ടിടം!  

water-fall-china

ചൈനയിലെ ഗ്വാങ് പ്രവിശ്യയിലാണ് ഈ കെട്ടിടം. ലീബിയൻ ഇന്റർനാഷണൽ പ്ലാസ എന്നുപേരിട്ട ഈ കെട്ടിടത്തിന് 121 മീറ്റർ ഉയരമുണ്ട്. ഒരു ആഡംബര ഹോട്ടലും, ഷോപ്പിങ് മാളും, ഓഫിസുകളും ഇതിനുള്ളിൽ പ്രവർത്തിക്കുന്നു.108 മീറ്ററാണ് (354 അടി) വെള്ളച്ചാട്ടത്തിന്റെ ഉയരം. ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള സോളാർ സിറ്റി ടവറിൽ നിന്നാണ് ലീബിയൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.  

water-fall-building

കെട്ടിടത്തിന്റെ മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം താഴെയുള്ള ഭീമൻ ഭൂഗർഭ ടാങ്കിൽ സംഭരിക്കുന്നു. ഈ വെള്ളം 185 കിലോവാട്ട് ശക്തിയുള്ള നാലു മോട്ടറുകൾ ഉപയോഗിച്ചാണ് മുകളിലേക്ക് എത്തിക്കുന്നത്. എന്നാൽ ഉയർന്ന പ്രവർത്തന ചെലവ് കാരണം വെള്ളച്ചാട്ടത്തിന്റെ പ്രവർത്തനം വിശേഷ അവസരങ്ങളിലേക്ക് പരിമിതപ്പെടുത്താനാണ് അധികൃതരുടെ  തീരുമാനം. അനാവശ്യമായി പ്രകൃതി സ്രോതസുകൾ ചൂഷണം ചെയ്യുന്നു എന്ന ആരോപണവുമായി കെട്ടിടത്തിനെതിരെ ചൈനയിൽ ഒരു വിഭാഗം പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു എന്നത് മറുവശം.

Burj_Khalifa-11-12

ഇടക്കാലത്ത് നിർമാണം നിർത്തിവച്ചെങ്കിലും ചൈനയിലെ ഏറ്റവും വലിയ കെട്ടിടം എന്ന ഖ്യാതിയുമായി ഉയരുന്ന സോഗ്‌നൻ സെന്റർ എന്ന അംബരചുംബി അടക്കം നിരവധി നിർമാണവിസ്മയങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് വാർത്ത. 

burj-khaleefa

പലതരത്തിലുള്ള അംബരചുംബികൾ ദുബായിൽ ഉണ്ടെങ്കിലും ഇത്തരമൊരു സാധ്യത അവർ പരിഗണിച്ചില്ല എന്നതാണ് അദ്ഭുതം. എന്നാൽ നിർമാണവിസ്മയങ്ങളുടെ നഗരി എന്ന പദവി വിട്ടുകൊടുക്കാൻ ദുബായിയും തയാറല്ല. ഉയരത്തിൽ ബുർജ് ദുബായിയെ മറികടക്കുന്ന ദുബായ് ക്രീക്ക് അടക്കം പത്തോളം നിർമാണപദ്ധതികൾ ദുബായിലും പുരോഗമിക്കുകയാണ്. ചുരുക്കത്തിൽ നിർമാണമേഖലയിൽ അടക്കം ഒന്നാം സ്ഥാനത്തിനായുള്ള കടുത്ത കിടമത്സരങ്ങൾക്കായിരിക്കും 2020 മുതൽ ലോകം സാക്ഷ്യം വഹിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA